പ്രതിഷേധവുമായി നായരമ്പലം, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ

To advertise here,

വൈപ്പിൻ : വൈപ്പിൻകരയുടെ തെക്കൻമേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം ഗ്രാമപ്പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്.

നായരമ്പലം, എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. നായരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

വൈസ് പ്രസിഡന്റ് ജിഷ ശ്രീരാജ്, മേവിസ് ബിബിൻ, സുമ വേണു, നിജോ ജോസഫ്, ജെയ്‌നി സേവ്യർ, ഹേന വിജയരാജ്, ജിൻഷ ബാലാജി എന്നിവർ മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.

പഞായത്തിൽ പലയിടത്തും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് ശ്രദ്ധയിൽ പെടുത്തിയിട്ടും സമയബന്ധിതമായി പരിഹാരം കാണുന്നില്ല.

കരാർ പ്രകാരമുള്ള കുടിവെള്ളം പഞ്ചായത്തിൽ ലഭിക്കാതിരിക്കുന്നതാണ് കുടിവെള്ള ക്ഷാമത്തിനു കാരണമെന്നും ബൂസ്റ്റിങ് സ്റ്റേഷനിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് നിരവധി തവണ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ല എന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.

കുടിവെള്ള പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാമെന്നും പമ്പിങ് സമയം കൂട്ടാം എന്നും അസി. എക്‌സി. എൻജിനിയർ വിനോദ്കുമാർ പി.കെ. നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബെന്നി ബെർണാഡിന്റെ നേതൃത്വത്തിൽ സൂപ്രണ്ടിങ് എൻജിനിയറെ കണ്ടു. നിലവിൽ നൽകിയിരുന്ന 11 എം.എൽ.ഡി. വെള്ളത്തിൽ കുറവ് വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രസിഡന്റ് അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്തുമെന്നും വാർഡുകളിൽ തകരാറുള്ള പൈപ്പ് ലൈനുകൾ അസി. എൻജിനിയറുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും സൂപ്രണ്ടിങ് എൻജിനിയർ ഉറപ്പ് നൽകി.

വൈസ് പ്രസിഡന്റ് സൗമ്യ രാജേഷ്, അംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, പി.ഡി. ദിലീപ്, സെബാസ്റ്റിൻ ഷിബു, സോയാ മോഹൻ, ബിന്ദു വേണു, റാഫേൽ ഫെർണാണ്ടസ്, സോഫിയ ജോയ്, അഡ്വ. ആർഷ, വി.ഡി. ദിലീപ്, ഷിജി മുരളി, ജ്യോതി പ്രദിപ്, എ.എ. ചന്ദ്രവല്ലി, ഷീജാ രെജു, അശ്വതി നിധിൻ, ഇസെൻഷ്യ, സുൽഫത്ത് ജലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.