
ഇടുക്കി കാന്തല്ലൂരില്‍ മൂന്ന് വര്‍ഷത്തിനുശേഷം പട്ടിശ്ശേരി അണക്കെട്ടിന്റെ നിര്‍മാണം പുനരാരംഭിച്ചു. വിവിധ കാരണങ്ങളാല്‍ പണികള്‍ മുടങ്ങി കിടക്കുകയായിരുന്നു. കേരളം രൂപവത്കൃതമായതിനുശേഷം സംസ്ഥാന അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന ആദ്യ അണക്കെട്ടാണിത്. കാര്‍ഷിക മേഖലയിലുള്ള ജലസേചനം, കുടിവെള്ളം എന്നിവ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയാണിത്.
2014-ലാണ് പുതിയ അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങിയത്. 10 വര്‍ഷം കഴിഞ്ഞിട്ടും 70 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന മൂന്ന് ടി.എം.സി. വെള്ളം സംസ്ഥാനത്തിന് ശേഖരിക്കാം. ഇതിന്റെ ഭാഗമായാണ് അണക്കെട്ട് കെട്ടുന്നത്. ഈ വിധിയുടെ കാലാവധി 2032-ല്‍ അവസാനിക്കും. അതിനുമുന്‍പെങ്കിലും പട്ടിശ്ശേരി അണക്കെട്ട് പൂര്‍ത്തിയാകുമൊ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്നു കിടക്കുന്ന കാന്തല്ലൂരില്‍ ഡാം നിര്‍മിക്കുന്നതിനെതിരേ ആരംഭത്തില്‍ തമിഴ്‌നാട് ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെ തരണം ചെയ്താണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ കോവിഡും ഡാം പരിസരത്തെ കുടുംബങ്ങളുടെ പുനരധിവാസവും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണം വീണ്ടും ഡാം നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നു.
ഇതിനിടയില്‍ കരാറുകാരന്‍ രണ്ടുതവണ കരാറിന്റെ അടങ്കല്‍ തുക വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന ആവശ്യമുയര്‍ത്തി പണി നിര്‍ത്തിവെച്ചു. തുടക്കത്തില്‍ 24 കോടി രൂപയായിരുന്നു അടങ്കല്‍ തുക. തുടര്‍ന്ന് 46.8 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കി. പണിതുടങ്ങിയെങ്കിലും വീണ്ടും തുക വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന ആവശ്യവുമായി കരാറുകാരന്‍ രംഗത്തെത്തി. പിന്നെയും കൂട്ടി 56 കോടി രൂപയിലേക്ക് എത്തിയതോടെയാണ് പണി പുനരാരംഭിച്ചത്.
കഴിഞ്ഞ ബജറ്റില്‍ 14 കോടി രൂപ ഡാം അനുബന്ധ കനാലുകളുടെ നിര്‍മാണത്തിന് വകയിരുത്തിയിരുന്നു. സര്‍വ്വേ നടപടികള്‍ നടന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
മന്നവന്‍ചോലയിലെ തെളിനീര്‍
മന്നവന്‍ ചോലയില്‍ ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാനായി 33.2 മീറ്റര്‍ ഉയരവും 140 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് നിര്‍മിക്കുന്നത്. കാന്തല്ലൂര്‍ മേഖലയില്‍ കൃഷിയിടങ്ങളില്‍ ജലസേചനത്തിനും കുടിവെള്ള വിതരണവും ലക്ഷ്യമിട്ടാണ് ഡാം നിര്‍മിക്കുന്നത്. വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്വായി ഡാം നിര്‍മാണം മാറുകയും ചെയ്യും.
പട്ടിശ്ശേരിയില്‍ ഉണ്ടായിരുന്ന ചെറുതടയണ പൊളിച്ചാണ് പുതിയ ഡാം നിര്‍മിച്ചത്. ഡാം നിര്‍മാണം നീളുന്നതിനാല്‍ കൃഷി ചെയ്യുന്നതിന് വേനല്‍ക്കാലത്തേക്ക് വെള്ളം ശേഖരിച്ചുവെക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജലലഭ്യത ഇല്ലാത്തതിനാല്‍ കൃഷിയിടങ്ങള്‍ തരിശായി കിടക്കുന്നു.
Content Highlights: pattissery dam construction restarts kanthalloor idukki
Published: 20 Jun 2024, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented