
ഇന്ന് ലോക വന്യജീവി ദിനം. പ്രകൃതിയെന്ന വിസ്മയ ലോകവും വൈവിധ്യമാര്‍ന്ന സസ്യ-ജീവിസമ്പത്തും സംരക്ഷിക്കണമെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്ന ദിനം. മനുഷ്യന്‍ മെരുക്കി വളര്‍ത്താത്ത ജീവികളുടെയും നട്ടുവളര്‍ത്താത്ത സസ്യങ്ങളെയുമാണ് വന്യജീവി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ലാസ്മ മുതല്‍ ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെയുള്ള ചെറുതും വലുതുമായ എല്ലാ ജീവികളും അതില്‍ വരും. ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ല, ലോകത്തെ സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിയുക, അവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക, അതിലൂടെ ജൈവവൈവിധ്യത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുക. ഒപ്പം മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്പിന് വനവും വന്യജീവികളും അത്യന്താപേക്ഷിതമാണെന്ന ബോധത്തോടെ ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കുക എന്നതും ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നു.
എന്ത് കൊണ്ട് മാര്‍ച്ച് 3
1992ല്‍ റിയൊ ഡി ജനിവയില്‍ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര സംഭാഷണം നടക്കുകയുണ്ടായി. അന്ന് അംഗീകരിച്ച ജൈവസംരക്ഷണ ഉടമ്പടി നിയമമായതോടെയാണ് വന്യജീവി സംരക്ഷണം ലോകവ്യാപകമായി പ്രാധാന്യം നേടിയത്. ഒരു പതിറ്റാണ്ട് കഴിഞ്ഞ്, 2013 ഡിസംബറില്‍ ചേര്‍ന്ന യു.എന്‍. പൊതുസഭയുടെ 68ാമത് സമ്മേളനത്തിലാണ് മാര്‍ച്ച് മൂന്ന് വന്യജീവി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്.
സസ്യ- ജന്തുജാലങ്ങളുടെ വ്യാപാരം അവയുടെ നിലനില്‍പിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്താന്‍ വിവിധ രാജ്യങ്ങള്‍ സിഐടിഇഎസ് (കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേയ്ഡ് ഇന്‍ എന്‍ഡേയ്‌ഞ്ചേഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്ളോറ) എന്ന കരാറി(1973)ല്‍ ഒപ്പുവെച്ച ദിനമാണ് മാര്‍ച്ച് 3.
യുദ്ധം മനുഷ്യരെ മാത്രമല്ല വന്യജീവികളെയും ബാധിക്കും
ഇത്തവണത്തെ ലോക വന്യജീവി ദിനം എത്തിനില്‍ക്കുന്നത് റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ കൂടിയാണ്. യുദ്ധവും ആഭ്യന്തരസംഘര്‍ഷവും മനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും ബാധിക്കും. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം മുന്‍പും കണ്ടിട്ടുണ്ട്. അമേരിക്ക വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് എന്ന രാസായുധം ഉപയോഗിച്ചതുമൂലം ചത്തൊടുങ്ങിയ ജീവജാലങ്ങള്‍ക്കു കണക്കില്ല. 1977 തൊട്ട് 1992 വരെ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ ആഭ്യന്തരയുദ്ധം ശക്തമായപ്പോള്‍ രാജ്യത്തെ ജിറാഫുകളും ആനകളും 90 ശതമാനം ഇല്ലാതായി. ഉഗാണ്ടയിലെ ക്രൈസ്തവ ഭീകരസംഘടനയായ ലോഡ്സ് റസിസ്റ്റന്‍സ് ആര്‍മി സജീവമായിരുന്ന കാലത്ത് രണ്ടിനം കൃഷ്ണമൃഗങ്ങളാണ് പറ്റേ അപ്രത്യക്ഷമായത്.

ആഭ്യന്തര കുഴപ്പങ്ങള്‍ കൂടുതലുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രണ്ടു വിഭാഗങ്ങളുടെ പോരാട്ടം വന്യമൃഗമേഖലകളെ സാരമായി ബാധിക്കുന്നു എന്നാണ് ഒരു പഠനത്തില്‍ വ്യക്തമായത്. കുഴിബോംബുകളും നാടന്‍ബോംബുകളും മൃഗങ്ങളെ കൊല്ലുന്നു. മാംസത്തിനും ആനക്കൊമ്പിനും മൃഗങ്ങളുടെ നഖം, പല്ല് എന്നിവയ്ക്കുമായി സായുധ സംഘങ്ങള്‍ കാട്ടിലിറങ്ങുന്നു. വനമൃഗങ്ങളുടെ എണ്ണത്തില്‍ കുറവു വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളാണ്. സമൂഹത്തെ മൊത്തം ബാധിക്കുന്ന അരക്ഷിതാവസ്ഥ മൃഗങ്ങളെയും ബാധിക്കുന്നുവെന്ന് ചുരുക്കം.
2022ലെ സന്ദേശം-ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ജീവിവര്‍ഗങ്ങളെ വീണ്ടെടുക്കുക
ഓരോ വര്‍ഷവും ലോക വന്യജീവി ദിനം ആചരിക്കുന്നതിനായി ഓരോ ആശയങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ജീവിവര്‍ഗങ്ങളെ വീണ്ടെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിച്ച് അവ ലോകത്ത് നിന്ന് അപ്രത്യക്ഷമാവുന്ന പ്രതിഭാസം ഇല്ലാതാക്കാനാണ് പ്രമേയത്തിലൂടെ യുഎന്‍ ആഹ്വാനം ചെയ്യുന്നത്.
ഏകദേശം 160 കോടി ജനങ്ങള്‍ ഭക്ഷണം, മരുന്ന്, ആരോഗ്യം, ഇന്ധനം, പാര്‍പ്പിടം, വസ്ത്രം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ജൈവവൈവിധ്യത്തെ ആശ്രയിക്കുന്നു. ചുരുക്കത്തില്‍ ജീവജാലങ്ങളുടെ തുടര്‍ച്ചയായ നാശവും ആവാസവ്യവസ്ഥകളുടെ തകര്‍ച്ചയും മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കും. അതിനാല്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച് കൊണ്ടുള്ള സുസ്ഥിരമായ ഭാവിയായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും സിഐടിഇഎസ് സെക്രട്ടറി ജനറല്‍ ഇവോണ്‍ ഹിഗ്യൂറോ ഈ വര്‍ഷത്തെ പ്രമേയം പ്രഖ്യാപിക്കവേ വ്യക്തമാക്കിയിരുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, പട്ടിണി ഇല്ലായ്മ ചെയ്യല്‍, സുസ്ഥിര ഉപഭോഗവും ഉത്പാദന രീതികളും ഉറപ്പാക്കുക, ജലജീവികളുടെ സംരക്ഷണം, ഭൗമജീവിതം സുഖകരമാക്കല്‍ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടും ആവാസ വ്യവസ്ഥ പുനസ്ഥാപിക്കല്‍ (2021-2030) ദശകത്തോടും വളരെയധികം ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ ആശയം. ചെമ്പട്ടികയില്‍ ഇടം നേടിയ ജീവി വര്‍ഗത്തിന്റെ സംരക്ഷണ പരിപാടികളാണ് ഇത്തവണ ദിനാചരണത്തിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ നടത്തുക. .





+27
Content Highlights: March 3, World wild life day and it's importance, Russia Ukraine war and wild life, Forest
Published: 03 Mar 2022, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented