കൊച്ചി: ജന്തർമന്തറിൽ കോക്രോച്ച് ജനതാപാർട്ടിയുടെ സമരത്തിനിടെ കൊണ്ടുവന്ന ഇന്റർനെറ്റ് നിയന്ത്രണം വഴിതുറന്നത് പുതുതലമുറ മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിലേക്ക്. ട്വിറ്ററിന്റെ സഹസ്ഥാപകൻ ജാക് ഡോഴ്‌സി വികസിപ്പിച്ച ബിറ്റ്ചാറ്റ് ഉൾപ്പെടെയുള്ള മെസ്സേജിങ് സംവിധാനങ്ങൾ ജന്തർമന്തർ സമരത്തിനിടെ ആശയവിനിമയത്തിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടതായാണ് കണ്ടെത്തൽ.

To advertise here,

മൊബൈൽ നെറ്റ് വർക്കിന്റെയും ഇന്റർനെറ്റിന്റെയും പിന്തുണ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഒട്ടേറെ സുരക്ഷാപ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. വ്യക്തിഗത വിവരങ്ങളുടെ ചോർച്ച മുതൽ രാജ്യസുരക്ഷയ്ക്ക് ഭീഷണി വരെ സൃഷ്ടിച്ചേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്റർനെറ്റ് നിരോധനത്തിനും സോഷ്യൽമീഡിയ ഷട്ട് ഡൗണിനുമൊന്നും തങ്ങളെ തളർത്താനാകില്ലെന്ന പ്രഖ്യാപനവുമായാണ് സമരമുഖത്ത് ബിറ്റ്ചാറ്റ് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മാത്രമല്ല ബിറ്റ്ചാറ്റ് നിരോധിക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്തകൾ പരന്നതോടെ ഇതുപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയതോതിൽ വർധനവുണ്ടായി.

നിരോധനവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെ ഒരു ലക്ഷത്തോളം പേർ അത് ഡൗൺലോഡ് ചെയ്തു. നിരോധനം വന്നതോടെ അത് മൂന്നരലക്ഷത്തോളമായി ഉയർന്നു. നിരോധനമെന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് വലിയ സ്വീകാര്യത നൽകുകയാണ് ചെയ്യുന്നതെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധനായ നന്ദകിഷോർ ഹരികുമാർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം ആപ്ലിക്കേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ആശയവിനിമയം ട്രാക്ക് ചെയ്യുകയെന്നത് അന്വേഷണ ഏജൻസികൾക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിറ്റ്ചാറ്റ് പോലെ ഓഫ് ലൈനായിട്ടുള്ള മെസേജിങ് ആപ്ലിക്കേഷനുകൾ നിലവിൽ ഏറെ ലഭ്യമാണ്. ഓപ്പൺസോഴ്‌സ് ആപ്ലിക്കേഷനുകളാണിത്. ഇന്റർനെറ്റ് നിരോധനമുണ്ടെങ്കിലും ആശയവിനിമയം സാധ്യമാകും.

ബ്ലൂടൂത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. നിശ്ചിത പരിധിയ്ക്കകത്തുള്ള, ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകൾ തമ്മിൽ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന രീതിയിൽ എളുപ്പം സന്ദേശങ്ങൾ കൈമാറാം. ഡാറ്റ കണക്ടിവിറ്റിയും ഇന്റർനെറ്റും നിയന്ത്രിച്ചിട്ടും കാര്യമില്ലെന്ന് ചുരുക്കം.

ഫോൺനമ്പറും ഇ മെയിലും നൽകി അക്കൗണ്ട് തുടങ്ങേണ്ടതില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ദുരന്തമുഖങ്ങളിൽ ഉപയോഗിക്കാമെന്ന നേട്ടവും ഈ സാങ്കേതികവിദ്യയ്ക്കുണ്ട്. എന്നാൽ, ദുരുപയോഗവും സുരക്ഷാപ്രശ്നങ്ങളും വലിയ ശ്രദ്ധ നൽകേണ്ട വിഷയം തന്നെയാണ് - നന്ദകിഷോർ പറയുന്നു.