ടൗണിലെ മാലിന്യക്കൂമ്പാരത്ത് ഇപ്പോൾ പൂവസന്തം

To advertise here,

നട്ട് പരിപാലിച്ചത് ചുമട്ടുതൊഴിലാളികൾ

ഉപ്പുതറ : കുന്നുകൂടിയ മാലിന്യത്തിന്റെ കഥ ഇനി മേരികുളം ടൗണിന്‌ പറയാനില്ല. പകരം അവിടെ ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലി പൂക്കൾ പൂത്തുനിൽക്കുന്നു. മാലിന്യക്കൂമ്പാരത്തെ പൂങ്കാവനമാക്കിയത് ടൗണിലെ ചുമട്ടുതൊഴിലാളികളാണ്.

കട്ടപ്പന-കുട്ടിക്കാനം മലയോരപാതയിൽ മേരികുളം ടൗണിലാണ് കാലങ്ങളായി ഖരമാലിന്യങ്ങൾ ആളുകൾ തള്ളിയിരുന്നത്. ഇതിന് സമീപത്താണ് 22 ചുമട്ടുതൊഴിലാളികളുടെ വിശ്രമകേന്ദ്രം. പണിയെടുത്ത് തളർന്ന അവർ അവിടെയാണ് കുറച്ചുനേരം ഇരിക്കുന്നത്. മുതിർന്ന ചുമട്ടുതൊഴിലാളി ബേബിയുടെ മനസ്സിൽ ആശയം വിരിഞ്ഞു. മാലിന്യക്കൂമ്പാരം നീക്കി അവിടെ പൂച്ചെടികൾ വളർത്താം.

ബേബിയും സെബാസ്റ്റ്യനും ചേർന്ന് അവിടമെല്ലാം വൃത്തിയാക്കി. സുരേഷ് കുമാർ ചെണ്ടുമല്ലിയുടെ തൈകൾ എത്തിച്ചു. എല്ലാവരും ചേർന്ന് തൈകൾ നട്ടുനനച്ച് പരിപാലിച്ചു. കള പറിക്കാനും വളമിടാനും ചകിരിവിരിച്ച് വെള്ളം നനയ്ക്കാനും ഇവർ സമയം കണ്ടെത്തി. ‘ഈ പൂക്കൾ വിൽക്കാനല്ല. ഇത് സന്ദേശമാണ്. ഇവിടെ മാലിന്യം തള്ളിയാൽ ഞങ്ങൾ പൊറുക്കില്ല’- തൊഴിലാളികൾ ഒറ്റക്കെട്ടായി പറയുന്നു.