
ഭാഗേശ്വര്‍: ഉത്തരാഖണ്ഡിലെ കുമയൂണ്‍ ഹിമാലയത്തിലെ ഭാഗേശ്വറില്‍ മയിലിനെ കണ്ടെത്തിയത് ആശങ്കള്‍ക്ക് കാരണമാവുന്നു. സമുദ്രനിരപ്പില്‍നിന്ന് 6,500 അടി ഉയരത്തിലുള്ള പ്രദേശത്താണ് മയിലിനെ കണ്ടെത്തിയത്. സാധാരണ നിലയില്‍ മയിലുകളെ സമുദ്രനിരപ്പില്‍നിന്ന് പരമാവധി 1,600 അടി ഉയരത്തില്‍ മാത്രമേ കാണാറുള്ളൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ടുമാസം മുമ്പ് ഭാഗേശ്വറില്‍നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള കാഫ്‌ലിഗൈറില്‍ തദ്ദേശവാസികള്‍ മയിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 5,200 അടി ഉയരത്തിലുള്ള പ്രദേശമാണിത്. കൂടുതല്‍ നിരീക്ഷണത്തിനായി ഇവിടെ ക്യാമറകളടക്കം സ്ഥാപിച്ചിരുന്നു.
ഒറ്റപ്പെട്ട സംഭവമല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വന്യജീവികളുടെ പലായനം ആവാസ്ഥവ്യവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് സൂചിപ്പിക്കുന്നത്.
മയിലിനെ കുമയൂണില്‍ കണ്ടെത്തിയത് അസ്വാഭാവികമാണെന്നതില്‍ ഒരു സംശയവുമില്ലെന്ന് ദെഹ്‌റാദൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ബി.എസ്. അധികാരി പറഞ്ഞു. സമതലങ്ങളിലും വനപ്രദേശങ്ങളിലുമാണ് മയിലിനെ കാണാറുള്ളത്. പര്‍വതമേഖലയില്‍ സാന്നിധ്യം സ്ഥിരീകരിച്ചത് കാലാവസ്ഥാമാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നും കൂടുതല്‍ പരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും കാരണം മൃഗങ്ങള്‍ പുതിയ പ്രദേശങ്ങളിലേക്ക് പലായനം ആരംഭിച്ചിരിക്കുന്നു. ഭക്ഷണോ വെള്ളമോ തേടിയാവാം ഇങ്ങനെ മാറുന്നതെന്നും ഭാഗേശ്വര്‍ വനംവകുപ്പിലെ റേഞ്ചറായ ശ്യാം സിങ് കാരയാട്ട് പറഞ്ഞു.
Content Highlights: Peacock spotted in unlikely heights in Uttarakhand- climate change to blame
Published: 06 Oct 2024, 08:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented