ഫെഡറൽ ജീവനക്കാർ ഉപയോഗിക്കുന്ന വർക്ക് ഫോണുകളിൽ വെറ്റ്ഹൗസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് നിർബന്ധമാക്കാൻ ട്രംപ് ഭരണകൂടം. എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ ഫോണുകളിൽ ആപ്പ് സ്വയം ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന തരത്തിൽ പദ്ധതി നടപ്പാക്കാനാണ് നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രീ ഇൻസ്റ്റാൾ ചെയ്ത സർക്കാർ ആപ്പുകൾ പോലെ ഇത് പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

To advertise here,

വൈറ്റ്ഹൗസിൽനിന്ന് നേരിട്ടുള്ള നിർദേശത്തെ തുടർന്ന് അടുത്ത ആഴ്ചയോടെ ഫെഡറൽ ഏജൻസികൾ ഡൗൺലോഡ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വർഷം ആദ്യം പുറത്തിറക്കിയ ഈ ആപ്പ് അമേരിക്കൻ ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങൾ, ലൈവ് സ്ട്രീമുകൾ, നയപരമായ അപ്‌ഡേറ്റുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനുള്ളതാണ്.

അതിനിടെ, ഈ നീക്കത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. ആപ്പിൽ രാഷ്ട്രീയ സന്ദേശങ്ങളും പ്രചാരണ ശൈലിയിലുള്ള ഉള്ളടക്കവും അടങ്ങിയിരിക്കുന്നു എന്നതാണ് എതിർപ്പ് ഉയരാനുള്ള ഒരു കാരണം. ഫെഡറൽ ജീവനക്കാർക്ക് ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. ഈ ആശയത്തിന് വിരുദ്ധമാണ് ആപ്പിലെ ഉള്ളടക്കമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യത സംബന്ധിച്ച ആശങ്കകൾ സൈബർ സുരക്ഷാ വിദഗ്ധരും ഉന്നയിച്ചിട്ടുണ്ട്. ലൊക്കേഷൻ ട്രാക്കിങ്ങിന് ഈ ആപ്പ് ഉപയോഗിച്ചതായും മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കുവെക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സർക്കാർ ഡിവൈസുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫെഡറൽ ഏജൻസി ജീവനക്കാർക്കിടയിൽ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയരുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

പൊതുജനങ്ങൾക്ക് ലഭ്യമായ അതേ പതിപ്പാണ് ഫെഡറൽ ജീവനക്കാരുടെ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജോലിയുമായി ബന്ധപ്പെട്ട പ്രത്യേക സവിശേഷതകളൊന്നും ആ ആപ്പിനില്ല. എന്നാൽ, തലവേദ സൃഷ്ടിക്കാനിടയുള്ള മറ്റൊരു സവിശേഷത ഈ ആപ്പിനുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ടെക്സ്റ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണിത്. ഒരു ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ എക്കാലത്തെയും ഏറ്റവും മികച്ച പ്രസിഡന്റ് എന്ന തരത്തിലുള്ള ഒരു മുൻകൂട്ടി തയ്യാറാക്കിയ ടെക്സ്റ്റ് മെസ്സേജ് ഒരു നിശ്ചിത നമ്പറിലേക്ക് പോകും. ഈ സന്ദേശം അയക്കുന്നതോടെ ഉപയോക്താക്കളെ ഭരണകൂടത്തിൽ നിന്നുള്ള അലേർട്ടുകൾക്കായി ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യപ്പെടും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.