ന്യൂഡൽഹി: യമുനാ നദിയിലെ കട്ടിയുള്ള വെളുത്ത വിഷപ്പതയും നുരയും ഇന്ന് ഡൽഹി നിവാസികൾക്ക് പുതുമയുള്ള കാര്യമല്ല. എല്ലാ വർഷവും ഛാഠ് പൂജ സമയത്ത് വ്രതാനുഷ്ഠാനത്തിനെത്തുന്ന ഭക്തർ നദിയിലെ വിഷപ്പരപ്പിൽ ഇറങ്ങി പ്രാർഥന നടത്തുന്ന കാഴ്ചയും പതിവാണ്. എന്നാൽ, ഈ വിഷപ്പത സ്വാഭാവികമല്ലെന്നും ഭാവിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

To advertise here,

നദിയിലെ മലിനീകരണം വർധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് വിഷപ്പത. സ്വാഭാവികമായി ചെടികളുടെയും ഇലകളുടെയും അവശിഷ്ടങ്ങൾ ജീർണിക്കുമ്പോൾ നദികളിൽ ചെറിയ അളവിൽ നുര ഉണ്ടാകാറുണ്ട്. എന്നാൽ, വീടുകളിലും വ്യവസായശാലകളിലും ഉപയോഗിക്കുന്ന സോപ്പുകളിലും ഡിറ്റർജന്റുകളിലുമുള്ള രാസവസ്തുക്കളും നദിയിലേക്ക് ഒഴുക്കുന്ന മലിനജലവുമാണ് യമുനയിലെ വിഷപ്പതയ്ക്ക് പ്രധാന കാരണം. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റുകളാണ് നുരയുണ്ടാകാൻ കാരണമാകുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിൽ തണുപ്പ് കൂടുന്നതോടെ യമുനയിലെ ജലപ്രവാഹം കുറയുന്നു. ഇതോടെ മലിനജലത്തിലെ രാസവസ്തുക്കൾ ഒഴുകിപ്പോകാതെ നദിയിൽ തങ്ങിനിൽക്കും. കാറ്റും ജലപ്രവാഹവും ചേരുമ്പോൾ ഇവ കട്ടിയുള്ള വെളുത്ത നുരയായി മാറുന്നു. ഓഖ്‌ല ബാരേജിന് താഴെയുള്ള കാളിന്ദി കുഞ്ജ് മേഖലയിലാണ് യമുനയിലെ വിഷനുര കൂടുതലായി കാണപ്പെടുന്നത്. വെള്ളം ശക്തിയായി തളിച്ച് നുര താൽക്കാലികമായി കുറയ്ക്കാൻ കഴിയുമെങ്കിലും മലിനീകരണത്തിന്റെ ഉറവിടം തടയാതെ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല.

മലിനീകരണം നദിയിലെ ജലജീവികളെയും ഗുരുതരമായി ബാധിക്കുന്നു. വെള്ളത്തിലെ ഫോസ്ഫേറ്റിന്റെ അളവ് കൂടുന്നത് പായലുകൾ അമിതമായി വളരാൻ കാരണമാകുന്നു. ഇത് വെള്ളത്തിലേക്ക് സൂര്യപ്രകാശവും ഓക്സിജനും എത്തുന്നത് തടയുന്നു. ഡൽഹിയിൽ ഒഖ്‌ല പാലത്തിന് സമീപം യമുനയിലെ വെള്ളത്തിൽ ലയിച്ച ഓക്സിജന്റെ അളവ് പൂജ്യം മില്ലിഗ്രാം വരെ താഴാറുണ്ട്. ഓക്സിജൻ കുറയുന്നത് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളുടെ നിലനിൽപ്പിന് ഭീഷണിയാണ്.

മലിനീകരണം കുറയ്ക്കുന്നതിനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിക്കാത്ത സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വിൽപ്പന ഡൽഹി മലിനീകരണ നിയന്ത്രണ സമിതി നിരോധിച്ചിട്ടുണ്ട്. യമുനാ ആക്ഷൻ പ്ലാൻ ഉൾപ്പെടെ നിരവധി ശുദ്ധീകരണ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.

പണം ചെലവഴിച്ചിട്ടും നദിയിലെ മലിനീകരണത്തിന് പരിഹാരം കണ്ടെത്താനായിട്ടില്ലെന്നതിൽ സുപ്രീകോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു. എന്നാൽ, നദി ശുദ്ധീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി ഡൽഹി ജൽ ബോർഡും ഉത്തർപ്രദേശ് ജലസേചന വകുപ്പും തമ്മിൽ തർക്കങ്ങൾ തുടരുകയാണ്.