പിറവം : മഴ പിൻവാങ്ങിനിൽക്കേ ചിങ്ങത്തിലും കുടിനീരിന് കടുത്തക്ഷാമം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുഭവപ്പെടുന്നത് പോലുള്ള വരൾച്ചയും വറുതിയുമാണ് പിറവം മേഖലയിൽ നേരിടുന്നത്. പിറവം ടൗണിനോടുചേർന്നുളള പള്ളിക്കാവ്, പാറേക്കുന്ന് പാലച്ചുവട്, കല്ലുവെട്ടാമട, കക്കാട് ഏലിയാമ്മ നഗർ എന്നിവിടങ്ങളിലും പാഴൂരിലെയും കളമ്പൂരിലെയും ഉയരം കൂടിയ ഭാഗങ്ങളിലും കുടിവെള്ളമെത്തുന്നില്ല. കക്കാട് ജല ശുദ്ധീകരണശാലയിൽനിന്ന് പിറവം ടൗണിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പണികൾ നടക്കുന്നതാണ് ടൗണിൽ കുടിവെള്ളം മുട്ടിക്കുന്നത്. രാമമംഗലത്ത് പെരുവ-പിറവം-പെരുവംമൂഴി റോഡ് പണിയുടെ ഭാഗമായി പലയിടത്തും ജല വിതരണക്കുഴലുകൾ അടിയ്ക്കടി പൊട്ടുന്നതാണ് കുടിവെള്ളമില്ലാതാക്കുന്നത്.
എല്ലാ ഡിവിഷനുകളിലും കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുകയാണെന്ന് എൽ.ഡി.എഫ്. പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വൻകിട കുടിവെള്ള പദ്ധതിയുടെ ആസ്ഥാനമായ പിറവത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. പ്രവർത്തകർ പിറവത്ത് ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. മുന്നണി ഭാരവാഹികളായ കെ.പി. സലിം, അഡ്വ ബിമൽചന്ദ്രൻ, സോമൻ വല്ലയിൽ, തമ്പി പുതുവാക്കുന്നേൽ, സോജൻ ജോർജ്, നഗരസഭാ കൗൺസിലർ അഡ്വ. ജൂലി സാബു, രാജു തെക്കൻ, സുരേഷ് ചന്തേലി, കെ.സി. തങ്കച്ചൻ, പീറ്റർ പി. ജോൺ, കെ.പി. ജോണി, സോജൻ മാത്യു എന്നിവർ പങ്കെടുത്തു.
പാമ്പാക്കുട : പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശമായ പിറമാടത്ത് കുടിവെള്ളമെത്തിയിട്ട് മൂന്നാഴ്ചയായെന്ന് വാർഡംഗം റീജാമോൾ ജോബി പരാതിപ്പെട്ടു. ഇവിടെ വീട്ടുകാർ ടാങ്കർലോറിയിൽ കുടിവെള്ളം വാങ്ങുന്ന അവസ്ഥയാണ്. വെട്ടിമൂട് പമ്പ്‌ഹൗസിൽനിന്ന് കളപ്പാറയിലെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്താണ് പ്രദേശത്ത് കുടിവെള്ളം നൽകുന്നത്.
വെട്ടിമൂട് പമ്പ്‌ഹൗസിലെ കേടായ മോട്ടോർ പമ്പ് നന്നാക്കി വയ്ക്കാൻ കഴിയാത്തതാണ് ഇവിടത്തെ പ്രശ്നമെന്ന് പഞ്ചായത്തംഗം പരാതിപ്പെട്ടു. കളപ്പാറയിലേക്കുള്ള പൈപ്പുകളും പൊട്ടിക്കിടക്കുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിലെ ഇടത് അംഗങ്ങളായ റീജാമോൾ ജോബി, അനന്തപത്മനാഭൻ, സി.ബി. രാജീവ്, അല്ലി ദിനേശ്, ആതിര എം. അജിത്ത് എന്നിവർ പിറവത്ത് ജല അതോറിറ്റി കാര്യാലയത്തിലെത്തി പരാതിപ്പെട്ടിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം കിട്ടും
ജല അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ തീരുമാനമായി. കക്കാട് ജലശുദ്ധീകരണ ശാലയിൽനിന്ന് ടൗണിലേക്ക് വെള്ളമെത്തിക്കുന്ന കാലഹരണപ്പെട്ട 350 എം.എം. ആസ്ബസ്റ്റോസ് പൈപ്പ് മാറ്റി 350 എം.എം., ഡി.ഐ. പൈപ്പ് സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. രണ്ടുദിവസം അടുപ്പിച്ച് ഈ പണികൾ ചെയ്തശേഷം മൂന്നാമത്തെ ദിവസം കുടിവെള്ളം തുറന്നുവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈയൊരു ദിവസംകൊണ്ട് എല്ലായിടത്തും വെള്ളമെത്താറുമില്ല. ഇതാണ് സ്ഥതി ഗുരുതരമാക്കിയത്. പ്രതിപക്ഷം പ്രശ്നം ഏറ്റെടുത്തതോടെ വലിയ ചർച്ചയായി. തുടർന്നാണ് നഗരസഭാ ഉപാധ്യക്ഷ അന്നമ്മ ഡോമി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അരുൺ കല്ലറയ്ക്കൽ എന്നിവർ ചേർന്ന് ബന്ധപ്പെട്ട ജല അതോറിറ്റി അധികൃതരുടെ യോഗം നടത്തിയത്.
പൈപ്പിടൽ ഒന്നരദിവസമായി കുറയ്ക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഒരുദിവസം കുടിവെള്ള വിതരണം പൂർണമായി നിലച്ചാൽ ഉച്ചകഴിഞ്ഞ് വെള്ളം ലഭിക്കും. ഫലത്തിൽ ഒരു ദിവസമേ വെള്ളം കിട്ടാതിരിക്കൂ. 17 മുതൽ ഈ രീതി പ്രാബല്യത്തിലാകും.
Published: 16 Sept 2026, 03:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented