കൊല്ലം: ക്വാറി ഉത്‌പന്നങ്ങളുടെ വില വീണ്ടും കൂട്ടി. കൊല്ലം ജില്ലയിൽ ഒരു ഘനയടി എം-സാൻഡ്, മെറ്റൽ എന്നിവയ്ക്കെല്ലാം രണ്ടുരൂപവീതമാണ് വർധന. കരിങ്കല്ലിനും വില വർധിപ്പിച്ചു. പാറ, എം-സാൻഡ്, മെറ്റൽ തുടങ്ങിയ നിർമാണസാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ മൂന്നുമാസത്തെ അടിയന്തര വിലക്കേർപ്പെടുത്തിയതിനുശേഷം വില കുതിച്ചുകയറുകയാണ്. പാറ ഉത്പന്നങ്ങൾക്ക് അതിരൂക്ഷമായ ക്ഷാമവുമുണ്ട്.

To advertise here,

കൊല്ലത്ത് ഒരു ഘനയടി മെറ്റലിനും എം-സാൻഡിനും ജൂലായ് മാസത്തിൽ മൂന്നുതവണയായി ഒൻപതുരൂപയുടെ വർധന വരുത്തിയിരുന്നു. വ്യാഴാഴ്ച രണ്ടുരൂപയുടെ വർധന വരുത്തിയതോടെ, 200 ഘനയടിയുടെ ഒരു ലോഡ് ക്വാറി ഉത്പന്നത്തിന്‌ ഒന്നരമാസത്തിനിടെ 2,200 രൂപയാണ് വർധിച്ചത്. ദേശീയപാത 66 നവീകരണം, വിഴിഞ്ഞം തുറമുഖ വികസനം, െറയിൽവേ സ്റ്റേഷനുകളുടെ നവീകരണം, തിരുവനന്തപുരം-കന്യാകുമാരി, എറണാകുളം-അമ്പലപ്പുഴ എന്നീ റെയിൽപ്പാതകളുടെ ഇരട്ടിപ്പിക്കൽ തുടങ്ങിയ വൻപദ്ധതികളും ചെറുകിട വീടുനിർമാണവുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

തമിഴ്നാട്ടിലെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നീ അതിർത്തി ജില്ലകളിലെ ക്വാറികളിൽനിന്നാണ്‌ ദേശീയപാത നിർമാണത്തിനാവശ്യമായ കരിങ്കല്ലും മെറ്റലുമെല്ലാം എത്തിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസന പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വീട് നിർമാണം, റോഡുകൾ, പാലങ്ങൾ എന്നിവ ഏറ്റെടുത്തിട്ടുള്ള സാധാരണ കരാറുകാർക്ക് കരിങ്കല്ല് ഉത്‌പന്നങ്ങളുടെ ക്ഷാമം വലിയ തിരിച്ചടിയാകും.

വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിനായി പുലിമുട്ട് നിർമിക്കുന്നതിന് 50 ലക്ഷം ടൺ പാറ ആവശ്യമുണ്ട്. 15 ലക്ഷം ടൺ മാത്രമേ ഇതുവരെ എത്തിച്ചിട്ടുള്ളൂ. കേരളത്തിൽ നിലവിൽ അഞ്ഞൂറിൽ താഴെ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ ഉത്പന്നങ്ങൾകൊണ്ട് സംസ്ഥാനത്തെ മൊത്തം ആവശ്യത്തിന്റെ പകുതിപോലും പൂർത്തീകരിക്കാനാകില്ല.

തമിഴ്നാട്ടിലെ ആഭ്യന്തര വികസന ആവശ്യങ്ങൾക്കുള്ള ക്ഷാമം പരിഹരിക്കാനും അതിർത്തി കടന്നുള്ള അമിതഭാരം കയറ്റിയ ലോറികൾ കാരണം റോഡുകൾ തകരുന്നത് തടയാനുമാണ് തമിഴ്നാട് നിയന്ത്രണം കൊണ്ടുവന്നത്. സർക്കാരിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കേരളത്തിലെ നിർമാണമേഖല സ്തംഭിക്കുമെന്നാണ് കരാറുകാർ പറയുന്നത്.