എസ്.എൻ. ജങ്ഷനിലെ കുടിവെള്ള പൈപ്പ് പൊട്ടൽ

To advertise here,

തൃപ്പൂണിത്തുറ : എസ്.എൻ. ജങ്ഷനിൽ കുടിവെള്ള പൈപ്പ്‌ലൈൻ പൊട്ടിയത് നന്നാക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ കരാറുകാരും തൊഴിലാളികളും ചേർന്ന്‌ റോഡ് കുഴിച്ച് പൈപ്പിന്റെ ചോർച്ച കണ്ടെത്തുന്നതിനുള്ള പണികൾ നടത്തിയിരുന്നു.

മെട്രോ പില്ലർ വരുന്നതിന് മുൻപുള്ളതായ 400 എം.എം. പ്രിമോ പൈപ്പ്‌ലൈനാണ് ഈ ഭാഗത്ത് പൊട്ടിയതായി കണ്ടെത്തിയിട്ടുള്ളത്. ആ പൈപ്പ്‌ലൈൻ ഡമ്മി ചെയ്ത് െവച്ചിരുന്നത് തള്ളിപ്പോയതാണ് ചോർച്ചയ്ക്ക് കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇത് നന്നാക്കുന്നതിനായുള്ള സാധനങ്ങൾ ലഭ്യമാക്കി പൈപ്പിലെ ചോർച്ച വരുംദിവസം അടയ്ക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും വെള്ളം പമ്പിങ് തടസ്സപ്പെടാത്തവിധമാകും പൈപ്പ്‌ലൈനിലെ പണി നടത്തുകയെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.

പൈപ്പ് പൊട്ടിയുണ്ടായ വെള്ളം ഒഴുകിയെത്തി റോഡിൽ കുഴിയുണ്ടായതിനെ സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്നാണ് ജല അതോറിറ്റി അധികൃതർ പൈപ്പ് നന്നാക്കുന്നതിനുള്ള പണികൾ തുടങ്ങിയത്.

ചൂണ്ടിയിൽ നിന്നും എരൂർ ആസാദിലെ ജല അതോറിറ്റിയുടെ സംഭരണിയിലേക്ക്‌ വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഭാരവാഹനങ്ങളടക്കം നിരന്തരം വാഹനങ്ങൾ പോയിക്കൊണ്ടിരിക്കുന്ന പ്രധാന റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. പമ്പിങ് സമയത്ത് ശക്തമായ മർദത്തിൽ വെള്ളം വലിയതോതിൽ പുറത്തേക്ക്‌ ഒഴുകുന്നതിനൊപ്പം കുഴിയുടെ ആഴവും വലുപ്പവും കൂടുന്നത് അപകടഭീഷണിയൊരുക്കുന്നു.