പുല്പള്ളി (വയനാട്): കാർഷിക കുടിയേറ്റമേഖലയായ മുള്ളൻകൊല്ലിയെ ക്വാറികൾ കാർന്നുതിന്നുകയാണ്. 71.58 ചതുരശ്രകിലോമീറ്ററിലുള്ള ഈ കൊച്ചു ഗ്രാമപ്പഞ്ചായത്തിൽ നിലവിൽ മൂന്നു കരിങ്കൽ ക്വാറികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിൽനിന്നും അഞ്ച് കാറികൾക്ക് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകിയിട്ടുണ്ട്. പ്രവർത്തനാനുമതിക്കുള്ള അപേക്ഷ നൽകി കാത്തിരിക്കുന്ന ക്വാറികൾ വേറെയുമുണ്ട്. ക്വാറി ലൈസൻസിനുവേണ്ടി അപേക്ഷ നൽകുന്നതിനുള്ള രേഖകൾക്കായി അണിയറനീക്കം നടത്തുന്നവരും ഒട്ടേറെയുണ്ട്. വരൾച്ചയും കാലാവസ്ഥാ വ്യതിയാനവുമടക്കമുള്ള ഒട്ടേറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന മുള്ളൻകൊല്ലിയിൽ, ക്വാറികളുടെ പ്രവർത്തനം ഇവിടത്തെ പാരിസ്ഥിതികസന്തുലനത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.
ക്വാറികളുടെ പ്രവർത്തനം വീണ്ടും സജീവമായതോടെ ജനങ്ങളും വലിയ ആശങ്കയിലാണ്. ക്വാറികൾക്കുനേരേയുള്ള പ്രതിഷേധങ്ങളും പരാതികളുമൊന്നും ഫലമുണ്ടാക്കുന്നില്ല. ക്വാറികളുടെ പ്രവർത്തനത്തിന് അനുമതി നൽകുന്നത് ചോദ്യംചെയ്ത് ജനങ്ങളെത്തുമ്പോൾ സാങ്കേതികത്വങ്ങൾ പറഞ്ഞും പരസ്പരം പഴിചാരിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൈയൊഴിയുകയാണ്. കുന്നുകളെ തുരന്ന് പാറഖനനത്തിന് യഥേഷ്ടം വിട്ടുകൊടുക്കുന്നതിലൂടെ ഗുരുതരമായ പാരിസ്ഥിതികാഘാതം വിലകൊടുത്ത് വാങ്ങുകയാണെന്നാണ് ആക്ഷേപം.
അനുമതികൾവേണം
• മലിനീകരണ നിയന്ത്രണബോർഡ്, എക്സ്പ്ലോസീവ്, പാരിസ്ഥിതികാനുമതി, പഞ്ചായത്ത്, മൈനിങ് ആൻഡ് ജിയോളജി എന്നിവരുടെ അനുമതിയാണ് ക്വാറികൾക്ക് വേണ്ടത്.
•ക്വാറി പ്രവർത്തിക്കാൻ രണ്ടുതരം ലൈസൻസുകളാണ് നൽകുന്നത്. ഓരോ വർഷത്തേക്കുള്ള ഷോർട്ട് ടൈം പെർമിറ്റുകളും അഞ്ചുമുതൽ 12 വർഷത്തേക്കുള്ള മൈനിങ് ലീസുകളും. ഒരു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്കാണ് ഒരുവർഷത്തേക്ക് പെർമിറ്റ് നൽകുന്നത്.
എന്താണ് മുള്ളൻകൊല്ലിയിലേക്ക്
•മുള്ളൻകൊല്ലിയിലെ ഭൂമിക്കടിയിൽ സമ്പന്നമായ വലിയ കരിങ്കൽ പാറകൾതന്നെയാണ് പ്രധാന ആകർഷണം. നല്ല കട്ടിയുള്ള പാറയാണിവിടെയുള്ളത്. അധികം മണ്ണ് നീക്കം ചെയ്യാതെതന്നെ കരിങ്കൽഖനനം നടത്താനാവും
•ഇവിടത്തെ ഭൂമിയിലധികവും ജന്മം പട്ടയങ്ങളാണ്. ഇത് ലൈസൻസ് ലഭിക്കുന്നതിന് സഹായകമാണ്.
•ഭൂപതിവ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായതിനാൽ എൽ.എ. പട്ടയഭൂമിയിലെ ക്വാറി-ക്രഷർ വ്യവസായം തുടങ്ങാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാൻ കഴിഞ്ഞ മാസം അവസാനം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതും ക്വാറി ഉടമകളെ മുള്ളൻകൊല്ലിയിലേക്ക് അടുപ്പിക്കുന്നു.
ഭൂഗർഭജലനിരപ്പ് താഴുന്നു
തീവ്രതയേറിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ശക്തമായ സ്ഫോടനങ്ങൾ സൃഷ്ടിച്ച് പാറ പൊട്ടിച്ചുമാറ്റുമ്പോൾ ഉണ്ടാകുന്ന ആഘാതം ഒരുപ്രദേശത്തെ വാട്ടർ ടേബിളിനെ സാരമായി ബാധിക്കുകയും ഭൂഗർഭജലനിരപ്പ് താഴേക്ക് പോകാനിടയാക്കുകയുംചെയ്യും. ഇത്തരം തുടർസ്‌ഫോടനങ്ങൾ ഭൂഗർഭജലം സംഭരിച്ച് വെക്കാനുള്ള ശേഷിയെ ഇല്ലാതാക്കുമെന്നും ഈരംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.
