പിറവം : പിറവം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ റോഡുപണിയും ജല അതോറിറ്റിയുടെ പൈപ്പിടലും മൂലം പൊതുജനങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടുന്നതായി പരാതി. പെരുവ-പിറവം -പെരുവംമൂഴി റോഡുപണിയുടെ ഭാഗമായി പിറവം, കക്കാട്, മാമ്മലശ്ശേരി, കിഴുമുറി, രാമമംഗലം ഭാഗങ്ങളിൽ യാത്രാസൗകര്യം പരിമിതമാണ്. പെരുവംമൂഴി റോഡിൽ പല ഭാഗത്തും ഒറ്റവരി ഗതാഗതമേയുള്ളു.
രാമമംഗലത്ത് പോലീസ് സ്റ്റേഷന് സമീപവും ഹൈസ്കൂളിന് മുന്നിലും റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. തിരക്കേറെയുള്ള റോഡിൽ ഒറ്റവരി ഗതാഗതമാക്കിയതോടെ പലപ്പോഴും ഗതാഗതക്കുരുക്കാണ്. റോഡ് ടാറിങ്ങിനായി പൊളിച്ചിട്ടിരിക്കുന്നതിൽ പൊടിശല്യം രൂക്ഷമാണ്.
പൊടി അടിച്ചുകയറുന്നതുമൂലം വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകാത്ത നിലയിലാണ്. രാവിലെയും വൈകീട്ടുമെല്ലാം ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പിറവത്ത് നഗരസഭയുടെ മൂന്ന് ഡിവിഷനുകൾ ചേരുന്ന കരക്കോട് ഭാഗത്ത് യാത്രാസൗകര്യമില്ലാതായതായി പരാതിയുയർന്നു.
ഇവിടെ രണ്ട് ഗ്രാമീണ റോഡുകളിൽ ജലവിതരണക്കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിനായി ആഴത്തിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
കക്കാട് ഷാപ്പുംപടി - ഏലിയാമ്മ നഗർ -കരക്കോട് റോഡും കരക്കോട്- കാരാമപ്പടി റോഡും വെട്ടിത്താഴ്ത്തിയതിനാൽ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുക എളുപ്പമല്ല. ആംബുലൻസ് വിളിച്ചാൽപ്പോലും വരാനാവില്ലെന്ന് സ്ഥലവാസികൾ പരാതിപ്പെട്ടു.
Published: 15 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented