ന്യൂഡൽഹി: അനധികൃതവും അമിതവുമായ ഭൂഗർഭജല ചൂഷണത്തിന് വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും ഖനനയൂണിറ്റുകൾക്കും ഏർപ്പെടുത്തിവന്ന പാരിസ്ഥിതിക നഷ്ടപരിഹാരത്തുകയിൽ ഒരു വർഷത്തേക്ക് ഇളവനുവദിച്ച് കേന്ദ്രം. ഒറ്റത്തവണ തീർപ്പാക്കലിന്റെ പേരിൽ 30 മുതൽ 75 ശതമാനം വരെയാണ് ഇളവനുവദിച്ചത്. 19 സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങൾക്കാണ് ഇത് ബാധകമാകുക. ഭൂഗർഭജല സ്രോതസ്സുകൾ അമിതമായി ഉപയോഗിക്കാൻ ഖനികളെയും വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തീരുമാനം ദൂരവ്യാപക പാരിസ്ഥിതിക വെല്ലുവിളിയുയർത്തുമെന്ന ആശങ്കയുയർന്നു.
അനുവദനീയ അളവിലും കൂടുതൽ ഭൂഗർഭജലം ഊറ്റിയെടുക്കുന്ന പദ്ധതികൾക്ക് പിഴയിൽ പരമാവധി 75 ശതമാനംവരെ ഇളവ് ലഭിക്കും. എൻ.ഒ.സി. പുതുക്കാൻ വൈകുന്നവർക്ക് 40 മുതൽ 70 ശതമാനം വരെയാകും ഇളവ്. എൻ.ഒ.സി.യില്ലാതെ പ്രവർത്തിക്കുന്നവയ്ക്ക് 30 മുതൽ 60 ശതമാനം വരെ ഇളവ് കിട്ടും. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂഗർഭജലത്തിന്റെ അളവിനനുസരിച്ചാകും ഇളവിന്റെ വ്യാപ്തി നിർണയിക്കപ്പെടുക.
സേഫ്, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, ഓവർ എക്സ്പ്ലോയിറ്റഡ്, സലൈൻ എന്നിങ്ങനെ തിരിച്ചാണ് വ്യവസായയൂണിറ്റുകളെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഭൂഗർഭജല ഉപഭോഗത്തെ നാല് സ്ലാബുകളായി തിരിച്ചാണ് ആനുകൂല്യനിരക്കുകൾ നിശ്ചയിച്ചത്. പ്രതിദിനം 200 കിലോലിറ്ററിൽ താഴെ, 200-ന് മുകളിൽ 1000 കിലോലിറ്ററിന് താഴെ, 1000-ന് മുകളിൽ 5000 കിലോലിറ്ററിന് താഴെ, 5000 കിലോലിറ്ററിന് മുകളിൽ എന്നിങ്ങനെയാണ് സ്ലാബുകൾ.
എൻ.ഒ.സി.യില്ലാത്ത നിലവിലെ പ്രോജക്ടുകളിലെ സേഫ്, സലൈൻ വിഭാഗങ്ങൾക്ക് 60 ശതമാനവും അമിത ചൂഷണം നേരിടുന്ന (5000 കിലോലിറ്ററോ അതിന് മുകളിലോ) യൂണിറ്റുകൾക്ക് 30 ശതമാനവുമാണ് ഇളവ്. എൻ.ഒ.സി. പുതുക്കൽ വൈകിയാൽ സേഫ്, സലൈൻ യൂണിറ്റുകൾക്ക് 70 ശതമാനവും അമിതചൂഷണം നേരിടുന്നവയ്ക്ക് 40 ശതമാനവും ഇളവുണ്ട്. അനുവദനീയ അളവിലുമധികം ഭൂഗർഭജലം ഉപയോഗിക്കുന്ന പദ്ധതികൾക്ക് അവയുടെ സ്ലാബുകൾ തിരിച്ച് 75 മുതൽ 45 ശതമാനം വരെ ഇളവുകളനുവദിക്കും.
Content Highlights: Centre offers 30% to 75% waiver on environmental compensation for illegal groundwater extraction., Applicable to industries, infrastructure projects, and mining units across 19 states and union territories., Concessions vary based on NOC status, delay duration, and daily water consumption volume slabs., Environmentalists raise concerns over long-term ecological challenges due to the eased penalties.
Published: 19 Nov 2026, 07:53 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented