വംശനാശം നേരിട്ടതായി കരുതുന്ന മീനുകളുടെ മുട്ട വിരിയിച്ച് ബ്രിസ്റ്റോള്‍. ബോക്‌സര്‍ പപ്ഫിഷ്‌ എന്ന അപൂര്‍വ്വയിനം മീനിന്റെ മുട്ടയാണ് ബ്രിസ്റ്റോള്‍ സുവോളജിക്കല്‍ സൊസൈറ്റിയില്‍ വിരിയിച്ചത്. ഡിസംബറിൽ വിപ്‌സ്‌നെയ്ഡ് മൃഗശാലയില്‍നിന്ന് ശേഖരിച്ച 50-ഓളം മുട്ടകളാണ് വിരിഞ്ഞത്. 

To advertise here,

ശുദ്ധജലമത്സ്യമായ ബോക്‌സര്‍ പപ്ഫിഷിന്റെ കുഞ്ഞുങ്ങള്‍ക്ക് ഏതാനും മാസം പ്രായമെത്തുമ്പോള്‍ ഒരു സെന്റിമീറ്ററില്‍ താഴെയാണ് വളര്‍ച്ചയുള്ളത്. മെക്‌സിക്കോയിലെ ചിചാന്‍കനാബ് തടാകത്തില്‍ മാത്രം കാണപ്പെടുന്ന ഏഴോളം പപ്ഫിഷ് സ്പീഷിസിലെ ഒരു സ്പീഷിസ് കൂടിയാണിവ.

രണ്ടുവര്‍ഷത്തിലേറെയായി ബോക്‌സര്‍ പപ്ഫിഷിന്റെ സാന്നിധ്യം തടാകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മായന്‍ സിക്ലിഡ് പോലുള്ള അധിനിവേശ മത്സ്യങ്ങളെ തടാകത്തില്‍ നിക്ഷേപിച്ചത് ബോക്‌സര്‍ പപ്ഫിഷുകളുടെ എണ്ണം കുറയാനുള്ള കാരണമായെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

ഭാവിയില്‍ വിപ്‌സ്‌നെയ്ഡ് മൃഗശാലയിലുള്ള ബോക്‌സര്‍ പപ്ഫിഷുകളും ബ്രിസ്റ്റോള്‍ സുവോളജിക്കല്‍ സൊസൈറ്റിയിലെ ബോക്‌സര്‍ പപ്ഫിഷുകളുമായി ചേര്‍ന്നൊരു പ്രജനന പദ്ധതിയാണ് അടുത്തതായി ഗവേഷകര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്ന് അപ്രത്യക്ഷമായാലും സംരക്ഷണ കേന്ദ്രങ്ങളില്‍ ഇവയുടെ എണ്ണം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.