ആലപ്പുഴ: ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും കേരളത്തില്‍ പകല്‍ താപനില വര്‍ധിച്ചുവരുന്നു. ഉയര്‍ന്ന ചൂടിനൊപ്പം ഈര്‍പ്പമുള്ള വായുവുമുള്ളതിനാല്‍ അന്തരീക്ഷ താപനിലയെക്കാള്‍ കൂടുതലായിരിക്കും അനുഭവപ്പെടുന്ന താപനില(ഫീല്‍ ലൈക്ക് ടെംപറേച്ചര്‍)യെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതിനാല്‍ വരുംദിവസങ്ങളില്‍ ചൂട് അസഹനീയമായിരിക്കുമെന്നാണു വിലയിരുത്തല്‍. 

To advertise here,

തീരദേശമേഖലകളില്‍ കടലില്‍നിന്നു കാറ്റുവീശുന്നതിനാല്‍, ചൂടുണ്ടെങ്കിലും പൊള്ളുന്ന അവസ്ഥ കുറവായിരിക്കും. എന്നാല്‍, കിഴക്കന്‍മേഖലയിലും ഇടനാട്ടിലും 'പൊള്ളുന്ന ചൂട്' ആയിരിക്കും. മിക്ക ജില്ലകളിലും വരുംദിവസങ്ങളില്‍ ചൂട് സാധാരണയെക്കാള്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനാണു സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാനിരീക്ഷണ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഉഷ്ണതരംഗം വരാനുള്ള സാഹചര്യവും കാലാവസ്ഥാ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. സമതലങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും ആകുമ്പോഴാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. ശനിയാഴ്ച രാജ്യത്തുതന്നെ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ടത് പാലക്കാട്ട് ആയിരുന്നു. 38 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്ത് മാര്‍ച്ചുമുതല്‍ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗം ഉണ്ടാകാറ്. തമിഴ്‌നാട്ടിലും കേരളത്തിലും ഇതു സാധാരണമല്ല. 2016 മുതലാണ് കേരളത്തില്‍ തീവ്രമായ കാലാവസ്ഥാവ്യതിയാനം പ്രകടമായിത്തുടങ്ങിയത്. കേരളത്തില്‍ ആദ്യമായി ഉഷ്ണതരംഗമുണ്ടായതും ആ വര്‍ഷമാണ്.

'ലാ നിന' വന്നു, പക്ഷേ ചൂട് തുടരും

ഭൂമിയെ തണുപ്പിക്കുന്ന 'ലാ നിന' (പസഫിക് സമുദ്രത്തില്‍ താപനില കുറയുന്ന പ്രതിഭാസം) നിലവിലുണ്ടെങ്കിലും ചൂട് തുടരുമെന്നാണ് നിരീക്ഷണം. 'ലാ നിന' മേയ് വരെയുണ്ടാകും. കേരളത്തില്‍ വേനല്‍മഴയ്ക്ക് ഇത് അനുകൂലമാകുമെന്നാണു വിലയിരുത്തല്‍.

ജനുവരിയില്‍ ഇന്ത്യയിലെ പ്രതിമാസ ശരാശരി താപനില ദീര്‍ഘകാല താപനിലയെക്കാള്‍ 0.94 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. 1901-നു ശേഷം ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജനുവരിയായിരുന്നു ഈ വര്‍ഷത്തേത്. 1958, 1990 വര്‍ഷങ്ങളിലെ ജനുവരിയിലാണ് മുന്‍പ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഇക്കുറി ജനുവരിയിലെ തുടര്‍ച്ചയെന്നോണം ഫെബ്രുവരിയിലും ചൂടു കൂടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെയും നിരീക്ഷണം.

വീണ്ടും പൊടിച്ചുഴലി

ചൂടു കൂടിയതിന്റെ ലക്ഷണമായ 'പൊടിച്ചുഴലി' പ്രതിഭാസം സംസ്ഥാനത്ത് പലയിടത്തും കണ്ടുതുടങ്ങി. തൃശ്ശൂര്‍ അമ്മാടം സെയ്ന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കഴിഞ്ഞ ബുധനാഴ്ച പൊടിച്ചുഴലി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ നടക്കാവിലും ഈ പ്രതിഭാസമുണ്ടായി.