വെറുതേ പണിതിട്ട് സംഭരണി
ചെറായി : എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അണിയിൽ പഞ്ചായത്ത് മാർക്കറ്റിൽ സ്ഥാപിച്ച കുടിവെള്ള ടാങ്ക് വെറുതേയായി. എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി അണിയിൽ മാർക്കറ്റിൽ നിർമിച്ച ജലസംഭരണിയിൽനിന്ന് ഇപ്പോൾ ജലവിതരണം നടക്കുന്നില്ല. എട്ടുമാസമായി ഈ ടാങ്കിലേക്ക് വെള്ളം കയറ്റാതെ നേരിട്ടാണ് തെക്കൻ മേഖലയിലേക്ക് പമ്പ് ചെയ്യന്നത്. 11 ദശലക്ഷത്തിൽപരം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇവിടത്തെ ജലസംഭരണി. ഇതനുസരിച്ച് എടവനക്കാട് പഞ്ചായത്തിലെ എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിയും. എന്നാൽ പഞ്ചായത്ത് പരിധിയിൽ ഇത്രയും വലിയൊരു ടാങ്ക് ഉണ്ടെങ്കിലും പഞ്ചായത്തിലെ പല വാർഡുകളിലും കുടിവെള്ളം കിട്ടാക്കനിയായി തുടരുകയാണ്.
പഞ്ചായത്തിലെ ഒന്നും 16-ഉം വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് ആഴ്ചകളായി. ഒരു കുടം വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. പരിഹാരത്തിനായി ചില മേഖലകളിൽ ചെറിയ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പര്യാപ്തമായില്ല. ദിവസങ്ങളായി പല വീടുകളിലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണ്. പൊതുപൈപ്പിൽ നിന്ന് ചില റിസോർട്ടുകളും ചില വീടുകളും മോട്ടോർ ഉപയോഗിച്ച് അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നതാണ് കുടിവെള്ളവിതരണത്തെ ബാധിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പൊതുപൈപ്പിലൂടെ എത്തുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ സമീപത്തെ വീടുകളിലെ ടാപ്പുകളിൽ വെള്ളത്തിന് പകരം കാറ്റ് മാത്രമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഇതുമൂലം ഏറെ ദുരിതത്തിലാക്കുന്നത്.
ഇത്തരം അനധികൃത മോട്ടോർ ഉപയോഗത്തിനെതിരേ പലതവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ജല അതോറിറ്റി അധികൃതരും പഞ്ചായത്ത് അധികൃതരും അംഗങ്ങളും അടിയന്തരമായി ഇടപെട്ട് അനധികൃത മോട്ടോറുകൾ കണ്ടെത്തി നടപടി സ്വീകരിക്കുകയും എല്ലാ വീടുകൾക്കും നീതിപൂർവമായ കുടിവെള്ളവിതരണം ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എടവനക്കാട് മുതൽ മുനമ്പം വരെയുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകളിലും കുടിവെള്ളം ശേഖരിക്കുന്നതിനെക്കുറിച്ച് ഒരു സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
അടിയന്തര യോഗം ഇന്ന്
വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ടോണി ചമ്മണി എം.എൽ.എ.യുടെ നിർദേശപ്രകാരം ഉന്നതതല യോഗം വിളിച്ചുചേർക്കുന്നുണ്ട്.
കളക്ടറുടെ ക്യാമ്പ് ഓഫീസിൽ വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കുന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി., മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ജല അതോറിറ്റിയിലെ സൂപ്രണ്ടിങ് എൻജിനിയർ, എക്സിക്യുട്ടീവ് എൻജിനിയർ, അസി. എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ പങ്കെടുക്കും.
Published: 17 Sept 2026, 02:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented