ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തിമിംഗല അവശിഷ്ട ശേഖരം കണ്ടെത്തി ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഡയമന്റിന ഫ്രാക്ചർ സോണിൽ ഏകദേശം 1,200 കിലോമീറ്റർ നീളത്തിലാണ് ഈ 'തിമിംഗല നെക്രോപോളിസ്' വ്യാപിച്ചുകിടക്കുന്നത്. സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 7,000 മീറ്റർ ആഴത്തിൽ കണ്ടെത്തിയ ഈ ശ്മശാനത്തിന് 5.3 ദശലക്ഷം വർഷം വരെ പഴക്കമുണ്ടെന്ന് 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

To advertise here,

ചൈന, ഇറ്റലി, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ. 'ഫെൻഡൗഷെ' എന്ന മുങ്ങിക്കപ്പൽ ഉപയോഗിച്ച് 2023-ൽ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ 32 ഡൈവുകളിലൂടെയാണ് ഈ വിസ്മയ ലോകം കണ്ടെത്തിയത്. ഏകദേശം 485 തിമിംഗല ഫോസിൽ സൈറ്റുകൾ സംഘം സർവേ ചെയ്യുകയും റോബോട്ടിക് കൈകൾ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഈ മേഖലയിൽ പത്ത് ദശലക്ഷത്തിലധികം തിമിംഗല ജഡങ്ങൾ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. വി-ആകൃതിയിലുള്ള ട്രെഞ്ച് സംവിധാനം തിമിംഗലങ്ങളുടെ ജഡങ്ങൾ ഒരിടത്തേക്ക് വന്നടിയാൻ കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.

തിമിംഗലങ്ങളുടെ വിവിധ വർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവും പഴക്കമേറിയത് 5.3 ദശലക്ഷം വർഷം പഴക്കമുള്ള 'പ്റ്റെറോസെറ്റസ് ബെംഗുവേല' (Pterocetus benguelae) എന്ന ഇനത്തിന്റെ തലയോട്ടിയാണ്. കൂടാതെ, മുമ്പ് അറിയപ്പെടാത്തതും വംശനാശം സംഭവിച്ചതുമായ ഒരു പുതിയ ഇനം തിമിംഗലത്തെ ശാസ്ത്രജ്ഞർ കണ്ടെത്തുകയും അതിന് 'പ്റ്റെറോസെറ്റസ് ഡയമന്റിനെ' (Pterocetus diamantinae) എന്ന് പേരിടുകയും ചെയ്തു. അഞ്ച് മീറ്റർ നീളമുള്ള അന്റാർട്ടിക് മിങ്കെ തിമിംഗലത്തിന്റെ ജഡമാണ് ഇവിടെനിന്ന് കണ്ടെത്തിയ ആധുനിക കാലത്തെ ഏറ്റവും വലിയ അവശിഷ്ടം.

വെളിച്ചവും ഭക്ഷണവും കുറഞ്ഞ സമുദ്രത്തിന്റെ ആഴങ്ങളിൽ ഈ തിമിംഗല അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു ആവാസവ്യവസ്ഥ തന്നെ വളർന്നുവരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ജെല്ലിഫിഷ്, സ്റ്റാർ ഫിഷ്, ക്രസ്റ്റേഷ്യനുകൾ എന്നിവയുൾപ്പെടെ അനേകം ജീവികൾ ഈ ജഡങ്ങളിൽനിന്ന് പോഷകങ്ങൾ സ്വീകരിച്ച് ജീവിക്കുന്നു.

ഏകദേശം 6.7 മില്യൺ ടൺ കാർബൺ ഈ ജഡങ്ങളിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് ആയിരക്കണക്കിന് വർഷങ്ങളായി ആഴക്കടൽ ജീവനെ നിലനിർത്തുന്നുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ സിയാവോടോങ് പെങ് പറഞ്ഞു. മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഇത്രയും ആഴത്തിൽ ഇത്തരമൊരു കണ്ടെത്തൽ നടന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണ്.