അരൂർ : ചന്തിരൂർ പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ, ബൈക്കിലും വൈദ്യുതത്തൂണിലും മറ്റൊരു കാറിലുമിടിച്ച് മറിഞ്ഞു. അപകടത്തിൽ ബൈക്കിൽ യാത്രചെയ്തിരുന്ന ചന്തിരൂർ കുന്നേൽ വീട്ടിൽ ഇബ്രാഹിംകുട്ടി (43)ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ പടിഞ്ഞാറേ ദേശീയപാതയിലായിരുന്നു അപകടം. ഇബ്രാഹിംകുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും കാറും. പാലം ഇറങ്ങിവരവെ 113-ാം നമ്പർ തൂണിന് സമീപത്തുവെച്ച് കാർ, വലതുഭാഗത്തുകൂടി പോകുകയായിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇടതുഭാഗത്തേക്ക് നീങ്ങിയ കാർ 50 മീറ്റർ മുന്നിലുള്ള വൈദ്യുതത്തൂണിലിടിച്ച് സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചശേഷം മറിയുകയായിരുന്നു. ഇരുമ്പിന്റെ വൈദ്യുതി പോസ്റ്റിന്റെ അടിഭാഗം ഇടിയുടെ ആഘാതത്തിൽ വളഞ്ഞു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

എതിർദിശയിൽനിന്ന് വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ കാഴ്ചമങ്ങിയതാണ് അപകടകാരണമെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇതുമൂലം റോഡരികിൽ ​െവച്ച ബാരിക്കേഡ് ഡ്രൈവർ കാണാതെപോകുകയായിരുന്നു. ഇതിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. പരിക്കേറ്റ ഇബ്രാഹിംകുട്ടി മക്ക ഐസ് പ്ലാന്റ് ഓപ്പറേറ്ററാണ്. രാത്രി ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.