ഇറ്റാന​ഗർ: എയർ ​ഗൺ സറണ്ടർ അഭിയാൻ പദ്ധതിപ്രകാരം അരുണാചൽപ്രദേശിൽ ഇതുവരെ ഹാജരാക്കിയത് 2,400-ലധികം എയർ ​ഗണ്ണുകൾ. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവന്നത്. വന്യജീവികളെയും പക്ഷികളെയും വേട്ടയാടുന്നത് തടയുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

To advertise here,

യുനെസ്കോ അടക്കമുള്ള ആ​ഗോള സംഘടനകളുടെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതികൂടിയാണിത്. അരുണാചലിലെ ജനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങളെയും ജെെവവെെവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പങ്കിട്ട ഉത്തരവാദിത്തത്തെ പദ്ധതി പ്രതിഫലിപ്പിക്കുന്നതായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖന്ധു സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. 

മാർച്ച് 2021-ലാണ് പദ്ധതി ആദ്യമായി പ്രചാരത്തിൽവരുന്നത്. ഉദ്ഘാടന ചടങ്ങിനിടെ 46 എയർ ​ഗണ്ണുകൾ പൗരന്മാർ ഹാജരാക്കിയിരുന്നു. സംസ്ഥാന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കൂടി പിന്തുണയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി ആരംഭിച്ചതിന് ശേഷം അരുണാചൽപ്രദേശിലെ ഒരുപാട് പേർ പദ്ധതിയുടെ ഭാ​ഗമായി. 

പലരും അവരുടെ എയർ ​ഗണ്ണുകളും ലെെസൻസ് ഉള്ള ​തോക്കുകളും പദ്ധതിയുടെ ഭാ​ഗമായി ഹാജരാക്കി. ചിലരാകട്ടെ അനധികൃതമായുളള മരംമുറിക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങളാണ് ഹാജരാക്കിയത്. ഇത് ഒരുപരിധിവരെ അനധികൃതമായുള്ള മരംമുറിക്ക് തടയിടുവാനുള്ള സാഹചര്യവും ഒരുക്കി. പദ്ധതി ഇതിനോടകം ഫലംകണ്ടുതുടങ്ങി.

പല പ്രദേശങ്ങളിലും പക്ഷികളുടെ സാന്നിധ്യം കൂടിയതിനൊപ്പം വന്യജീവികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പദ്ധതിക്ക് പ്രശംസയുമായി എത്തിയിരുന്നു. 2021 ഡിസംബറിൽ നടന്ന മൻ കി ബാത്ത് റേഡിയോ പരിപാടിക്കിടെ ജനങ്ങളെ പങ്കെടുപ്പിച്ചുള്ള പരിസ്ഥിതി പ്രവർത്തനത്തിന്റെ ഉത്തമോദാഹരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയെ ചൂണ്ടിക്കാണിച്ചു. 

മികച്ച സംരക്ഷണമാതൃകകളിലൊന്നായാണ് പദ്ധതിയെ യുനെസ്കോ എടുത്തുകാട്ടിയത്. വംശനാശഭീഷണി നേരിടുന്ന പല പക്ഷികളുടെയും പ്രധാന ആവാസവ്യവസ്ഥ കൂടിയാണ് അരുണാചൽപ്രദേശിന്റേത്. വരുംനാളുകളിൽ പൗരന്മാരിൽ പരിസ്ഥിതിബോധം പദ്ധതിയുടെ ഭാ​ഗമായി വളർത്തിയെടുക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ.