ബെംഗളൂരു: കർണാടകയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ വനംവകുപ്പ്‌ ഉദ്യോഗസ്ഥരോട് വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെയുടെ നിർദേശം. മലയാളിയുവതി ശരണ്യ കഴിഞ്ഞദിവസം ട്രെക്കിങ്ങിനിടെ വനത്തിൽ കുടുങ്ങിയിരുന്നു.

To advertise here,

ഇതിനുപിന്നാലെ ബുധനാഴ്ച ചിക്കമഗളൂരുവിൽ 15-കാരിയായ മലയാളി വിദ്യാർഥിനി ശ്രീനന്ദയെ കാണാതായിട്ട് തിരച്ചിൽ തുടരുകയുമാണ്. ഇതേത്തുടർന്നാണ് കൂടുതൽ സുരക്ഷാനടപടികൾക്ക് മന്ത്രിയുടെ അടിയന്തര ഇടപെടൽ. കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‌ ഇതുസംബന്ധിച്ച് രേഖാമൂലം നിർദേശംനൽകി.

കർണാടകയിൽ ട്രെക്കിങ്ങിനെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടിക്ക് മന്ത്രി നിർദേശിച്ചു. കൂടാതെ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കും. ഈ ആപ്പ് താത്കാലികമായി മലകയറുന്നവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾചെയ്യണം. വഴിതെറ്റുന്നവരെ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കാനുള്ള ആപ്പാണ് വികസിപ്പിക്കുക. ഗൈഡുകൾക്ക് വയർലെസ് കമ്യൂണിക്കേഷൻ സെറ്റുകൾ ഏർപ്പെടുത്തും.

അവരുടെ മേൽനോട്ടത്തിലുള്ള സഞ്ചാരികളുടെ സുരക്ഷയ്ക്കും ഏകോപനത്തിനും അവർ പൂർണ ഉത്തരവാദികളായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ശരണ്യയെ വനത്തിൽ കാണാതായത് വൻ വാർത്തയായതിനെത്തുടർന്ന് തടിയൻഡമോൾ മലയിൽ ട്രെക്കിങ്ങിന്‌ താത്കാലികനിരോധനം ഏർപ്പെടുത്തിയിരുന്നു.

ഏപ്രിൽ 11 വരെ പാതകൾ അടച്ചിടാനാണ് തീരുമാനം. കൂടാതെ കർണാടകയിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും വൻ ചർച്ചയായിരിക്കയാണ്. സന്ദർശകരിൽനിന്ന് ഫീസ് വാങ്ങിയിട്ടും സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിലൊരുക്കുന്നില്ലെന്നാണ് വിമർശനം.

ഇതേത്തുടർന്നാണ് അടിയന്തരമായി ട്രെക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ മന്ത്രിയുടെ നിർദേശം.