ഗൂഡല്ലൂര്‍: ഒരുകാലത്ത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ക്കൊപ്പമുണ്ട്. കാട്ടുകൊമ്പന്മാരുടെ സൗഹൃദം മുതുമല ആനക്കൊട്ടിലിലെ സന്തോഷം നല്‍കുന്ന കാഴ്ചകളിലൊന്നാണ്.

To advertise here,

മുതുമലക്കാട്ടില്‍ ഒന്നിച്ചുവിഹരിച്ചു ജനവാസകേന്ദ്രങ്ങളിലെത്തി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും ഭീഷണിയായിരുന്ന രണ്ടാനകള്‍ ഇപ്പോള്‍ അനുസരണയുള്ള കുങ്കിയാനകളാണ്. ശ്രീനിവാസനും ചേരമ്പാടി ശങ്കറും. മുമ്പ് വലിയ തലവേദനയായിരുന്നെങ്കിലും ഇപ്പോള്‍ വനംവകുപ്പിന് ഇവര്‍ വലിയ ആശ്വാസമാണ്.

തൊറപ്പള്ളിയിലും പരിസരങ്ങളുമായി തമ്പടിച്ചു ഭീഷണിയായ കാട്ടാനകളെ തുരത്തുന്ന ദൗത്യമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്.

വിഹരിച്ചത് ചേരമ്പാടി പന്തല്ലൂര്‍ മേഖലകളില്‍

പന്തല്ലൂര്‍, ചേരമ്പാടി ഭാഗങ്ങളിലാണ് ശ്രീനിവാസനും ശങ്കറും മുമ്പ് വിഹരിച്ചത്. നാലു ജീവനുകളാണ് ഈ ആനകള്‍ കാരണം നഷ്ടപ്പെട്ടത്. കാട്ടാനകളെ പിടികൂടി തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനം നിരത്തിലിറങ്ങിയതോടെ വനപാലകര്‍ക്ക് നില്‍ക്കപ്പൊറുതിയില്ലാതായി.

2016-ല്‍ ശ്രീനിവാസനേയും 2021-ല്‍ ചേരമ്പാടി ശങ്കറിനെയും മയക്കുവെടിവെച്ച് പിടികൂടി ആനക്കൊട്ടിലിലാക്കി. നല്ല നടപ്പ് പരിശീലിച്ചതോടെ ഇരുവരും മികച്ച കുങ്കിയാനകളായി മാറി. രണ്ടുകൊമ്പന്മാര്‍ ഇപ്പോഴും ആനക്കൊട്ടിലില്‍ ഉറ്റസുഹൃത്തുക്കളാണെന്ന് പാപ്പാന്മാര്‍ പറയുന്നു.