സമുദ്രമത്സ്യ ഗവേഷണത്തിൽ പൊതുജനങ്ങളെ സഹകരിപ്പിക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) രംഗത്ത്. ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന കടൽമത്സ്യയിനങ്ങളുടെ സമ്പൂർണ സചിത്രഡേറ്റബേസ് പൊതുജനപങ്കാളിത്തത്തിൽ വികസിപ്പിക്കുന്നതിനായി ‘മാർലിൻ@സിഎംഎഫ്ആർഐ’ എന്ന പേരിലുള്ള ആപ്പാണ് സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ തീരങ്ങളിൽ പിടിക്കപ്പെടുന്ന മീനുകളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും മാർലിൻ ആപ്പിൽ അപ്ലോഡ് ചെയ്യാം. ഈ വിവരങ്ങൾ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യയിനങ്ങളെ കൃത്യമായി തിരിച്ചറിയാനും മറ്റ് ശാസ്ത്രീയ വിവരശേഖരണത്തിനും സി.എം.എഫ്.ആർ.ഐയെ സഹായിക്കും. കടൽ മത്സ്യസമ്പത്തിന്റെ സചിത്രഡേറ്റാബേസ് തയ്യാറാക്കാനും ഇത് വഴിയൊരുക്കും.
ഭാവിയിൽ എഐ സഹായത്തോടെ, മൊബൈലിൽ മീനിന്റെ ദൃശ്യം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ അതിന്റെ സമ്പൂർണവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം വികസിപ്പിക്കുകയാണ് ആപ്പ് വഴിയുള്ള സചിത്ര വിവരശേഖരണത്തിന്റെ ലക്ഷ്യം. ജിയോടാഗിംഗ് ഉള്ളതിനാൽ വിവരം കൈമാറുന്ന മത്സ്യയിനങ്ങളുടെ കൃത്യമായ സ്ഥലം രേഖപ്പെടുത്താനാകും. ഇത് മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട പഠനങ്ങൾ കുറ്റമറ്റതാക്കാൻ സഹായിക്കും. സമുദ്രസമ്പത്തിന്റെ സംരക്ഷണത്തിൽ താൽപര്യമുള്ളവരെ കോർത്തിണക്കുന്ന പരസ്പരസഹകരണ സംരംഭമാണിതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ പറയുന്നു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് പൊതുജനങ്ങളെ കൂടി സമുദ്രഗവേഷണത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി.
കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സമുദ്രജൈവവൈവിധ്യത്തെ കൂടുതൽ അടുത്തറിയാനും പൊതുജനങ്ങൾക്ക് ഈ മൊബൈൽ ആപ്പ് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. സി.എം.എഫ്.ആർ.ഐയുടെ ഫിഷറി റിസോഴ്സ് അസസ്മെൻ്റ്, ഇക്കണോമിക്സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിലെ ഡോ എൽദോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രോജക്ടിന് കീഴിലാണ് ആപ്പ് വികസിപ്പിച്ചത്. ലാൻഡിംഗ് സെൻ്ററുകളിൽ നിന്ന് പകർത്തിയ മീനുകളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റബേസ്, കടൽമീനുകളുടെ ഓരോ ഹാർബറുകളിലെയും ലഭ്യത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മനസ്സിലാക്കാൻ ഭാവിയിൽ സഹായകരമാകുമെന്ന് ഡോ എൽദോ വർഗീസ് പറഞ്ഞു. നിർമിതബുദ്ധി അൽഗോരിതം ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിക്കുകയെന്ന് സി.എം.എഫ്.ആർ.ഐ അറിയിച്ചു.
Content Highlights: mobile app for fish research by cmfri
Published: 28 Mar 2024, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented