തനിമലയാളികളെന്ന് വിശേഷിപ്പിക്കാവുന്ന നാലിനം ഭൂ​ഗർഭ മീനുകളാണ് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ചുവപ്പുപട്ടികയിൽ ഐ.യു.സി.എൻ. ഈ ഡിസംബർ മാസത്തിൽ ഉൾപ്പെടുത്തിയത്. വൻതോതിലുള്ള ചെങ്കല്ല് ഖനനം തുടങ്ങി ഭൂ​ഗർഭ ജല വിനിയോ​ഗം വരെയുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.  വംശനാശപട്ടികയിൽ ഇടം നേടിയ മൂന്നിനം ഭൂ​ഗർഭ മീനുകളും സംരക്ഷിത വിഭാ​ഗമല്ല. ഇത്തരം മീനുകളേറെയുള്ള കേരളത്തിൽ പുതിയ റിപ്പോര്‍ട്ട്‌ ഗവേഷകർക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. 

ധിക പ്രാധാന്യം നൽകാത്തതോ ഗൗനിക്കാതെ പോകുന്നതോ ആയ ജൈവ വൈവിധ്യമേഖലകള്‍ നമുക്ക് ചുറ്റുമുണ്ട്. ചെങ്കല്ല് പ്രദേശങ്ങള്‍ അവയിലൊന്നാണ്‌. സസ്യ-ജന്തു വൈവിധ്യത്താല്‍ സമ്പന്നമാണ് ചെങ്കല്ല് പ്രദേശങ്ങൾ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതലായും ചെങ്കല്‍പാറകള്‍ കാണപ്പെടുന്നത്. ഫിബ്രിസ്റ്റെലിസ് ഇനങ്ങളില്‍പ്പെട്ട മറ്റുചെടികളില്‍ നിന്ന് വ്യത്യസ്തമായി മണ്ണിലൂടെ പടര്‍ന്നുവളരുന്ന തണ്ടുകളും നീളമുള്ള പൂങ്കുലകളുമുള്ള ഫിബ്രിസ്റ്റെലിസ് ജലീലിയാന എന്ന സസ്യത്തെ കണ്ണൂരില്‍ കണ്ടെത്തിയ പഠനം ഫൈറ്റോടാക്‌സ ജേണലില്‍ പ്രസിദ്ധീകരിക്കുന്നത് അടുത്തിടെയാണ്. ചെങ്കല്‍പാറപ്പരപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന വൈവിധ്യത്തിന്റെ ഉത്തമോദാഹരണം കൂടിയായിരുന്നു കണ്ണൂരിലെ കണ്ടെത്തല്‍. ചെങ്കൽപ്രദേശങ്ങളിലെ ജെെവവെെവിധ്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തലിന് പക്ഷേ ആയുസ്സുണ്ടായില്ല. അമിതമായ ചെങ്കല്‍ഖനനം പോലുള്ള പ്രതികൂലമായ സാഹചര്യങ്ങളാൽ ചെങ്കൽപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന നാലിനം ഭൂഗര്‍ഭമീനുകൾ ഭൂമിയില്‍ നിന്ന് മണ്‍മറയാന്‍ തുടങ്ങുകയാണ്.

To advertise here,
placeholder
എ നിഗ്മചന്ന ഗൊല്ലം | Photo: Wiki/ By Beta Mahatvaraj - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=126663886

