ദിവസങ്ങള്‍ക്ക് മുമ്പാണ് ഹവായിയില്‍ ഉടലെടുത്ത കാട്ടുതീ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്തത്. അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യമാണ് കാട്ടുതീക്ക് ആക്കംകൂട്ടിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹവായി ദ്വീപുകളുടെ നാലിലൊന്ന് പ്രദേശങ്ങളിലും അധിനിവേശ സസ്യങ്ങള്‍ കൈയടക്കിയിട്ട് വര്‍ഷങ്ങളായി. ഇത് കാട്ടുതീക്ക് കാരണമാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

To advertise here,

2021 ജൂലൈയിലെ മാവി സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം  കാട്ടുതീക്ക് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൃഷിയില്ലാത്ത കരിമ്പിന്‍പാടങ്ങളില്‍ ഇത്തരം സസ്യങ്ങളുടെ സാന്നിധ്യം കാട്ടുതീയുടെ തീവ്രത കൂട്ടി. ഈ പ്രദേശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നെങ്കില്‍ സ്ഥിതി ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

placeholder
ഹവായിയിലെ അധിനിവേശ സസ്യ വിഭാ​ഗങ്ങൾ

കന്നുകാലികള്‍ക്ക് തീറ്റ നല്‍കാനും മറ്റുമായി ഹവായിയില്‍  ചില സസ്യവര്‍ഗങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഫൗണ്ടേന്‍ഗ്രാസ്സ്, ഗിനി ഗ്രാസ്സ് തുടങ്ങിയവ അവയില്‍ ചിലതാണ്. ഇതാണ് ഇപ്പോള്‍ വില്ലനായി തീര്‍ന്നിരിക്കുന്നത്. കാട്ടുതീ സാഹര്യങ്ങളോട് ഈ സസ്യ വിഭാ​ഗങ്ങൾ പൊരുത്തപ്പെട്ടതായി പസഫിക് ഫയര്‍ എക്‌സ്‌ചേഞ്ച് (പിഎഫ്എക്‌സ്) റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാട്ടുതീയുടെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, ഇത്രയും തീവ്രതയില്‍ കാട്ടുതീ പടര്‍ന്നതിന് പിന്നില്‍ അധിനിവേശ സസ്യങ്ങളാണെന്നാണ് കരുതപ്പെടുന്നത്.

ഹവായയിലെ തദ്ദേശീയ സസ്യങ്ങളെക്കാള്‍ വേഗതയിലാണ് അധിനിവേശ സസ്യങ്ങള്‍ വളരുന്നത്. തദ്ദേശീയമല്ലാത്ത സസ്യവിഭാഗങ്ങളുടെ സാന്നിധ്യം ഹവായിയില്‍ 25 ശതമാനത്തോളമാണ്. വരണ്ട കാലാവസ്ഥകളിലും ഇവ നന്നായി വളരുന്നു. വളര്‍ത്തുമൃഗങ്ങളെ പ്രദേശത്ത് മേയ്ക്കുന്നതിലൂടെ ഇവയുടെ വ്യാപനം കുറയ്ക്കാമെന്നാണ് കരുതപ്പെടുന്നത്. ഇത് കാട്ടുതീയുടെ തീവ്രത കുറയുന്നതിലേക്കും വഴിവെയ്ക്കും.