കോട്ടുവള്ളി : ദേശീയപാത 66-ൽ കൂനമ്മാവ് ചിത്തിര ജങ്ഷനിലെ പ്രധാന റോഡിലേയും സർവീസ് റോഡിലേയും യാത്ര ദുരിതമായി. റോഡിലേക്ക് വ്യാപിച്ചു കിടക്കുന്ന ചെളിമണ്ണും റോഡിലെ കുഴികളും വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപിക്കുന്ന പൊടിയും ഇതിലൂടെയുള്ള യാത്ര അസഹനീയമാക്കുകയാണ്. രാവിലെയും വൈകീട്ടും കൂനമ്മാവ് ചിത്തിര ജങ്ഷൻ കടന്നുകിട്ടണമെങ്കിൽ മണിക്കൂറുകളോളം കുരുക്കിൽക്കിടക്കണം. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാതയോട് ചേർന്നുതന്നെ എലിവേറ്റഡ് റോഡിന്റെ നിർമാണം നടക്കുകയാണിവിടെ. നിർമാണ പ്രവൃത്തികൾക്കായുള്ള കൂറ്റൻ മെഷിനറികളും വലിയ വാഹനങ്ങളുമൊക്കെ പാതയോരത്തുതന്നെയാണ് നിർത്തിയിട്ടിരിക്കുന്നത്.
ജങ്ഷനോട് ചേർന്നുതന്നെ പത്തിലധികം സ്‌കൂളുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിനു വിദ്യാർഥികളാണ് ഇതുവഴി കടന്നുപോകുന്നത്.
എന്നാൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് ഈ ഭാഗത്ത് പാതയുടെ നിർമാണം നടക്കുന്നത്.
റോഡിലേക്ക് വ്യാപിച്ചു കിടക്കുന്ന ചെളിമണ്ണിൽ സൈക്കിളിലും കാൽനടയായുമൊക്കെയെത്തുന്ന വിദ്യാർഥികൾ തെന്നി വീഴുന്നതും പതിവായിട്ടുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഇവിടെ ഒറ്റമഴയിൽ തന്നെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നിലവിലെ റോഡിന് ഒട്ടുംതന്നെ വീതിയില്ലാത്ത ഭാഗമാണിത്.
രാവിലെയും വൈകീട്ടും വാഹനങ്ങളുടെ നീണ്ടനിരയാണ്. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന ജങ്ഷനിലെ ഗതാഗതത്തിരക്ക് പത്തുമണിയായാലും നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്ന ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പോലീസിന്റെ സഹായം ലഭ്യമാകുന്നത്.
അല്ലാത്ത ദിവസങ്ങളിൽ ഗാതഗതം നിയന്ത്രിക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്തതും കുരുക്ക് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Published: 25 Sept 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented