ടാങ്ക് തയ്യാർ, പൈപ്പുകൾ പെരുവഴിയിൽ

To advertise here,

പെരുമ്പാവൂർ : വേനലായാലും മഴയായാലും വെങ്ങോലയിൽ കുടിവെള്ളം കിട്ടാക്കനിയാണ്. ജൽജീവൻ പദ്ധതിയിൽ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സംഭരണി അറയ്ക്കപ്പടി ഓണംവേലി ഭാഗത്ത് പണിതീർന്നിട്ടും അതിലേക്ക് പമ്പിങ് ലൈൻ വലിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പെരുമ്പാവൂരിലെ ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിൽ നിന്ന് വെങ്ങോലയിലെ സംഭരണിയിലേക്കുള്ള കാലഹരണപ്പെട്ട വിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കുന്നതിന് പുതിയ പൈപ്പുകൾ ഇറക്കിയിട്ടിട്ട് മൂന്ന് കൊല്ലത്തിലധികമായി. റോഡ് കുത്തിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ സമവായത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എം.എൽ.എ.യും ജില്ലാ കളക്ടറും ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ആലുവ-മൂന്നാർ റോഡിലുൾപ്പെടെ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ ഗതാഗത തടസ്സമുണ്ടാക്കുകയാണ്.

വെങ്ങോല, രായമംഗലം പഞ്ചായത്തുകളിലേക്ക് മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വേണ്ട സംഭരണശേഷിയുള്ളതാണ് ജൽജീവൻ മിഷന്റെ പുതിയ സംഭരണി. പെരിയാറിൽനിന്ന് പമ്പ് ചെയ്ത് പെരുമ്പാവൂരിലെ പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷമാണ് വെങ്ങോലയിലേക്ക്‌ വെള്ളം എത്തിക്കുന്നത്. ചുണ്ടമലയിലെ സംഭരണിയിൽ നിന്നും വെങ്ങോല പഞ്ചായത്തിലെ പലഭാഗങ്ങളിലേക്കും ഒന്നിടവിട്ട ദിവസങ്ങളിൽ വിതരണം ചെയ്തുവരുന്ന കുടിവെള്ളം ദിവസങ്ങളോളം കിട്ടാത്ത അവസ്ഥയാണ്.

പങ്കിമല, അല്ലപ്ര, പെരുമാനി, ചുണ്ടമല, പൂമല, നെടുമല ഭാഗങ്ങളിൽ വരൾച്ച രൂക്ഷമാണ്. കുടിവെള്ള വിതരണത്തിന് സ്ഥാപിച്ച ജീർണിച്ച പഴയ പൈപ്പുകൾ പൊട്ടുന്നതും ഇടയ്ക്കിടക്ക് വൈദ്യുതി മുടക്കവും പമ്പിങ്‌ തടസ്സപ്പെടുന്നതിന്‌ കാരണമായി പറയുന്നു. പദ്ധതി പൂർത്തിയാകുന്നതുവരെ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം ബേസിൽ കുര്യാക്കോസ് മുഖ്യമന്ത്രിക്കും തദ്ദേശ -ജലവിഭവ മന്ത്രിമാർക്കും നിവേദനം നൽകി.

വിഷയം തുടർനടപടികൾക്കു വേണ്ടി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.