
ബാലുശ്ശേരി: മതിയായ ഭക്ഷണവും പരിചരണവും ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് 'ചെറിയപറമ്പത്ത് ഗോപാലൻ' എന്ന നാട്ടാനയുടെ ഉടമയുടെയും പാപ്പാന്റെയും പേരിൽ വനംവകുപ്പ് കേസെടുത്തു.
ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥന്റെ ഉടമസ്ഥതയിലാണ് ആന. പരിശോധനയിൽ ആനയുടെ നാലുകാലുകളിലും ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. രോഗാവസ്ഥയിലും ആനയെ തടിപിടിത്തത്തിന് കൊണ്ടുപോയതായും ആക്ഷേപമുണ്ട്.
പരാതികളെത്തുടർന്ന് ഒക്ടോബർ ഒൻപത്, പന്ത്രണ്ട് തീയതികളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ബാലുശ്ശേരി ഏകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിക്കുകയായിരുന്നു.
ആനയുടെ ശേഖരിച്ച രക്തസാംപിളുകൾ പൂക്കോട് വെറ്ററിനറി കോളേജിൽ അയച്ചു. പരിശോധനയിൽ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായി. തുടർന്ന് ഒക്ടോബർ 23-ന് വീണ്ടും നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദേശിച്ചിട്ടുള്ള ഭക്ഷണക്രമം നൽകുന്നില്ലെന്നും ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്കു നയിച്ചെന്നും സ്ഥിരീകരിച്ചതോടെ അന്നുതന്നെ ഉടമയുടെയും പാപ്പാന്റെയും പേരിൽ കേസെടുക്കുകയായിരുന്നു.
നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും. കഴിഞ്ഞ ആഴ്ചയെക്കാൾ ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ പറഞ്ഞു.
ക്ഷീണത്തെത്തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി. സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപകാലത്ത് തടിയെടുപ്പിനോ മറ്റ് ഭാരമുള്ള ജോലികൾക്കോ ആനയെ അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ. നീതു (അസിസ്റ്റന്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ കോഴിക്കോട് ), കെ.എൻ. ദിവ്യ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ ) ഡോ. എസ്. ശ്യാം (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ), ഡോ. രഞ്ജിത്ത് ( വെറ്ററിനറി ഓഫീസർ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ), ഡോ. ജിത്തു (വെറ്ററിനറി ഓഫീസർ ബാലുശ്ശേരി) കെ. നിധിൻ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ), ബീറ്റ് ഫോറസ്റ്റ് ഓഫീസർ നീതു പി. തങ്കച്ചൻ, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
Content Highlights: Forest department registered a case against elephant owner C.P. Sathyanathan and the mahout in Balussery., Medical inspections revealed severe malnutrition, fatigue, and chain wounds on all four legs., Blood samples tested at Pookode Veterinary College confirmed lack of proper diet and care., Elephant is currently under the supervision of social forestry officials and veterinary doctors ensuring recovery.
Published: 25 Oct 2026, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented