കൊല്ലം: ‘ഹരിതനഗരം’ പദ്ധതിയുടെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ മിയാവാക്കി വനം പദ്ധതി വിജയം കണ്ടു. പത്തുവർഷംകൊണ്ട്, നടുന്ന മരത്തൈകളെ 100 കൊല്ലത്തെ വളർച്ചയുള്ള സ്വാഭാവിക വനമായി തോന്നിക്കുന്നതാണ് മിയാവാക്കി മാതൃക.

To advertise here,

ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ ഡോ. അകിര മിയാവാക്കിയാണ് മിയാവാക്കി രീതി കണ്ടുപിടിച്ചത്. അഞ്ചുവർഷംമുൻപ് ആശ്രാമം മൈതാനത്ത് റവന്യൂവകുപ്പ് നൽകിയ 20 സെന്റിലായി ഏകദേശം 3,200 തൈകളാണ് നട്ടത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടീൽമിശ്രിതം നിറച്ചാണ് തൈകൾ നട്ടത്. ഇതിൽ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

നൂറോളം ഇനങ്ങളിൽപ്പെട്ട ചെടികളാണ് നട്ടത്. പൊക്കത്തിൽ വളരുന്നവ, അത്ര പൊക്കത്തിലല്ലാത്തവ, കുറ്റിച്ചെടി വിഭാഗത്തിൽപ്പെട്ടവ എന്നിങ്ങനെ വിവിധ തലങ്ങളിൽപ്പെട്ട തൈകളാണ് നട്ടത്. മൂന്നുവർഷത്തെ പരിപാലനച്ചുമതലയടക്കം ഒരു ചതുരശ്ര അടിക്ക് 390 രൂപ എന്ന നിരക്കിൽ കേരള ഇനവേറ്റീവ് കൗൺസിൽ ആണ് പദ്ധതി ഏറ്റെടുത്തു നടപ്പാക്കിയത്. ചുറ്റും വേലികെട്ടി സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാംവർഷത്തിൽ ചെടികൾക്ക് വളപ്രയോഗം നടത്തിയിരുന്നു. തൈകൾ നടുന്നതിനുമുൻപുതന്നെ കുഴികളിൽ ആവശ്യമായ വളം നിറയ്ക്കുന്നതിനാൽ പിന്നീട് പ്രത്യേക വളപ്രയോഗങ്ങളോ പരിപാലനങ്ങളോ ആവശ്യമായി വരുന്നില്ല. വേനലിൽ ഇടയ്ക്കിടെ വെള്ളം നൽകണമെന്നുമാത്രം. ഭൂമിക്കടിയിലുള്ള വെള്ളം സംരക്ഷിക്കുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും മിയാവാക്കിപോലുള്ള ചെറിയ വനങ്ങൾ സഹായിക്കും.

പദ്ധതിയുടെ ഇപ്പോഴത്തെ നടത്തിപ്പുചുമതല ജില്ലാ വിനോദസഞ്ചാരവികസന കൗൺസിലിനാണ്. വനം വകുപ്പ്, വിനോദസഞ്ചാരവകുപ്പ്, ജില്ലാ ഭരണകൂടം, കേരള ഡിവലപ്‌മെന്റ് ആൻഡ് ഇനവേറ്റീവ് സ്ട്രാറ്റെജിക് കൗൺസിൽ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയനായിരുന്നു പദ്ധതിക്ക് സാങ്കേതിക പങ്കാളിത്തം വഹിച്ചത്.

ഹരിതകേരള മിഷന്റെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 2020-ലായിരുന്നു ഉദ്ഘാടനം.