ഉടുമ്പന്നൂർ : നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഉടുമ്പന്നൂർ ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ കുടിവെള്ളം എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിലൂടെ പഞ്ചായത്തിന് വലിയ നഷ്ടമുണ്ടായതായി എൽ.ഡി.എഫ്. ആരോപിച്ചു.

To advertise here,

കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതിയുടെ കാലത്താണ് പദ്ധതി ആരംഭിച്ചത്. സർക്കാർ ഹോമിയോ ഡിസ്പെൻസറി, നൃത്തവിദ്യാലയം, ലയൺസ് ക്ലബ്, പബ്ലിക് ലൈബ്രറി എന്നിവയുൾപ്പെടെ 12 സ്ഥാപനങ്ങളും ഒരു പൊതു ശൗചാലയവുമാണ് ഷോപ്പിങ് കോംപ്ലക്സിലുള്ളത്. ഇവിടേക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് സ്ഥിരമായ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.

മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമാക്കി ഉടുമ്പന്നൂർ തോടിന്റെ പുറമ്പോക്കിൽ വലിയ കിണർ നിർമിച്ച് മോട്ടോർ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇവിടെനിന്ന് വെള്ളം പമ്പ്ചെയ്ത് ഷോപ്പിങ്‌ കോംപ്ലക്സിൽ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി 5,63,674 രൂപ വകയിരുത്തുകയും കിണറിന്റെ നിർമാണം പൂർത്തിയാക്കുകയുംചെയ്തു.

എന്നാൽ, ഭരണസമിതി മാറി യു.ഡി.എഫ്. അധികാരത്തിലെത്തിയതോടെ മോട്ടോറും പൈപ്പ് ലൈനും സ്ഥാപിക്കാൻ തയ്യാറാകാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. നിലവിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറിൽനിന്ന് വാടക നൽകിയാണ് ഷോപ്പിങ്‌ കോംപ്ലക്സിലേക്ക് വെള്ളം എത്തിക്കുന്നത്. ഇത് പഞ്ചായത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും എൽ.ഡി.എഫ്. ചൂണ്ടിക്കാട്ടി.

പാതിവഴിയിൽ ഉപേക്ഷിച്ച കുടിവെള്ളപദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്ന് സി.പി.എം. ഉടുമ്പന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.പി. പ്രസാദ് ആവശ്യപ്പെട്ടു.