മലയിടിച്ചിൽ ഭീഷണി
അപകടസാധ്യതയുള്ള ചെരിവുള്ളപ്രദേശങ്ങളിൽ ഭൂമിയിലെ ചെറിയ കുലുക്കംപോലും മലയിടിച്ചിലിനും കാരണമായേക്കാം. കനത്തമഴയിൽ മണ്ണിനടിയിൽ മർദം വർധിക്കുന്ന സമയത്ത് ക്വാറികളിലെ സ്‌ഫോടനം ഭൂമിയുടെ അടിത്തട്ടിലെ കരിങ്കൽപാളികളിലുണ്ടാക്കുന്ന കുലുക്കവും വിള്ളലും മലയിടിച്ചിലുണ്ടാക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്. മണ്ണിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന മലയിടിച്ചിലിനേക്കാൾ പതിന്മടങ്ങ് ശക്തമായിരിക്കും ഇതെന്നും വിദഗ്ധർ പറയുന്നു.
ശിശുമല
സമുദ്രനിരപ്പിൽനിന്നും 948 മീറ്റർ ഉയരത്തിലാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ ശിശുമല സ്ഥിതിചെയ്യുന്നത്. ഈ മലയിലും ചുറ്റുവട്ടങ്ങളിലുമായാണ് കരിങ്കൽ ക്വാറികളുള്ളത്. 2018-ലെ മഴക്കാലത്ത് ഈ മലമുകളിൽനിന്നും വലിയ ഉറവ പൊട്ടിയൊലിച്ചത് ഉരുൾപൊട്ടലിന് കാരണമാകുമോയെന്ന ആശങ്കയുയർത്തിയിരുന്നു. തുടർച്ചയായുണ്ടാകുന്ന സ്‌ഫോടനങ്ങൾ മലയിലെ കരിങ്കൽ പാളികളിൽ വിള്ളലുകളുണ്ടാക്കാമെന്നും അത് ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ഈഭാഗത്ത് മഴ കുറവായതാണ് മറ്റ് അനിഷ്ടസംഭവങ്ങളിലേക്ക് പോവാത്തത്. അതിതീവ്രമഴ ലഭിച്ചാൽ ദുരന്തസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കാലാവസ്ഥ മാറുന്നു
കർണാടകയുമായി അതിർത്തിപങ്കിടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ കാലാവസ്ഥ അസാധാരണമാംവിധം മാറിക്കൊണ്ടിരിക്കുകയാണ്. വലിയതോതിലുള്ള മരംമുറിയും ഖനനവും ഇതിന് വഴിയൊരുക്കുന്നുവെന്നതാണ് ആരോപണം. നൂൽമഴ പെയ്തുകൊണ്ടിരുന്ന ഈ നാട്ടിലിപ്പോൾ ചൂടുകാറ്റും വരൾച്ചയുമാണ്. ഡെക്കാൻ പശ്ചിമഘട്ടത്തെ കടന്ന് വയനാട്ടിലേക്ക് കടക്കുന്നതിന്റെ പ്രകടമായ സൂചനയായി ഇതിനെ കാണാം. മുള്ളൻകൊല്ലിപ്രദേശം മരുവത്കരണത്തിലേക്ക് കടന്നുകഴിഞ്ഞു.
പഞ്ചായത്ത് ലൈസൻസ് നൽകിയ ക്വാറികൾ
ശിശുമല-പുല്പള്ളി സ്റ്റോൺ ക്രഷേഴ്സ്
ചണ്ണോത്തുകൊല്ലി-പുല്പള്ളി സ്റ്റോൺ ക്രഷേഴ്സ്
മരക്കടവ് ഡിപ്പോ-സുധീഷ് അടയ്ക്കാത്തോട്ടത്തിൽ
മരക്കടവ് ഡിപ്പോ-സുധീഷ് അടയ്ക്കാത്തോട്ടത്തിൽ
പാടിച്ചിറ-സുകുമാരൻ ഇരുൾകുന്നുമ്മൽ
നിലനിൽപ്പിനെ ബാധിക്കും
ക്വാറികളുടെ പ്രവർത്തനം ശിശുമലക്കുന്നിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മലയുടെ ചുറ്റുവട്ടത്തായി താമസിക്കുന്നത്. ഇവിടത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും സൂക്ഷ്മ കാലാവസ്ഥ നിയന്ത്രിക്കുന്നതിലുമെല്ലാം ശിശുമല വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ മലയില്ലാതായാൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കെത്തും. സ്‌ഫോടനങ്ങളുടെ ആഘാതംമൂലം ഭൂമിക്കടിയിലെ കരിങ്കൽപാളികളിൽ വിള്ളലുകളുണ്ടാക്കുകയും അത് ഭൂഗർഭജലശേഖരം വാർന്നുപോകുന്നതിനും കാരണമാകും. ഇത് ക്രമേണ ഭൂഗർഭജലനിരപ്പ് താഴുന്നതിനിടയാക്കും., പി.യു. ദാസ്, മണ്ണുഗവേഷകൻ, മുൻ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ.
Content Highlights: Mullankolly Three granite quarries within 71.58 sq km
Published: 27 Aug 2024, 07:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented