പഴങ്ങള്‍ കാണുമ്പോള്‍ കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത നിറമാണോ എന്ന് തോന്നിപ്പോകും. പക്ഷേ, ഈ തിളങ്ങുന്ന നീല നിറം പൂര്‍ണമായും സ്വാഭാവികമാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്.

ബ്ലൂ മാർബിൾ പഴം | Photo: By Daniel Ramirez from Honolulu, USA - Blue Marble CloseupUploaded by Jacopo Werther, CC BY 2.0, Link
ഏറെക്കാലമായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത് പ്രകൃതിയില്‍ യഥാര്‍ത്ഥ നീലനിറത്തിലുള്ള പഴങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു. ബ്ലൂബെറി, ബ്ലൂ കോണ്‍ തുടങ്ങിയവയെല്ലാം നീല എന്ന് വിളിക്കപ്പെട്ടാലും പര്‍പ്പിള്‍ അല്ലെങ്കില്‍ ഇന്‍ഡിഗോയുടെ വകഭേദങ്ങള്‍ മാത്രമാണ് അവയുടേത്. എന്നാല്‍ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഒരു അത്യപൂര്‍വ വൃക്ഷം ഈ ധാരണയെ മാറ്റിമറിക്കുകയാണ്.
എലിയോകാര്‍പസ് ആംഗുസ്റ്റിഫോളിയസ് (Elaeocarpus angustifolius) എന്ന ശാസ്ത്രനാമമുള്ള ഈ മരം ബ്ലൂ ക്വാണ്ടോങ്, ബ്ലൂ ഫിഗ്, ബ്ലൂ മാര്‍ബിള്‍ ട്രീ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഓസ്ട്രേലിയ, പാപ്പുവ ന്യൂഗിനി, ഇന്തോനേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത് വളരുന്നത്. നമുക്ക് സുപരിചിതമായ രുദ്രാക്ഷ വൃക്ഷത്തിന്റെ (Elaeocarpus ganitrus) ബന്ധുകൂടിയാണിത്. ഇതിന്റെ പഴങ്ങള്‍ കാണുമ്പോള്‍ കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത നിറമാണോ എന്ന് തോന്നിപ്പോകും. പക്ഷേ, ഈ തിളങ്ങുന്ന നീല നിറം പൂര്‍ണമായും സ്വാഭാവികമാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്.
സാധാരണ പിഗ്മെന്റുകള്‍ കാരണമുള്ള നിറങ്ങള്‍ പഴങ്ങള്ക്കുണ്ടാവാം. എന്നാല്‍ ഇത് അങ്ങനെയല്ല. മയില്പീലിയിലെയും ചിത്രശലഭ ചിറകുകളിലെയും നിറങ്ങള്‍ക്ക് സമാനമായി, പ്രകാശത്തെ വക്രീകരിക്കുന്ന ഒപ്റ്റിക്കല്‍ ഇഫക്ടാണ് ഇതിന് നീലനിറം നല്‍കുന്നത്. പഴത്തൊലിയില്‍ നാനോസ്കെയില് തലത്തില്‍ പാറ്റേണുകളായി ക്രമീകരിച്ച സെല്ലുലോസിന്റെ അതീവ നേര്‍ത്ത പാളികളാണ് ഇതിന് കാരണമെന്നാണ് നേച്ചര്‍, പിഎന്‍എഎസ് ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ പാളികള്‍ പ്രകാശത്തിന്റെ നീല തരംഗദൈര്‍ഘ്യങ്ങളെ മാത്രം പ്രതിഫലിപ്പിക്കുകയും മറ്റെല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു.
ശാസ്ത്രജ്ഞര്‍ ഈ നീല പിഗ്മെന്റ് വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചത് ചാരനിറമുള്ള പദാര്‍ത്ഥമാണ്. അതായത്, ഇത് രാസപരമായ പിഗ്മെന്റല്ല, പൂര്‍ണമായും ഭൗതികഘടനയുടെ (structural colour) ഫലമാണ്. നീലയും അള്‍ട്രാവയലറ്റ് പ്രകാശവും വ്യക്തമായി കാണാന്‍ കഴിയുന്ന പക്ഷികളെ ആകര്‍ഷിക്കാനാണ് ഈ അപൂര്‍വ സവിശേഷത പരിണാമം വഴി ഉണ്ടായതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ഇടതൂര്‍ന്ന മഴക്കാട്ടില്‍ പോലും ഈ തിളങ്ങുന്ന നീല പഴങ്ങള്‍ വേറിട്ട് നില്ക്കുന്നു; ദൂരെനിന്ന് പക്ഷികള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനും വിത്തുകള്‍ പ്രചരിപ്പിക്കാനും ഇത് സഹായിക്കുന്നു. അങ്ങനെ ബ്ലൂ ക്വാണ്ടോങ് പ്രകൃതിയുടെ ഒരു പരിണാമ രഹസ്യമായി നിലകൊള്ളുകയാണ്. പിഗ്മെന്റുകള്‍ക്ക് പകരം ഭൗതികശാസ്ത്രത്തെ ഉപയോഗിച്ച് അസാധാരണ നിറങ്ങള്‍ സൃഷ്ടിക്കാന്‍ പ്രകൃതിക്ക് കഴിയുമെന്നതിന്റെ അപൂര്‍വവും അതിമനോഹരവുമായ ഉദാഹരണം കൂടിയാണ് ഈ വൃക്ഷം.
Content Highlights: Discover the Elaeocarpus angustifolius, the world`s first truly blue fruit! Learn about its fascinating structural color and evolutionary secrets. Click to explore!
Published: 26 Nov 2025, 11:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented