പിരിയാനാകാതെ 'മംഗള'യും റോയിയും; തേക്കടിയിലേത് മനുഷ്യ-വന്യജീവി ആത്മബന്ധത്തിന്റെ അപൂർവ അധ്യായം
മനുഷ്യനും വന്യജീവിയും തമ്മിലുള്ള അസാധാരണമായൊരു ആത്മബന്ധത്തിന്റെ കഥയാണ് പെരിയാർ കടുവാ സങ്കേതത്തിന് പറയാനുള്ളത്. അമ്മക്കടുവ ഉപേക്ഷിച്ച 'മംഗള' എന്ന കടുവക്കുട്ടിയും അവളെ സ്വന്തം മകളെപ്പോലെ വളർത്തിയ റോയ് എന്ന വനംവകുപ്പ് വാച്ചറുടെയും കഥ. ഇവർ തമ്മിലുള്ള ആറുവർഷത്തോളം നീണ്ട ബന്ധം മുറിച്ചുമാറ്റിക്കൊണ്ട് മംഗള ഇനി തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് യാത്രയാവുകയാണ്.
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്
2020 നവംബർ 20-നാണ് തേക്കടി റേഞ്ചിലെ മംഗളാദേവി ക്ഷേത്രപരിസരത്ത് രണ്ട് മാസം മാത്രം പ്രായമുള്ള ഒരു പെൺകടുവക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തുന്നത്. കാഴ്ചാപരിമിതിയും പിൻകാലുകൾക്ക് തളർച്ചയുമുണ്ടായിരുന്ന ആ കുഞ്ഞിനെ തള്ളക്കടുവ ഉപേക്ഷിച്ചതായിരുന്നു. അവിടെനിന്നാണ് റോയ് മംഗളയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടക്കത്തിൽ പ്ലേറ്റിൽ നൽകിയ പാൽ പോലും കുടിക്കാൻ അറിയാതിരുന്ന ആ കടുവക്കുട്ടിയെ നിപ്പിൾ ബോട്ടിൽ ഉപയോഗിച്ച് ഓരോ തുള്ളിയായി പാൽ നൽകിയാണ് റോയി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഫ്രിഡ്ജിലെ 'നീന്തൽകുളം'
മംഗളയുടെ തളർന്നുപോയ പിൻകാലുകൾക്ക് ബലം നൽകാൻ റോയ് കണ്ടെത്തിയ മാർഗ്ഗം കൗതുകമുണർത്തുന്നതാണ്. ഒരു പഴയ ഫ്രിഡ്ജിന്റെ വാതിൽ മാറ്റി അതിൽ വെള്ളം നിറച്ച് മംഗളയെ നീന്താൻ പഠിപ്പിച്ചു. ദിവസവും മൂന്നുനേരം ഇത്തരത്തിൽ നീന്താൻ വിട്ടതിലൂടെ അവളുടെ കാലുകളുടെ തളർച്ച മാറി അവൾ നടക്കാൻ തുടങ്ങി. പിന്നീട് 26 മാസത്തോളം തേക്കടി വനത്തിനുള്ളിലെ ഒരു മുറിയിൽ റോയിയും മംഗളയും ഒരേ കൂരയ്ക്ക് താഴെയാണ് കഴിഞ്ഞത്.
സ്നേഹത്തിന്റെ 'പട്ടിണി സമരം'
ഒരിക്കൽ റോയി അവധിയിൽ പോയപ്പോൾ, മറ്റൊരു വാച്ചർ നൽകിയ ഭക്ഷണം കഴിക്കാൻ മംഗള തയ്യാറായില്ല. മൂന്ന് ദിവസം പട്ടിണി കിടന്ന അവൾ, റോയി തിരികെയെത്തി ഭക്ഷണം നൽകിയപ്പോൾ മാത്രമാണ് അത് കഴിച്ചത്. റോയിയുടെ സാമീപ്യം മംഗളയ്ക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. തന്റെ സ്കൂട്ടറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ അവൾ ഓടി വരുമെന്ന് റോയി ഓർക്കുന്നു.
കണ്ണീരോടെയുള്ള വേർപിരിയൽ
രണ്ട് കണ്ണുകൾക്കും തിമിരം ബാധിച്ചതിനാൽ മംഗളയ്ക്ക് കാഴ്ചാ പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ കാട്ടിൽ സ്വയം ഇരതേടാൻ അവൾക്ക് കഴിയില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. ഇതിനെത്തുടർന്നാണ് മികച്ച ചികിത്സാ സൗകര്യങ്ങളുള്ള തൃശ്ശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് അവളെ മാറ്റാൻ തീരുമാനിച്ചത്. "നിയമപ്രകാരം വിട്ടുനൽകിയേ പറ്റൂ, എങ്കിലും അവളെ പിരിയുന്നത് വലിയ മാനസിക വിഷമമാണ്" റോയ് പറയുന്നു.
കുഞ്ഞുങ്ങളെ വളർത്തുന്നതിനേക്കാൾ കരുതൽ നൽകി വളർത്തിയ തന്റെ 'മംഗള'യെ പുതിയ 'വീട്ടിലാക്കി' തിരികെ വരുന്ന കാര്യം പറയുമ്പോൾ തന്നെ റോയിയുടെ കണ്ണുകൾ ഈറനണിയുന്നുണ്ട്. വനം വകുപ്പ് അനുവദിക്കുകയാണെങ്കിൽ മംഗളയെ പരിചരിക്കാൻ താത്കാലികമായി പുത്തൂരിലേക്ക് പോകാനും റോയ് സന്നദ്ധനാണ്. ഒരു കടുവയും മനുഷ്യനും തമ്മിലുള്ള ഈ സ്നേഹഗാഥ വന്യജീവി സംരക്ഷണ ചരിത്രത്തിലെ തന്നെ ഒരു അപൂർവ്വ അധ്യായമായി നിലനിൽക്കും.
Content Highlights: Discover the extraordinary journey of Roy, a protection watcher, and Mangala, the abandoned tiger cub he raised like a child. After six years of an inseparable bond at Periyar Tiger Reserve, including a unique recovery involving a makeshift "fridge pool" for her paralyzed legs, Mangala is relocated to Puthur Zoological Park for specialist cataract treatment
Published: 13 Mar 2026, 12:48 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented