നേര്യമംഗലം : നേര്യമംഗലം ടൗൺ ബസ് സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ വിളയാട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി.

To advertise here,

കവളങ്ങാട് പഞ്ചായത്തിന്റെ ബസ് സ്റ്റാൻഡിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന നായ്‌ക്കൂട്ടം സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉൾപ്പെടെ എത്തുന്ന യാത്രക്കാർക്കും പേടിസ്വപ്നമാണ്. ചെറിയ വാഹനങ്ങൾക്ക് പിന്നാലെത്തുന്നതും ഭീഷണിയാവുകയാണ്. ഏറെ നാളായി സ്റ്റാൻഡിലും പരിസരത്തുമായി നായ്ക്കൂട്ടം ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്.

ബസ് ഷെൽട്ടറാണ് തെരുവുനായ്ക്കൾ പ്രധാനമായും കൈയടക്കിയിരിക്കുന്നത്. ഹൈറേഞ്ചിലേക്ക് ഉൾപ്പെടെ നിരവധി ബസുകൾ രാപകൽ വന്നുപോകുന്ന സ്റ്റാൻഡ് ആണ്. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിന് സമീപത്തുവരെ നായ്ക്കളുടെ താവളമാണ്. പലപ്പോഴും യാത്രക്കാരുടെ ഇരിപ്പിടത്തിന് അടിയിലും മറ്റുമാണ് കിടന്നുറങ്ങുന്നത്. പേടി കാരണം യാത്രക്കാർ ഓടിക്കാൻ ശ്രമിക്കാറില്ല. നായ്ക്കളിൽ പലതിനും ത്വഗ്രോഗങ്ങളോ മറ്റോ മൂലം അസഹ്യമായ ദുർഗന്ധം വമിപ്പിക്കുന്നതാണ്.

ഇതുമൂലം യാത്രക്കാർ പ്രതികൂല കാലാവസ്ഥയിൽ പോലും ബസ് ഷെൽട്ടർ ആശ്രയിക്കാത്ത അവസ്ഥയാണുള്ളത്. ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ചിലർ ഇവിടെ ഭക്ഷണം നൽകുന്നത് കൊണ്ടാണ് ഇവ താവളമാക്കുന്നത്. മറ്റ് പ്രതിരോധ നടപടികൾ ഉണ്ടാകാത്തത് കൊണ്ട് ദിവസംതോറും നായ്ക്കളുടെ എണ്ണം വർധിച്ചുവരുകയാണ്.

മുൻപ് പഞ്ചായത്ത് അനിമൽ ബെർത്ത് കൺട്രോൾ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. വാക്‌സിനേഷൻ നൽകലും വന്ധീകരണം നടത്തലും നായ്ക്കളെ പിടിച്ചുകൊണ്ടുപോകലും ഉൾപ്പെടെ നടപടി തുടങ്ങിയെങ്കിലും പിന്നീടത് പാതിവഴിയിൽ നിലച്ചുപോകുകയായിരുന്നു.

തെരുവുനായ്ക്കളെ അമർച്ച ചെയ്യാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.