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐ.യു.സി.എന്‍.) ചുവപ്പുപട്ടികയിലെ അനേകമായിരം ഭീഷണി നേരിടുന്ന ഇനങ്ങളില്‍ ഉള്‍പ്പെട്ട് പൂര്‍ണനാശം കൈവരിക്കേണ്ടവയാണോ ഇവയെന്ന ചോദ്യമാണ് വിദ​ഗ്ധർ ഉന്നയിക്കുന്നത്. മണ്ണിനടിയില്‍ വാസമുറപ്പിച്ചിരിക്കുന്നതിനാല്‍ ഭൂഗര്‍ഭ മീനുകളെ കണ്ടെത്തുകയെന്നതും പാടാണ്. ചെങ്കല്‍ ഖനനം, ഭൂഗര്‍ഭ ജല ചൂഷണം, മലിനീകരണം പോലുള്ള സാഹചര്യങ്ങളാല്‍ ക്രിപ്റ്റോഗ്ലാനിസ് ഷാജി, ഹൊറഗ്ലാനിസ് അബ്ദുല്‍കലാമി, പാഞ്ചിയോ ഭുജിയ, എനിഗ്മചന്ന ഗൊല്ലം(Kryptoglanis Shajii, Horaglanis Abdulkalami, Pangio Bhujia and Aenigmachanna Gollum) എന്നിങ്ങനെ വിളിപ്പേരുള്ള ഭൂഗര്‍ഭ മീനുകളാണ് വംശനാശഭീഷണി നേരിടുന്നത്. ഭൂമിക്കടിയിൽ, ഒരുപരിധി വരെ സുരക്ഷിതമെന്ന് വിളിക്കാവുന്ന ആവാസ വ്യവസ്ഥയിൽ കഴിയുന്ന മീനുകളാണ് ഭീഷണി നേരിടുന്നതെന്നതും ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

ഇവയെ പറ്റിയുള്ള പരിമിതമായ അറിവേ ശാസ്ത്രലോകത്തിന് തന്നെ ഉള്ളൂവെന്നതാണ് സംരക്ഷണത്തിന് പ്രധാനമായും വെല്ലുവിളിയാകുന്നത്. ഭൂഗര്‍ഭ മീനുകളെ സംബന്ധിക്കുന്ന പഠനങ്ങൾക്ക് ​ഗവേഷകർക്ക് മുന്നിൽ ഇനിയും ദൂരമേറെയുണ്ട്. ഇവയുടെ ശാരീരിക പ്രത്യേകതകളോ പ്രത്യുത്പാദനമോ ആയുസ്സോ ആഹാരമോ  ഇതുവരെ പഠനവിധേമായിട്ടില്ലെന്നതാണ് വസ്തുത.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഭൂ​ഗർഭ മത്സ്യസമ്പത്ത് ധാരാളമുണ്ട്, പക്ഷേ

രാജ്യത്ത് ഭൂഗര്‍ഭ മത്സ്യസമ്പത്ത് ധാരാളം കാണപ്പെടുന്ന സംസ്ഥാനമാണ് കേരളം. അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ ഇനങ്ങളുടെ സാന്നിധ്യം ഇത് ശരിവെയ്ക്കുന്നു. അതേസമയം, ഈ മത്സ്യസമ്പത്ത് പല കാരണങ്ങള്‍ കൊണ്ടും ഭീഷണി നേരിടുന്നുവെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍.

"രാജ്യത്ത് ഭൂഗര്‍ഭ മത്സ്യസമ്പത്ത് ധാരാളം കാണപ്പെടുന്ന ഇടമാണ് കേരളമെന്നതിൽ തർക്കമില്ല. പക്ഷേ, ഈ ഭൂഗര്‍ഭ മീനുകള്‍ ഏറെയും കാണപ്പെടുന്നത് സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്താണ്. ഇത്തരം മേഖലകളിലാണ് ഇതുവരെ പുതിയ ഇനം ഭൂഗര്‍ഭ മീനുകള്‍ സാന്നിധ്യം അറിയിച്ചിട്ടുള്ളതും. പലപ്പോഴും സ്വകാര്യഭൂമികളാണ് ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക. സംരക്ഷണപ്രദേശങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ പലപ്പോഴും മറ്റ് മേഖലകള്‍ക്ക് ലഭിക്കുന്നില്ല. സംരക്ഷിത പ്രദേശങ്ങളിലെ ജീവജാലങ്ങള്‍ വനസംരക്ഷണ നിയമ പരിധിക്കുള്ളിലാണ് വരിക", കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ പറയുന്നു

