കണ്ണൂര്‍: നാടുകാണിയില്‍ സഫാരി പാര്‍ക്ക് തുടങ്ങാന്‍ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആലക്കോട് സംസ്ഥാനപാതയുടെ അരികിലായി സ്ഥിതിചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക.

To advertise here,

256 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂവകുപ്പിന് വിട്ടുനല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യുവകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കൂടുകളില്‍ അല്ലാതെ സ്വാഭാവിക വനാന്തരീക്ഷത്തില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പന ചെയ്യുന്നത്. നിലവിലുള്ള പ്രകൃതി അതേപോലെ നിലനിര്‍ത്തി സ്വഭാവികവനവത്കരണം നടത്തിയാണ് പാര്‍ക്കിന്റെ രൂപകല്പന. സഞ്ചാരികളെ കവചിതവാഹനങ്ങളിലാണ് പാര്‍ക്കിലൂടെ യാത്രചെയ്യിപ്പിക്കുക.

പാര്‍ക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയുമുണ്ടാകും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെ നിര്‍ദിഷ്ട പാര്‍ക്കിലേക്ക് ആഗിരണം ചെയ്യും. യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, പി.പ്രസാദ്, എം.വി. ഗോവിന്ദന്‍ എം.എല്‍.എ., ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുത്തു.