പെരിങ്ങോം (കണ്ണൂര്‍): വെള്ളോറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എടക്കോം സ്വദേശി സിജോ തോമസി(37)നെയാണ് വെള്ളോറയിലെ റബ്ബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഷൈന്‍ ചേനമറ്റത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടന്‍തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

To advertise here,

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. യുവാവിന്റെ നെഞ്ചിലാണ് വെടിയേറ്റിരുന്നത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റെന്നാണ് കരുതുന്നത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. തോക്കിനെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.