തൃപ്പൂണിത്തുറ: കഥകളി, മോഹിനിയാട്ടം, സംഗീതം, ബാലെ, നാടകം, കഥാപ്രസംഗം തുടങ്ങിയ കലകളിൽ അരങ്ങുവാണ മഹാരഥൻമാരുടെ മണ്ണ്. ദേശീയ പുരസ്കാരങ്ങൾ ഇപ്പോഴും തൃപ്പൂണിത്തുറയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. വിവിധ കലകളുടെ കേദാരമാണ് തൃപ്പൂണിത്തുറ.
എന്നിട്ടും കലകളുടെ അവതരണത്തിനായി, കാലഘട്ടത്തിനനുയോജ്യമായ ഒരു പൊതു ഇടം ഇവിടെയില്ല എന്നതാണ് ഖേദകരം. കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായർ, മോഹിനിയാട്ടത്തിന്റെ തറവാട്ടമ്മ എന്ന് വിശേഷിപ്പിക്കുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ഡാൻസർ തൃപ്പൂണിത്തുറ മാധവ് മേനോൻ, നിഴൽ നൃത്തകലാകാരൻ ഷാഡോ ഗോപിനാഥ്, ബാലെയിലെ പ്രശസ്തൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോൻ, എ.കെ. ശിവറാം, സംഗീതജ്ഞരായ ടി.കെ. ഗോവിന്ദറാവു, തൃപ്പൂണിത്തുറ മണി ഭാഗവതർ, വൈക്കം വാസുദേവൻ നായർ, തങ്കം വാസുദേവൻ നായർ, കെ.സി. കല്യാണസുന്ദരം ഭാഗവതർ, വൈക്കം ചന്ദ്രൻ, വാദ്യകലാകാരൻമാരായ തൃപ്പൂണിത്തുറ എൻ. നാരായണസ്വാമി, കലാമണ്ഡലം കേശവ പൊതുവാൾ തുടങ്ങി മൺമറഞ്ഞവർ തന്നെ നിരവധി പേർ...
തൃപ്പൂണിത്തുറയിലെ കലാകാരരുടെ പട്ടിക പറഞ്ഞാൽ അത് ഏറെ നീണ്ടുപോകും. ഏറ്റവും ഒടുവിൽ അടുത്തിടെ ദേശീയ പുരസ്കാരം ലഭിച്ചത് ഘടംവാദന വിദ്വാൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണനാണ് എന്നതും നാടിന് അഭിമാനം. ഇങ്ങനെ കലാപാരമ്പര്യം നിലനിൽക്കുന്ന ഈ നഗരത്തിൽ നഗരസഭയുടെ ബജറ്റിൽ കാലങ്ങളായി കേൾക്കുന്നതാണ് കലകളുടെ അവതരണത്തിനായി ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം എന്നത്. അതെല്ലാം ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്റ്റാച്യു ജങ്‌ഷനിലുള്ള നഗരസഭയുടെ ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ കലാ സാംസ്കാരിക പരിപാടികൾ ഒട്ടേറെ നടക്കാറുണ്ട്. പക്ഷേ, കാണികൾക്ക് ഇവിടെയിരുന്ന് അത് സുഖകരമായി ആസ്വദിക്കാനാകില്ല എന്നതാണ് വസ്തുത. പ്രധാന റോഡരികിൽ, മറകളൊന്നുമില്ലാതെ തുറന്നരീതിയിലാണ് കൂത്തമ്പലം. പരാതികൾ കലാകാരർ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ട്. പരിഹാരമാർഗങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നുമാത്രം. ഇപ്പോൾ കഥകളി, കൂടിയാട്ടം, സംഗീതപരിപാടികൾ ഉൾപ്പെടെ പ്രതിമാസ കലാപരിപാടികൾ മിക്കതും തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലും സ്വകാര്യ സ്കൂൾ ഓഡിറ്റോറിയത്തിലുമൊക്കെയായിട്ടാണ് സംഘടനകൾ നടത്തുന്നത്. പ്രതിമാസ പരിപാടികൾ നടക്കുന്ന സ്ഥലത്ത്, നല്ലൊരു കലാപരിപാടി നടത്താനായി നല്ല വൃത്തിയുള്ള വേദി തൃപ്പൂണിത്തുറയിൽ ഇല്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് ശ്രീപൂർണത്രയീശ സംഗീതസഭാ സെക്രട്ടറിയും പരസ്യ സംവിധായകനുമായ ആർ.വി. വാസുദേവൻ പറഞ്ഞു.
പൊതുവായ ഒരു വേദിയാണ് വേണ്ടത്. ഇവിടെ സംഘടനകൾക്ക് വേണ്ടിവരുന്നത് വേദിക്കുള്ള സാമ്പത്തികബാധ്യതയാണ്. തൃപ്പൂണിത്തുറ നഗരസഭയുടെ ലായം കൂത്തമ്പലത്തിലും ആവശ്യമായ സൗകര്യങ്ങളില്ല എന്നുമാത്രമല്ല, പരിതാപകരവുമാണ് അവിടത്തെ അവസ്ഥയെന്ന് തൃപ്പൂണിത്തുറ ശ്രുതി ഓർക്കസ്ട്രയിലെ രഘുസ്വാമി പറഞ്ഞു.
പൈതൃകത്തെയും സംസ്കാരത്തെയും നിലനിർത്തുന്നതിന് തൃപ്പൂണിത്തുറ ജനത നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്ന് തൃപ്പൂണിത്തുറ നഗരസഭയുടെ 2026-27 ലെ ബജറ്റിൽ പറയുന്നുണ്ട്. ശാസ്ത്രീയകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനും സെന്റർ ഫോർ പെർഫോമിങ് ആർട്‌സ് ആൻഡ് മ്യൂസിയം ആരംഭിക്കുമെന്നും അതിനായി ഒരുകോടി രൂപ വകയിരുത്തിയതായും ബജറ്റിൽ ഉണ്ട്.
Published: 25 Sept 2026, 03:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented