ട്രാവൽ മാർട്ടിന് തുടക്കം

To advertise here,

കൊച്ചി : മൂന്നുവർഷത്തിനുള്ളിൽ കേരളത്തിലേക്ക് 10.50 കോടി വിനോദസഞ്ചാരികളെ എത്തിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം.-2026) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് 2025-ൽ എത്തിയ വിദേശവിനോദസഞ്ചാരികളുടെ എണ്ണം 8.20 ലക്ഷമാണ്. 2024-ൽ എത്തിയതിനേക്കാൾ 11 ശതമാനം കൂടുതലാണിത്. കഴിഞ്ഞവർഷം എത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 2.5 കോടിയാണ്. തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണിത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 50 ലക്ഷമായും ആഭ്യന്തരവിനോദസഞ്ചാരികളുടെ എണ്ണം 10 കോടിയായും ഉയർത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ സിഡ്‌നിയിലും സിങ്കപ്പൂരിലുമുള്ളതുപോലുള്ള ഓഷ്യനേറിയവും അന്താരാഷ്ട്രനിലവാരത്തിലുള്ള മാരിടൈം മ്യൂസിയവും തുടങ്ങും. തിരുവനന്തപുരത്തെ മൃഗശാല കാടിനരികിലേക്ക് മാറ്റുമെന്ന് അദ്ദേഹം ആവർത്തിച്ചു. നിലവിൽ മൃഗശാലയിരിക്കുന്ന സ്ഥലം മാഡിസൺ സ്ക്വയറിന് സമാനമായ ഇടമാക്കി മാറ്റും.

ഇതിനൊപ്പം കോഴിക്കോട് എം.ടി. വാസുദേവൻനായരുടെ പേരിൽ തുടങ്ങുന്ന സാംസ്കാരിക പാർക്കുൾപ്പടെ വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളാകും. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾ ചുരുങ്ങിയത് ഏഴുദിവസമെങ്കിലും ഇവിടെ ചെലവഴിക്കുന്ന സ്ഥിതിയുണ്ടാകണം-അദ്ദേഹം പറഞ്ഞു.

ഓണസഞ്ചാരം, മലയാളിയായി ജീവിക്കാൻ ഒരുദിവസം

ഓണദിനങ്ങളിൽ വിദേശ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുമെന്ന് ടൂറിസംമന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷപ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലങ്ങൾ കാണുന്നതിനപ്പുറം മലയാളിയുടെ സംസ്കാരത്തിലും ഭക്ഷണത്തിലും പാരമ്പര്യത്തിലും അലിഞ്ഞുചേർന്ന് 'മലയാളിയായി ജീവിക്കാൻ ഒരുദിവസം' എന്നതിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം വിനോദസഞ്ചാരത്തിന് അനുകൂലമാകും

സംസ്ഥാനത്തിന്റെ പുതിയ മദ്യനയം വിനോദസഞ്ചാര വ്യവസായത്തിന് അനുകൂലമായിരിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ഹോട്ടൽ-റിസോർട്ട് മേഖലയുമായി ബന്ധപ്പെട്ടവർ വരാനിരിക്കുന്ന മദ്യനയത്തിൽ ആശങ്കകൾ അറിയിച്ചിരുന്നു. ഇത്തരം ആശങ്കകളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളട്രാവൽമാർട്ടിന്റെ ഉദ്ഘാടനച്ചടങ്ങിൽ എം.എൽ.എ.മാരായ ടോണി ചമ്മണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, കേന്ദ്രവിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹരികിഷോർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഡയറക്ടർ എം. അഞ്ജന, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെ.ടി.ഡി.സി എം.ഡി. സുമിത് കുമാർ താക്കൂർ, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ, കെ.ടി.എം. മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 25 മുതൽ 27 വരെ വില്ലിങ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് കൂടിക്കാഴ്ചകളും പ്രദർശനവും നടക്കുന്നത്. ബയർ രജിസ്‌ട്രേഷൻ 3,000 കടന്നെങ്കിലും പ്രായോഗിക തീരുമാനമെന്ന നിലയിൽ 1,200 ഹോസ്റ്റഡ് ബയർമാരും 300 നോൺ-ഹോസ്റ്റഡ് ബയർമാരുമായി നിജപ്പെടുത്തിയിട്ടുണ്ട്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരള ടൂറിസത്തിലേക്ക് വൻതോതിലുള്ള നിക്ഷേപവും സഞ്ചാരികളെയും ലക്ഷ്യമിട്ട് ഇതിനകം 45,000-ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.