
വന്യമൃഗങ്ങളെക്കുറിച്ചുള്ള കൗതുകവും ആരാധനയും മിക്കപ്പോഴും വലിയ ആപത്തിലേക്കാണ് മനുഷ്യരെ കൊണ്ടെത്തിക്കാറുള്ളത്. വന്യജീവി സംരക്ഷിത മേഖലകളിലാവട്ടെ, മൃഗശാലകളിലാവട്ടെ എന്ത് ചെയ്യരുതെന്നു പറയുന്നുവോ അത് ചെയ്യാനും ആപത്ത് വിളിച്ചുവരുത്താനും ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അത്തരത്തില്‍ അപകടം വിളിച്ചുവരുത്തിയ ഒരു യുവതിയെ കണ്ടെത്താന്‍ സാമൂഹ്യമാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ന്യൂ ജേഴ്‌സിയിലെ ബ്രിഡ്ജ്ടണ്‍ പോലീസ് (Bridgeton Police Department).
ന്യൂ ജേഴ്‌സിയിലെ കൊഹാന്‍സിക് മൃഗശാലയിലെ (Cohanzick Zoo) ബംഗാള്‍ കടുവകളെ സംരക്ഷിച്ചിരിക്കുന്ന കൂട്ടിലേക്കാണ് യുവതി അതിക്രമിച്ച് കടന്നത്. ഋഷി, മഹേഷ എന്നിങ്ങനെ പേരിട്ടിട്ടുള്ള 200 കിലോയിലധികം ഭാരം വരുന്ന രണ്ട് ബംഗാള്‍ കടുവകളാണ് ഇവിടെയുള്ളത്. ലോകത്തുള്ള രണ്ടാമത്തെ വലിയ കടുവയിനമാണ് ബംഗാള്‍ കടുവകള്‍. സൈബീരിയന്‍ കടുവകളാണ് ഏറ്റവും വലിപ്പമേറിയവ.
2016-ല്‍ നോര്‍ത്ത് കരോലിനയിലെ മൃഗശാലയില്‍ ജനിച്ച രണ്ട് കടുവക്കുഞ്ഞുങ്ങളെ 2017-ല്‍ കൊഹാന്‍സിക് മൃഗശാലയിലേക്ക് കൊണ്ടുവരികയായിരുന്നു. അതീവ സുരക്ഷയിലാണ് ഇവിടെ കടുവകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത് സന്ദര്‍ശകരുടെ മാത്രമല്ല, കടുവകളുടെയും സുരക്ഷയ്ക്കുവേണ്ടി ആണെന്നും മൃഗശാല അധികൃതര്‍ പറയുന്നു. ഇതിന് കോട്ടംവരുന്ന തരത്തില്‍ ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും അധികൃതര്‍ ഒര്‍മിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21-ന് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്രിഡ്ജ്ടണ്‍ പോലീസ് യുവതി കടുവക്കൂട്ടില്‍ കടന്ന വീഡിയോ ജനങ്ങളുമായി പങ്കുവെച്ചത്. കൂട്ടില്‍ കടക്കരുത് എന്ന് കൃത്യമായ നിര്‍ദേശം പ്രദര്‍ശിപ്പിച്ചിരുന്നിട്ടും അത് ലംഘിച്ച യുവതിയെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് കടുവയെ കാണാന്‍പാകത്തിന് തുറസ്സായ പ്രദേശമാണ് മൃഗശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്തെ പ്രത്യേകമായി കമ്പിവല കൊണ്ടും കുറച്ച് അകലം വിട്ട് കമ്പിയും തടിയും കൊണ്ടുള്ള പാതിവേലിയുമാണ് ഒരുക്കിയിട്ടുള്ളത്. ഈ വേലി കടന്നാണ് യുവതി കമ്പിവലയ്ക്കുള്ളില്‍ വിരലുകളിട്ടത്. ഈ സമയം കടുവ കൂടിനകത്തായി ഇവരെ ചുറ്റിപ്പറ്റിയാണ് നിന്നിരുന്നത്.
യുവതി കൂട്ടിലേക്ക് വിരലുകള്‍ കടത്തിയതും കടുവ കടിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് വിരലുകള്‍ പിന്‍വലിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടത്. സംരക്ഷണ വേലി കടക്കരുതെന്നും അത് ശിക്ഷാര്‍ഹമാണെന്നും കൂടിനു വെളിയില്‍ ജാഗ്രതാ നിര്‍ദേശം വെച്ചിട്ടുണ്ട്. 24 മണിക്കൂറും സി.സി.ടി.വി. നിരീക്ഷണത്തിലാണ് എന്ന സന്ദേശംകൂടി അവഗണിച്ചാണ് യുവതി കടുവക്കൂട്ടില്‍ അതിക്രമിച്ച് കടന്നത്.
Content Highlights: us woman climbs into bengal tiger cage in a zoo new jersey
Published: 24 Aug 2024, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented