2015 ജൂണിലാണ് കേരളത്തിലെ ആറുനദികളിൽ മണലെടുപ്പ് പൂർണ്ണമായി നിരോധിച്ചത്. അഞ്ചെണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നു. ശേഷം 2018, 2019, 2020, 2021 വർഷങ്ങളിലെ പ്രളയങ്ങളും 2024-ലെ വയനാട് ഉരുൾപൊട്ടലുമടക്കം വലിയ ദുരന്തങ്ങളാണ് നാം കണ്ടത്. മണലെടുപ്പ് നിർത്തിയതാണ് പ്രളയത്തിന് കാരണമെന്ന് വാദിക്കുന്നവർ ഈ സമയക്രമത്തെയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒറ്റനോട്ടത്തിൽ അത് ശരിയാണെന്ന് തോന്നാം.

To advertise here,

എന്നാൽ, നദി എന്നത് മലനിരകൾ മുതൽ കടൽ വരെ നീളുന്ന ഒരൊറ്റ ശൃംഖലയാണ്; അല്ലാതെ ഒരൊറ്റ അളവിലുള്ള ഘടനയല്ല. ഓരോ ഘട്ടത്തിലും വെള്ളത്തെ ഉൾക്കൊള്ളാനും ഒഴുക്കിവിടാനുമുള്ള ശേഷിയാണ് പ്രധാനം. അതുകൊണ്ട് മലനിരകൾ മുതൽ കടൽ വരെയുള്ള ഓരോ ഘട്ടവും പരിശോധിച്ച്, നമ്മുടെ വെള്ളമൊഴുക്കാനുള്ള ശേഷിക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായി പഠിച്ച ശേഷമേ പ്രളയത്തിന് കാരണം മണലെടുപ്പ് മാത്രമാണോ എന്ന് ഉറപ്പിക്കാൻ കഴിയൂ.

വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പ്രധാനമായും രണ്ട് എഞ്ചിനീയറിങ് രീതികളുണ്ട്:

തടഞ്ഞുവെക്കൽ (Storage): വെള്ളം ഒരുമിച്ച് താഴേക്ക് എത്താതിരിക്കാൻ താൽക്കാലികമായി ശേഖരിക്കുക. അണക്കെട്ടുകൾ, പ്രളയപ്രദേശങ്ങൾ, വേമ്പനാട്ട് കായൽ എന്നിവയൊക്കെ ഇതാണ് ചെയ്യുന്നത്.

ഒഴുക്കിക്കളയൽ (Drainage): എത്തിയ വെള്ളം കെട്ടിക്കിടക്കാതെ വേഗത്തിൽ കടലിലേക്ക് വിടുക. നദികളും കനാലുകളും തോട്ടപ്പള്ളി സ്പിൽവേയും ഇതിന് സഹായിക്കുന്നു.

ഇവയ്ക്ക് പുറമേ മൂന്നാമതൊരു ഘടകം കൂടിയുണ്ട്‌പെയ്യുന്ന മഴവെള്ളത്തിൽ എത്രത്തോളം നദികളിലേക്ക് ഒഴുകിയെത്തുന്നു എന്നത്. വെള്ളം ഒരു തോടിലോ കായലിലോ എത്തുന്നതിന് മുമ്പ് തന്നെ ഇത് തീരുമാനിക്കപ്പെടുന്നു. സംഭരണശേഷി കുറഞ്ഞയിടങ്ങളിൽ വെള്ളം തടഞ്ഞുനിർത്താൻ കൂടുതൽ സ്ഥലവും, ഒഴുക്ക് കുറഞ്ഞയിടങ്ങളിൽ വെള്ളത്തിന് തടസ്സമില്ലാതെ പോകാനുള്ള വഴികളുമാണ് വേണ്ടത്. ഇതിൽ ഏതെങ്കിലും ഒരു പരിഹാരം മാത്രം പോരാ. അതുകൊണ്ട്, മലമുകളിലെ നീർത്തടങ്ങൾ മുതൽ കടൽത്തീരത്തെ തോട്ടപ്പള്ളി സ്പിൽവേ വരെ എന്താണ് സംഭവിച്ചതെന്ന് ഓരോന്നായി നോക്കാം.

മലയോര മേഖലകളും നീർത്തടങ്ങളും

മലയോര മേഖലകളിലെ നീർത്തടങ്ങളാണ് പ്രളയ പ്രതിരോധത്തിന്റെ ആദ്യ ഘട്ടം. വെള്ളം മണ്ണിലേക്ക് ഊറിയിറങ്ങുന്നതാണ് പ്രധാനം. മണ്ണൊലിപ്പ് തടയുന്ന വനങ്ങൾ, മണ്ണിന്റെ സ്വഭാവം, കെട്ടിടങ്ങളും റോഡുകളും എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. എന്നാൽ മരംമുറി, ക്വാറികൾ, വൻതോതിലുള്ള നിർമ്മാണങ്ങൾ എന്നിവ കാരണം മണ്ണിലേക്ക് വെള്ളം ഇറങ്ങാനുള്ള ശേഷി വൻതോതിൽ കുറഞ്ഞു.

രണ്ടാമത്തെ ഘടകം മണ്ണിന്റെ ഈർപ്പമാണ്. തുടർച്ചയായ മഴ കാരണം മണ്ണ് കുതിർന്നിരിക്കുകയാണെങ്കിൽ, പുതിയ മഴവെള്ളം താഴേക്ക് ഇറങ്ങാതെ വേഗത്തിൽ ഉപരിതലത്തിലൂടെ ഒഴുകി നദികളിലെത്തും. അതുകൊണ്ടാണ് ഒരേ അളവിലുള്ള മഴ പെയ്താലും മുമ്പത്തെ ദിവസങ്ങളിലെ മഴയുടെ അളവനുസരിച്ച് പ്രളയത്തിന്റെ തീവ്രത മാറുന്നത്. വെള്ളത്തിന്റെ അളവ് മാത്രമല്ല പ്രളയമുണ്ടാക്കുന്നത്. അത് എത്ര വേഗത്തിൽ നദിയിലെത്തുന്നു, എത്ര വേഗത്തിൽ ഒഴുകിപ്പോകുന്നു, ഒപ്പം വിവിധ പോഷകനദികൾ ഒരേ സമയം ഒരിടത്ത് സംഗമിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്.

അണക്കെട്ടുകളുടെ പങ്ക്

അടുത്ത ഘട്ടം അണക്കെട്ടുകളാണ്. കേരളത്തിൽ പ്രധാന നദികളിലായി മുപ്പതോളം വലിയ അണക്കെട്ടുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും വൈദ്യുതി ഉൽപ്പാദനത്തിനോ ജലസേചനത്തിനോ ഉള്ളതാണ്; പ്രളയം തടയാനുള്ളവയല്ല. ഇവിടെ പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളുണ്ട്:

എക്കൽ അടിഞ്ഞു കൂടൽ: അണക്കെട്ടുകൾ നദിയിലൂടെ ഒഴുകിവരേണ്ട മണ്ണും എക്കലും തടഞ്ഞുനിർത്തുന്നു. ഇത് നദികളിൽ മണൽ കുറയാൻ ഇടയാക്കുന്നു.

സംഭരണശേഷി കുറയൽ: അടിഞ്ഞുകൂടുന്ന എക്കൽ അണക്കെട്ടുകളുടെ സംഭരണശേഷി കുറയ്ക്കുന്നു. ഇടുക്കി അണക്കെട്ടിന് ചുറ്റും കാടുകളായതിനാൽ 45 വർഷത്തിനിടെ സംഭരണശേഷിയിൽ വലിയ കുറവുണ്ടായിട്ടില്ല (ഒരു ശതമാനത്തിൽ താഴെ). എന്നാൽ വനനശീകരണവും കൃഷിയും കൂടിയ നെയ്യാർ അണക്കെട്ടിന് 40 വർഷം കൊണ്ട് സംഭരണശേഷിയുടെ നാലിലൊന്നും നഷ്ടപ്പെട്ടു. കേരളത്തിലെ മറ്റ് പല അണക്കെട്ടുകളിലും എത്രത്തോളം എക്കൽ അടിഞ്ഞിട്ടുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ല.

വെള്ളത്തിന്റെ അളവും തുറന്നുവിടലും: വൈദ്യുതിക്കായി അണക്കെട്ടുകളിൽ എപ്പോഴും പരമാവധി വെള്ളം നിറച്ചുനിർത്താറുണ്ട്. കനത്ത മഴ പെയ്യുമ്പോൾ ഇത് വലിയ ആപത്താകും. കാലാവസ്ഥാ പ്രവചനങ്ങൾ പൂർണ്ണമായും കൃത്യമല്ലാത്തതിനാൽ, വരാനിരിക്കുന്ന മഴ മുന്നിൽക്കണ്ട് എപ്പോൾ, എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിക്കുന്നത് പ്രയാസമാണ്. ഇപ്പോഴും പഴയ രീതികളനുസരിച്ചാണ് അണക്കെട്ടുകൾ തുറക്കുന്നത്.

(തുടരും)