ന്യൂഡല്‍ഹി: ചീറ്റകളെ സ്വീകരിക്കാനൊരുങ്ങി ഗുജറാത്തിലെ ബന്നി പുല്‍മേടുകള്‍. രാജ്യത്തെത്തിയ ചീറ്റകളെ പാര്‍പ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ബന്നി പുല്‍മേടുകളില്‍ സജ്ജമാക്കിയതായി അധികൃതര്‍ പ്രതികരിച്ചു. രാജ്യത്ത് ചീറ്റകളെ പുനരധവസിപ്പിക്കാന്‍ തക്കതായ അനുകൂല സാഹചര്യമുള്ള പത്തുപ്രദേശങ്ങളിലൊന്നാണ് ബന്നി പുല്‍മേടുകള്‍. 

To advertise here,

ഇവിടെ ചീറ്റകള്‍ക്കായി ഒരു ബ്രീഡിങ് കേന്ദ്രം ആരംഭിച്ചതായും ചീറ്റകൾ ഇരയാക്കുന്ന വന്യജീവികളുടെ എണ്ണം ഉയര്‍ത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായും വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ചീറ്റകളെത്തിയാല്‍ ആദ്യം പാര്‍പ്പിക്കുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങളും പ്രത്യേക സംരക്ഷണ മേഖലകളും ഇതോടൊപ്പം തയ്യറാക്കിയതായും വനംവകുപ്പ് അറിയിച്ചു. 

സിസിടിവിയും ചീറ്റകള്‍ക്കുവേണ്ടി മാത്രമായി ഒരു വെറ്ററിനറി കേന്ദ്രവും ബന്നി പുല്‍മേടുകളില്‍ തയ്യാറാക്കിയിട്ടുണ്ട്. വെറ്ററിനറി സംഘത്തിന് നിലവില്‍ ചീറ്റകളുള്ള കുനോ ദേശീയോദ്യാനത്തിലാണ് പരിശീലനം നല്‍കുന്നത്. അപകട സാധ്യത കുറയ്ക്കാനായി മറ്റ് വലിയ മാംസഭുക്കുകളായ വന്യജീവികള്‍ ചീറ്റകളുള്ള പ്രത്യേക മേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ വേലികളും സ്ഥാപിച്ചിട്ടുണ്ട്. 

ബന്നി പുല്‍മേടുകള്‍ ചീറ്റകള്‍ക്കായി പൂര്‍ണമായും തയ്യാറായെങ്കിലും ചീറ്റകളെ എപ്പോഴാണ് ഇവിടെയെത്തിക്കുക എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും ചീറ്റ പ്രൊജ്ക്ട് സ്റ്റീറിങ് കമ്മിറ്റിയും ചേര്‍ന്നാകും. 

ബന്നി പുല്‍മേടുകളില്‍ ചീറ്റകളെ എത്തിക്കുന്നതിന് മുന്‍പ് അവയില്‍ ചിലതിനെ മധ്യപ്രദേശിലെ വീരാങ്കണ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ, പുനരധിവാസ കേന്ദ്രമായ വന്‍താരയും ഗുജറാത്ത് വനംവകുപ്പും കൈകോര്‍ത്ത് ബന്നി പുല്‍മേടുകളില്‍ 20 പുള്ളിമാനുകളെയും എത്തിച്ചിരുന്നു. 

വംശമറ്റ് 70 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് ചീറ്റകളെ വീണ്ടും എത്തിച്ചത്. പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി 20 ആഫ്രിക്കന്‍ ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. 2022 സെപ്റ്റംബറില്‍ നമീബിയയില്‍നിന്ന് എട്ടുചീറ്റകളെ എത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 2023 ഫെബ്രുവരിയില്‍ 12 എണ്ണത്തെയും എത്തിച്ചു. ഇവയില്‍ രണ്ടെണ്ണത്തെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലേക്ക് ഏപ്രിലലില്‍ മാറ്റിയിരുന്നു.