പുതിയ ഭൂഗര്‍ഭ മീനുകളെ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുക സ്വകാര്യ ഭൂമിയിലാകുമെന്നതിന് ഉദാഹരണങ്ങള്‍ അനവധിയാണെന്നും ബിജുകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭൂഗര്‍ഭമത്സ്യസമ്പത്ത് ഏറെ കാണാന്‍ കഴിയുക ചെങ്കല്ലുള്ള പ്രദേശങ്ങളിലാണ്. ഇത്തരം പ്രദേശങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് ഭൂഗര്‍ഭ മീനുകളെയും ബാധിക്കുന്നുവെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം. ഭൂമിക്ക് മുകളിലായി അടിയുന്ന മലിനപദാര്‍ത്ഥങ്ങള്‍ മറ്റേത് വസ്തുവിനെയും പോലെ മണ്ണിനടിയിലേക്ക്  എത്തിപ്പെടുന്നതും ഭൂഗര്‍ഭ മീനുകളുടെ നിലനില്‍പ്പിന് വെല്ലുവിളിയാണെന്ന് ബിജുകുമാർ ചൂണ്ടിക്കാട്ടുന്നു. കീടനാശിനി മാലിന്യത്തിന്റെ പ്രധാന ഉറവിടമാണ്. ഭൂമിക്കടിയിലെ ജലാശയങ്ങളിലേക്കും ഇത്തരം മലിന പദാര്‍ത്ഥങ്ങള്‍ വ്യാപിക്കുന്നു. ജലത്തിന്റെ ഗുണമേന്മയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളും ഈ മീനുകളുടെ അതിജീവനത്തിന് തടസ്സമാണെന്നാണ് മുൻകാല പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളത്.

placeholder
ക്രിപ്‌റ്റോഗ്ലാനിസ് ഷാജി | Photo: cavefishes.org.uk

പഠനത്തിനായി വിദ​ഗ്ധ സംഘം

കേരളത്തിലെ ഭൂഗര്‍ഭ മീനുകളുടെ സംരക്ഷണത്തിനും കണ്ടെത്തലിനുമായി കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പിലെ ഡോ.രാജീവ് രാഘവന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവിനുളളില്‍ നാല് പുതിയ ഭൂഗര്‍ഭ മീനുകളെ കുറിച്ച് വിശദീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന് സാധിച്ചു. ചെങ്കല്ല് പ്രദേശങ്ങളിലാണ് ഭൂഗര്‍ഭ മീനുകള്‍ കൂടുതലായും കാണപ്പെടുകയെന്ന റിപ്പോര്‍ട്ട് ശരിവെയ്ക്കുകയാണ് ഡോ. രാജീവ് രാഘവനും. "ഭൂമിക്കടിയാണ് ആവാസവ്യവസ്ഥയെന്നതിനാല്‍ ഇത്തരം മീനുകളെ പുറത്തുകാണാന്‍ കഴിയുകയില്ല. അതേ സമയം കുഴൽക്കിണറുകളും കിണറുകളും ഭൂഗര്‍ഭമീനുകളുടെ കെണിയായി (ട്രാപ്പ്‌) മാറുന്നുമുണ്ട്." ഡോ. രാജീവ് പറയുന്നു.

placeholder
ഡോ. രാജീവ് രാഘവൻ

കുഴൽക്കിണറുകളിലും കിണറുകളിലും ഭൂഗര്‍ഭ മീനുകളെ കണ്ടെത്താറുണ്ട്. ഇങ്ങനെ കണ്ടെത്തുന്നത് ഒരുപരിധി വരെ നല്ലതാണെന്നാണ് ഡോ. രാജീവിന്റെ പക്ഷം. എന്നാൽ, അവ എന്തിന്, എങ്ങനെ എത്തിപ്പെടുന്നുവെന്നതിനെ കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. പുതിയ ഇനങ്ങളെ തിരിച്ചറിയാനും വിശദീകരിക്കാനും ഇത് സഹായകരമാകുമെന്നത് വസ്തുതയാണ്. "ഭൂഗര്‍ഭ മീനെന്ന വര്‍ഗത്തെ കുറിച്ച് വേണ്ടത്ര പരിചയമില്ലാത്തവര്‍ (വിഷമയമെന്ന കരുതി) പലപ്പോഴും ബ്ലീച്ചിങ് പൗഡറിട്ട് ഇതിനെ കൊല്ലുകയാണ് ചെയ്യുന്നത്. പാമ്പിനോട് രൂപസാദൃശ്യമുള്ളതിനാൽ ജീവന് അപായമുണ്ടെന്ന രീതിയിലാണ് ആളുകള്‍ പലപ്പോഴും ഭൂഗര്‍ഭ മീനുകളെ കാണുന്നത്. ചുരുക്കത്തില്‍ ബോര്‍വെല്ലിലും കിണറിലും ഭൂഗര്‍ഭ മീനുകളെത്തുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്ന് പറയാം." ഡോ. രാജീവ് പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭ ജലം വിനിയോഗിക്കുന്നതും ഭൂഗര്‍ഭ മീനുകള്‍ നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ്.

