ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന് തമിഴിലെ പ്രാചീന കാവ്യഗ്രന്ഥമായ തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഈ കൈമാറ്റം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് 2026-ൽ പുറത്തിറക്കിയ ഈ പതിപ്പിൽ തമിഴ് വരികളും അവയുടെ ഉച്ചാരണവും അർമേനിയൻ എഴുത്തുകാരിയും ഗവേഷകയുമായ നൈറ മകൃത്ച്യാൻ തയ്യാറാക്കിയ റഷ്യൻ പരിഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദം ശക്തമാക്കാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
നൂറ്റാണ്ടുകളായി ഇന്ത്യൻ തത്ത്വചിന്ത റഷ്യൻ ചിന്തകരേയും എഴുത്തുകാരേയും സ്വാധീനിച്ചിട്ടുണ്ട്. 17-ാം നൂറ്റാണ്ടുമുതൽതന്നെ ഇന്ത്യൻ സാഹിത്യങ്ങൾ റഷ്യയിൽ പ്രചരിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭാഷകളിലുള്ള വിവർത്തനങ്ങളിലൂടെയാണ് പ്രശസ്ത റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ് തിരുക്കുറൾ പരിചയപ്പെടുന്നത്. ഇതിലെ അഹിംസ, കരുണ, ധർമം എന്നീ ആശയങ്ങൾ ടോൾസ്റ്റോയിയുടെ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് മഹാത്മാ ഗാന്ധിയുമായുള്ള കത്തിടപാടുകളിലൂടെ ടോൾസ്റ്റോയ് തിരുക്കുറളിനെക്കുറിച്ച് പരാമർശിക്കുകയും ഗാന്ധിജിക്ക് ഇത് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിന്റെ അധ്യാപനങ്ങളാണ് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയതെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ ഇത് കൃത്യമായി സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല.
തിരുവള്ളുവർ രചിച്ച തിരുക്കുറളിൽ 133 അധ്യായങ്ങളിലായി 1,330 ഈരടികളാണുള്ളത്. അറം (ധർമം), പൊരുൾ (അർഥം), ഇമ്പം (കാമം) എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചത്. ഭാരതീയ തത്ത്വചിന്തയിലെ ധർമം, അർഥം, കാമം എന്നിവയോട് ഇവ സാമ്യം പുലർത്തുന്നുണ്ടെങ്കിലും മോക്ഷം എന്ന സങ്കല്പം ഇതിലുൾപ്പെടുത്തിയിട്ടില്ല. ബി.സി. 300-നും എ.ഡി. 500-നുമിടയിൽ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ കൃതി, ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുക്കുറളിനെ നയതന്ത്രതലത്തിൽ ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകമായി നിരന്തരം ഉയർത്തിക്കാട്ടാറുണ്ട്. ഉസ്‌ബെക്കിസ്താൻ, പാപ്പുവ ന്യൂഗിനി, തായ്‌ലാൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്ക് തിരുക്കുറൾ പരിചയപ്പെടുത്തുകയോ സമ്മാനിക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തും പ്രധാന സന്ദർഭങ്ങളിൽ അദ്ദേഹം ഈ ഗ്രന്ഥത്തിലെ ആശയങ്ങൾ ഉദ്ധരിക്കാറുണ്ട്. 2020-ൽ ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്തപ്പോഴും, ജൽ ജീവൻ മിഷൻ പ്രഖ്യാപിച്ച 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും തിരുക്കുറളിലെ വരികൾ ഉദ്ധരിച്ചാണ് മോദി സംസാരിച്ചത്.
Published: 11 Sept 2026, 07:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented