
വളാഞ്ചേരി: രണ്ട് മനുഷ്യജീവനുകളും ഭക്ഷ്യോത്പന്നങ്ങളും സുരക്ഷിതമാക്കണമെന്ന ചിന്തയായിരുന്നു ആതവനാട് ഊരോത്ത് പള്ളിയാലിൽ നിയന്ത്രണം നഷ്ടപ്പെട്ട് കരിങ്കൽക്വാറിയിലേക്ക് കൂപ്പുകുത്തിയ മിനി ലോറിയിലെ ഡ്രൈവർ മലപ്പുറം ചട്ടിപ്പറമ്പ് കാട്ടിക്കുളങ്ങര ജാഫറിന്റെ ഉള്ളിൽ. നിയന്ത്രണമില്ലാതെ മുന്നോട്ടുപോകുന്ന വാഹനം നിർത്താൻപറ്റിയ സ്ഥലം നോക്കുന്നതിനിടെ കണ്ട ചെമ്മൺറോഡിലേക്ക് ലോറിയെടുത്തു. റോഡിന്റെ ഒരുവശത്ത് ക്വാറി ശ്രദ്ധയിൽപ്പെട്ട ജാഫർ കുറച്ചുകൂടി മുന്നോട്ടെടുത്തത് എതിർവശത്തെ പറമ്പിലേക്ക്.
എന്നാൽ അത് പറമ്പല്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ലോറി അറുപത്തഞ്ചടിയിലേറെ ആഴമുള്ള ക്വാറിയിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഒരു റോഡിന്റെ ഇരുവശങ്ങളിലുമായി വർഷങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുന്ന ക്വാറികൾ. അപകടം സംഭവിച്ചപ്പോൾത്തന്നെ സമീപത്തുള്ളവരും മറ്റും ഓടിയെത്തിയെങ്കിലും ആർക്കും ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയായിരുന്നു. ക്വാറിയുടെ ചുറ്റിലും മണ്ണും ചരലുമാണധികവും, അതിനാൽ ക്വാറിയിലേക്ക് എത്തിനോക്കുന്നതുപോലും അപകടമാണ്.
കാർത്തലയിൽനിന്ന് ആതവനാട്ടേക്ക് വരുന്ന റോഡിൽ ചെങ്കുത്തായ ഇറക്കമാണ്.
ഇതൊരു അപകടമേഖലയാണ്. മുമ്പും ഇവിടെ അപകടങ്ങൾ നടന്നതായി പോലീസും നാട്ടുകാരും പറയുന്നുണ്ട്. ഇവിടെ ക്വാറിയുണ്ടെന്ന മുന്നറിയിപ്പ് ബോർഡുകൾ വെക്കാത്തത് വെള്ളിയാഴ്ച ഉണ്ടായ ദാരുണമായ അപകടത്തിന് ഒരു കാരണമാണെന്ന് പറയാം.
അതിനിടെ പഞ്ചായത്തിലെ അപകടമേഖലകളിൽ സൂചനാബോർഡുകൾ സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിൽ സൂചനാബോർഡുകൾ സ്ഥാപിക്കാനും സാധ്യമെങ്കിൽ സുരക്ഷാഭിത്തികൾ നിർമിക്കാനും നടപടി ഉണ്ടാവുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് ഉറപ്പുനൽകിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ പറഞ്ഞു.
മിനിലോറി ക്വാറിയിൽവീണ് യുവാവ് മരിച്ചു
വളാഞ്ചേരി: ആതവനാട് ചെമ്പിക്കലിനടുത്ത് ഊരോത്ത്പള്ളിയാൽ സ്പിന്നിങ്മില്ലിനുസമീപം മിനിലോറി കരിങ്കൽക്വാറിയിലേക്കു വീണ് യുവാവ് മരിച്ചു. ലോറി ക്വാറിയിലെ 65 അടി താഴ്ചയുള്ള വെള്ളത്തിൽ മുങ്ങിപ്പോയി. ഡ്രൈവർ നീന്തിരക്ഷപ്പെട്ടു.
മിനിലോറിയിലെ സഹായി മേൽമുറി പൈത്തിനിപ്പറമ്പ് കുന്നത്തൊടി വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ മകൻ മുസ്തഫ(43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഡ്രൈവർ മലപ്പുറം കാട്ടികുളങ്ങര ജാഫർ നീന്തി രക്ഷപ്പെട്ടു. ആറരമണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ രാത്രി 7.40 ഓടെയാണ് മിനിലോറി വെള്ളത്തിൽനിന്ന് ഉയർത്താനായത്. നാൽപ്പതു വർഷംമുമ്പ് ഉപേക്ഷിച്ച ക്വാറിയാണിത്.
അരി, ഗോതമ്പ്, മസാലപ്പൊടികൾ ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. തിരൂരിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും സ്‌കൂബാ ഡൈവേഴ്സും വളാഞ്ചേരി എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ കാബിൻ പൂർണമായും തകർന്നതിനാൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രാത്രി മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
ലോറി പുറത്തെടുക്കാൻ ദേശീയപാത 66-ന്റെ കരാർകമ്പനിയായ കെ.എൻ.ആർ.സി.എല്ലിന്റെ ക്രെയിനും ഉപയോഗിച്ചു.
പരേതരായ കുന്നത്തൊടി മൊയ്തീൻകുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ് മുസ്തഫ. ഭാര്യ: സുഹൈല. മക്കൾ: ശാമിൽ, ഫാത്തിമ റിദ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മജീദ്, ഫാത്തിമ, ഖദീജ, ആസ്യ, റസിയ, മറിയുമ്മ.
Content Highlights: Fatal Quarry Accident in Valanchery Claims Life, Highlights Safety Concerns
Published: 21 Feb 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented