
പത്തനംതിട്ട: മലയാളക്കരയുടെ മണ്ണിനടിയിൽ ജീവിക്കുന്ന ഷാജിയും കലാമും ഭുജിയയും ഗൊല്ലവും വംശനാശത്തിന്റെ ചുവപ്പുപട്ടികയിൽ. ഭൂഗർഭമീനുകളായ ഇവയുടെ പേരുകൾ യഥാക്രമം ക്രിപ്‌റ്റോഗ്ലാനിസ് ഷാജി, ഹൊറഗ്ലാനിസ് അബ്ദുൽകലാമി, പാഞ്ചിയോ ഭുജിയ, എനിഗ്‌മചന്ന ഗൊല്ലം എന്നിങ്ങനെയാണ്.
ക്രിപ്‌റ്റോഗ്ലാനിസ് ഷാജിയെ 2011-ൽ തൃശ്ശൂർ പേരാമ്പ്രയിലെ ഒരുവീട്ടിലെ കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. വീട്ടിലെ പൈപ്പിലൂടെവന്ന മീനിനെ ആദ്യം കണ്ടത് മിഡു എന്ന പെൺകുട്ടിയായതിനാൽ മലയളത്തിൽ ശാസ്ത്രജ്ഞർ ഇതിനെ മിഡുമീൻ എന്നും വിളിക്കാറുണ്ട്.
വംശനാശം നേരിടുന്ന ജീവികളെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ പഠിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്‌ച്ചർ ( ഐ.യു.സി.എൻ.) എന്ന ഏജൻസി പുറത്തിറക്കിയ പട്ടികയിലാണ് ഈ നാലു മീനുകൾ ഉൾപ്പെട്ടത്. സൂക്ഷ്മജീവികളാണ് നാലിന്റെയും ഭക്ഷണം. ഇതിൽ ആദ്യത്തെ മൂന്നെണ്ണം അതീവസംരക്ഷണം അർഹിക്കുന്നവയാണ്.
നാലാമത്തേതായ എനിഗ്‌മചന്ന ഗൊല്ലം 1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരമുള്ള രണ്ടാംപട്ടികയിൽ ഉൾപ്പെട്ടതുമാണ്.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പഠനങ്ങളും അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുമാണ് ഐ.യു.സി.എന്നിന്റെ തിരഞ്ഞെടുപ്പിന് ആധാരം.

ക്രിപ്‌റ്റോഗ്ലാനിസ് ഷാജി
2011-ൽ തൃശ്ശൂർ പേരാമ്പ്രയിൽനിന്ന് കണ്ടെത്തി. കേരള വനഗവേഷണ സ്ഥാപനത്തിലെ മുൻഗവേഷകനും സംസ്ഥാന ജൈവവൈവിധ്യബോർഡ് മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി.പി. ഷാജിയോടുള്ള ബഹുമാനാർഥമാണ് ശാസ്ത്രനാമത്തിൽ ഷാജി എന്നപേര് വന്നത്.
തൃശ്ശൂരിലെ പേരാമ്പ്ര, ആളൂർ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. നീളം ആറ് സെന്റിമീറ്റർ. വികാസംപ്രാപിക്കാത്ത കണ്ണ്. സുതാര്യമായ ത്വക്ക്.
ഹൊറഗ്ലാനിസ് അബ്ദുൽകലാമി
മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിനോടുള്ള ബഹുമാനാർഥമാണ് ഈ പേര്. തൃശ്ശൂർ ജില്ലയിലെ പുതുക്കാടിനു ചുറ്റുമുള്ള അഞ്ചുകിലോമീറ്ററിൽ മാത്രമാണ് കാണപ്പെടുന്നത്. 2012-ൽ കണ്ടെത്തി. നാല് സെന്റിമീറ്റർ നീളം. കണ്ണില്ല. മീശരോമങ്ങളുണ്ട്. കിണറിൽ മാത്രമേ കാണൂ.
പാഞ്ചിയോ ഭുജിയ
2019-ൽ കോഴിക്കോട് ചേരിഞ്ചാലിൽനിന്ന് കണ്ടെത്തി. വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ബേക്കറി ഇനമായ ഭുജിയ മിക്സ്ചറുമായി സാമ്യം ഉള്ളതിനാലാണ് ഈ പേര്.
പാതാളപ്പൂന്തരകൻ എന്നു മലയാളത്തിൽ വിളിപ്പേരുണ്ട്. മൂന്നു സെന്റിമീറ്റർ നീളം. നീണ്ട മീശരോമം. കോട്ടയ്ക്കൽ, തൃശ്ശൂർ, വിയ്യൂർ എന്നിവിടങ്ങളിൽനിന്നും കിട്ടി.
എ നിഗ്മചന്ന ഗൊല്ലം
2019-ൽ മലപ്പുറം വേങ്ങരയിൽനിന്നുകിട്ടി. കോഴിക്കോട് പേരാമ്പ്ര, തിരുവല്ല, മലയാറ്റൂർ, എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. 120 ദശലക്ഷം വർഷം പഴക്കമുള്ള ജീവിവർഗം. 12 സെന്റിമീറ്റർവരെ നീളം. പാമ്പിനെപ്പോലെ സഞ്ചാരം.
Content Highlights: underground water fish species in kerala faces threat
Published: 16 Dec 2023, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented