പെരുമ്പാവൂർ : ആലുവ-മൂന്നാർ റോഡിൽ സ്റ്റോപ്പിൽ നിർത്തിയിരുന്ന സ്വകാര്യ ബസിന് പിന്നിൽ ടോറസ് ലോറിയിടിച്ച് ബസ് യാത്രികരായ 20 പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ 7.30-നാണ് അപകടം. കുറുപ്പംപടി ഭാഗത്തുനിന്ന് വരുകയായിരുന്നു ഇരുവാഹനങ്ങളും. പട്ടാൽ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുകയായിരുന്ന ബസിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് പറയുന്നു. കോതമംഗലം -അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന സെയ്ന്റ് ബേസിൽ ബസിന്റെ പിന്നിലാണ് ടോറസ് ലോറിയിടിച്ചത്. അപകടം നടന്ന ഉടനെ ടോറസ് ലോറിയുടെ രജിസ്‌ട്രേഷൻ നമ്പറുകൾ ചുരണ്ടിക്കളഞ്ഞത് ദുരൂഹമാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ അനധികൃതമായി നൂറുകണക്കിന് ക്വാറി, ക്രഷർ ഉത്‌പന്നങ്ങൾ കടത്തിക്കൊണ്ടുപോകുന്നതായി ആരോപണമുയർന്നിരുന്നു.

To advertise here,

കോട്ടപ്പടി മേഖലയിലെ ക്വാറി, ക്രഷർ യൂണിറ്റുകളിൽനിന്ന് അമിതവേഗത്തിൽ പോകുന്ന ലോറികൾക്കെതിരേ മുൻപും പരാതിയുണ്ട്. രണ്ടാഴ്ച മുൻപ് നെടുങ്ങപ്രയിൽ അമിതവേഗത്തിൽ പോയ ടോറസ് ലോറിയിടിച്ച് ആറു വയസ്സുകാരൻ മരിച്ച സംഭവമുണ്ടായി. അന്ന് അപകടത്തിൽപ്പെട്ട ടോറസിന് മൈനിങ്‌ ആൻഡ് ജിയോളജി വകുപ്പിന്റെ പാസില്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മാസം സസ്‌പെൻഡ് ചെയ്യുന്നത് 30 പേരുടെ ഡ്രൈവിങ് ലൈസൻസ് പെരുമ്പാവൂർ: മാസം 30 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്. അശ്രദ്ധമായും അപകടമുണ്ടാക്കിയും വാഹനം ഓടിക്കുന്നവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്യുന്നത്. കേസിന്റെ ഗൗരവം അനുസരിച്ച് സസ്പെൻഷൻ ആറുമാസം വരെയാകാം.

കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരേയാണ് കൂടുതലും നടപടിയുണ്ടാകാറുള്ളത്. ടോറസ്, കാർ, സ്വകാര്യ ബസ്, ഇരുചക്രവാഹനം ഓടിക്കുന്നവർ തുടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ടവരും നടപടിക്ക് വിധേയരാകാറുണ്ട്.

കഴിഞ്ഞദിവസം മിനി സിവിൽ സ്റ്റേഷന് സമീപം സ്വകാര്യ ബസിന്റെ ഓട്ടമാറ്റിക് ഡോറിൽ തട്ടി യാത്രക്കാരൻ വീണ സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ സമയത്തെ നിയന്ത്രണം ലംഘിച്ചും അമിതഭാരം കയറ്റിയും പോകുന്ന ടോറസ് ലോറികൾക്കെതിരേ നടപടി കർശനമാക്കുമെന്ന് ജോയിന്റ്‌ ആർ.ടി.ഒ. പ്രദീപ്കുമാർ അറിയിച്ചു.