placeholder
ഭൂ​ഗർഭ മീനുകളെ സംബന്ധിച്ച് പഠനം നടത്തുന്ന ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ

ചെങ്കല്‍ ഖനനം ഭീഷണി തന്നെ

ചെങ്കല്ലിലെ ചെറിയ ദ്വാരങ്ങളിൽ ജലസാന്നിധ്യമുണ്ടാകും. ഇത്തരം ദ്വാരങ്ങളിലാണ് ഭൂഗര്‍ഭ മീനുകളുടെ വാസമെന്ന് ഡോ.രാജീവ് പറയുന്നു. അതിനാല്‍ ചെങ്കല്‍ ഖനനം ഇവയ്ക്ക് ഭീഷണി തന്നെയാണ്. "കാലാവസ്ഥാ മാറ്റം എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇതും ഇവ നേരിടുന്ന ഭീഷണികളില്‍ ചിലതാകാം. അതിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂ.", ഡോ. രാജീവ് അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ഭൂഗര്‍ഭമീനുകളെ കുറിച്ച് പഠിക്കുന്ന 20 രാജ്യങ്ങളിലെ 51 ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഒരം​ഗം കൂടിയാണ് ഡോ. രാജീവ് രാഘവന്‍. 

placeholder
ചെങ്കല്ലിലെ ദ്വാരങ്ങൾ

ഭീഷണി നേരിടുന്ന ഭൂഗര്‍ഭമീനുകളുടെ കണ്ടെത്തല്‍

2011-ല്‍ തൃശ്ശൂരിലെ പേരാമ്പ്രയില്‍ നിന്നാണ് ക്രിപ്‌റ്റോഗ്ലാനിസ് ഷാജിയെന്ന ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തുന്നത്. കേരള വനഗവേഷണ സ്ഥാപനത്തിലെ മുന്‍ഗവേഷകനും സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. സി.പി. ഷാജിയോടുള്ള ബഹുമാനാര്‍ഥമാണ് ഇത്തരത്തില്‍ മീനിന് പേരുനല്‍കാനുളള കാരണം. തൃശ്ശൂര്‍ ജില്ലയില്‍  തന്നെയുളള പുതുക്കാടു നിന്നാണ് ഹെറഗ്ലാനിസ് അബ്ദുല്‍കലാമിയെ കണ്ടെത്തുന്നത്. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടത്. മൂന്നാമനായ പാഞ്ചിയോ ഭുജിയെ കിട്ടുന്നത് 2019-ല്‍ കോഴിക്കോട് ചേരിലാഞ്ചില്‍നിന്നാണ്. പാതാളപ്പൂന്തരകന്‍ എന്നു മലയാളത്തില്‍ വിളിപ്പേരുണ്ട്. ഇതേവര്‍ഷം മലപ്പുറം വേങ്ങരയില്‍ നിന്നാണ്  എനിഗ്മചന്ന ഗൊല്ലത്തെ കിട്ടുന്നത്. 120 ദശലക്ഷം വര്‍ഷം പഴക്കമുള്ള ജീവിവർ​ഗമാണ്  എനിഗ്മചന്ന ​ഗൊല്ലം.