ഇന്ത്യൻ വൈൽഡ് ഡോഗ് | By Rohitvarma - [1], CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=110899270
ലോക വന്യജീവി ദിനമാണ് മാർച്ച് മൂന്ന്. ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി ജീവിവര്‍ഗങ്ങളെ വീണ്ടെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക വന്യജീവി ദിന സന്ദേശം. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥ പുനസ്ഥാപിച്ച് അവ ലോകത്ത് നിന്ന് അപ്രത്യക്ഷമാവുന്നത് തടയണമെന്നാണ് പ്രമേയത്തിലൂടെ യുഎന്‍ ആഹ്വാനം ചെയ്യുന്നത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഗോള തലത്തിൽ പുറത്തിറക്കുന്ന പട്ടികയാണ് ചെമ്പട്ടിക അഥവാ റെഡ് ലിസ്റ്റ്. . പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് എന്ന സംഘടനയാണ് പട്ടിക പുറത്തിറക്കുന്നത്.
1964 മുതല്‍ റെഡ് ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്. ഓരോ ജീവിയെയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടികയിൽ തരംതിരിച്ചിട്ടുള്ളത്. വേണ്ടത്ര പഠനം നടക്കാത്ത ജീവിവര്‍ഗ്ഗങ്ങള്‍, വസ്തുതകള്‍ അവ്യക്തമായ സ്പീഷീസുകള്‍, ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയിലുള്ള ജീവികള്‍, സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ സാധ്യതയുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍, ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ, ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിച്ച ജീവികള്‍, വംശനാശം സംഭവിച്ച ജീവികള്‍ എന്നിങ്ങനെയാണ് അവ. ലോകത്ത് 80 ലക്ഷം തരം സസ്യജീവിവര്‍ഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളില്‍ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങള്‍.

ചെമ്പട്ടികയിലെ ഇന്ത്യ, ഭീഷണി നേരിടുന്നത് 1118 ഇനം ജീവിവര്‍ഗ്ഗങ്ങള്‍
ചെമ്പട്ടികയിലെ പുതിയ കണക്ക് പ്രകാരം ഇന്ത്യയില്‍ 93 ഇനം സസ്തനികള്‍, 93 ഇനം പക്ഷികള്‍, 54 ഉരഗ സ്പീഷീസുകള്‍ 75 ഉഭയജീവിവര്‍ഗ്ഗങ്ങള്‍ 235 മത്സ്യ സ്പീഷീസുകള്‍, 7 ഇനം മൊളസ്കുകള്‍, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികള്‍, രണ്ടിനം ഫംഗസുകള്‍, 428 ഇനം സസ്യങ്ങള്‍ തുടങ്ങി 1118 ഇനം ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍ 90 ജന്തുഇനങ്ങളേയും 86 സസ്യഇനങ്ങളേയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളേയും 189 സസ്യഇനങ്ങളേയും ഒരിനം ഫംഗസ് സ്പീഷീസിനേയും വംശനാശഭീഷണി നേരിടുന്നവയായും ആണ് കണക്കാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രാദേശിക സസ്തനി വര്‍ഗങ്ങളില്‍ 49 എണ്ണത്തില്‍ 28 ഉം 74 പക്ഷി ഇനങ്ങളില്‍ 23 ഉം 167 ഉഭയജീവി വര്‍ഗ്ഗങ്ങളില്‍ 70 എണ്ണവും 60 ശുദ്ധജല ഞണ്ടുകളില്‍ മൂന്ന് എണ്ണവും വംശനാശഭീഷണി നേരിടുന്നു.
ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, സിംഹവാലന്‍ കുരങ്ങ്, ഇന്ത്യന്‍ കാട്ടുപോത്ത്, സ്പൂണ്‍ ബില്‍ഡ് സാന്‍ഡ്പൈപ്പര്‍ എന്ന പക്ഷി എന്നിവ ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.

കേരളവും പശ്ചിമഘട്ടവും
കേരളത്തിലും പശ്ചിമ ഘട്ടത്തിലുമായി കാണപ്പെടുന്ന 1850 നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ 205 സ്പീഷീസുകള്‍, അതായത് ഏകദേശം 11 ശതമാനം വംശനാശ ഭീഷണിയിലാണ്. ഇതില്‍ 23 ഇനങ്ങള്‍ തീവ്രമായ വംശനാശ ഭീഷണി നേരിടുന്നു. 90 എണ്ണം വംശനാശ ഭീഷണിയിലാണ്. 92 എണ്ണം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍പ്പെടുന്നു. 98 ശതമാനം മത്സ്യങ്ങളും 87 ശതമാനം ഉഭയജീവികളും ഇന്ത്യന്‍ വന്യജീവി നിയമം (1972) ല്‍ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. മലബാര്‍ സിവെറ്റ് (വെരുക്), സിസ്പ്പാറ ഡേ ജെക്കോ (പല്ലിയിനം), പൊന്മുടിയില് മാത്രം കാണപ്പെടുന്ന സ്മാള്‍ ബുഷ് ഫ്രോഗ്, മൂന്നാര്‍ ബുഷ് ഫ്രോഗ് തുടങ്ങിയ തവളയിനങ്ങള്‍, വാഴച്ചാല്‍ വനപദേശത്ത് കണ്ടുവരുന്ന ചൂരലാമ എന്നിവ കേരളത്തില്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. ആന, കാട്ടുചുണ്ടെലി, നെല്ലെലി, വാലന്‍ ചുണ്ടെലി, ഈനാംപേച്ചി, കടുവ, മുപ്പതോളം മത്സ്യങ്ങള്‍ എന്നിവയും വംശനാശഭീഷണി നേരിടുന്നുണ്ട്. മാക്രോബേക്കിയം ഗുരുദേവീ എന്ന ശുദ്ധജലകൊഞ്ചിനവും വംശനാശസാധ്യതയുള്ള ജീവിയാണ്.

Photo: Hadlee Renjith (MBI Yathra, December 2020
ഇന്ത്യയിലെ സുപ്രധാന വന്യജീവി സംരക്ഷണ പദ്ധതികള്‍
- പ്രോജക്ട് ടൈഗര്‍(1973)
- ആന സംരക്ഷണ പദ്ധതി(1992)

- മുതല സംരക്ഷണ പദ്ധതി(1974)

- കടലാമ പദ്ധതി( 1999)
ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു എന്ന വസ്തുതയെങ്കിലും തിരിച്ചറിഞ്ഞ് വേണം നാം ഈ വന്യജീവി ദിനത്തെ സമീപിക്കാന്‍. ഇത് കേവലം ജീവികളെ ഈ ഭൂമുഖത്ത് നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമല്ല. നമ്മള് ഓരോരുത്തര്‍ക്കും, വരുന്ന തലമുറക്കും നിലനില്ക്കാന് വേണ്ടി കൂടിയാണ് എന്ന ഓര്‍മ്മയില്‍ വേണം അവയുടെ സംരക്ഷണം ഉറപ്പുവരുത്താനും.
Content Highlights: world wild life day, Wild species in the redlist, and the conservation efforts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..