(കേന്ദ്രസർക്കാർ അന്തമാൻ നിക്കോബാറിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതി ഇതിനോടകം വിവാദമായിട്ടുണ്ട്. വൻ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നതാണ് പദ്ധതി.പക്ഷെ ഇതിന് പാരിസ്ഥിതിക അനുമതി ലഭിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര പരിസ്ഥിതിമന്ത്രിയുമായ ജയറാം രമേശ് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്രയാദവിന് അയച്ച കത്തിലെ പ്രസക്തഭാഗങ്ങൾ.)
കേന്ദ്രസർക്കാർ 2026-മേയ് ഒന്നിന് പ്രസിദ്ധീകരിച്ച ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്റ്റ്: എഫ്.എ.ക്യു.’ എന്ന റിപ്പോർട്ടിൽ ‘കൃത്യമായ പരിസ്ഥിതി ആഘാത പഠന(ഇ.ഐ.എ.)പ്രക്രിയയിലൂടെയും വിശദമായ പരിസ്ഥിതി മാനേജ്മെന്റ് പ്ലാനിലൂടെയും (ഇ.എം.പി.) പദ്ധതിയുടെ സാധ്യമായ പാരിസ്ഥിതികാഘാതങ്ങൾ സമഗ്രമായി തിരിച്ചറിയുകയും വിശകലനം ചെയ്യുകയും കൈകാര്യംചെയ്യുകയും ചെയ്തുവരുന്നു’ എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങൾക്ക് 2026 മേയ് മൂന്നിനുതന്നെ ഞാൻ വളരെ വിശദമായ മറുപടി നൽകിയിട്ടുള്ളതാണ്. അങ്ങേയറ്റം പൊതുപ്രാധാന്യമുള്ളതും ഗൗരവമേറിയതുമായ ഈ വിഷയത്തിൽ, 2024 സെപ്റ്റംബറിൽ നമ്മൾ തമ്മിൽ നടന്ന ലിഖിത ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾകൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
തുറമുഖപദ്ധതികൾ, പ്രത്യേകിച്ച് അന്തമാൻ നിക്കോബാർ ദ്വീപുകളിലെ പദ്ധതികൾ സമഗ്രമായ ഇ.ഐ.എ. പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ സവിശേഷമായ ജൈവവൈവിധ്യവും പരിസ്ഥിതിയും കണക്കിലെടുക്കുമ്പോൾ, കാലാനുസൃതമായ മാറ്റങ്ങൾ കൃത്യമായി പഠിക്കുന്നതിനും വിലയിരുത്തുന്നതിനും കുറഞ്ഞത് മൂന്ന് ഋതുക്കളെയെങ്കിലും ഉൾപ്പെടുത്തിയുള്ള ശക്തവും സമ്പൂർണവുമായ ഒരു അടിസ്ഥാനപഠനം (ബേസ്‌ലൈൻ സ്റ്റഡി) ആവശ്യമാണ്.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള തുറമുഖങ്ങൾക്കും ഹാർബറുകൾക്കുമായുള്ള സെക്ടർ സ്പെസിഫിക് ഇ.ഐ.എ. മാന്വൽ പ്രകാരം, സമുദ്രശാസ്ത്രപരമായ വിവരങ്ങൾക്കുപുറമേ കുറഞ്ഞത് രണ്ട് ഋതുക്കളിലെ ഭൗതികവും രാസപരവും ജീവശാസ്ത്രപരവുമായ അടിസ്ഥാനവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്
മേൽപ്പറഞ്ഞ നിബന്ധനകൾക്കുപുറമേ, 2019-ലെ ഐ.സി.ആർ.സെഡ്. വിജ്ഞാപനത്തിലെ ക്ലോസ് 8(i)(സി) പ്രകാരം കുറഞ്ഞതോ മിതമായതോ ആയ തോതിൽ കടലേറ്റം നേരിടുന്ന തീരപ്രദേശങ്ങളിലെ പദ്ധതികൾക്ക് സമഗ്രമായ ഇ.ഐ.എ. നിർബന്ധമാണ്. ഐ.എസ്.ആർ.ഒ. 2021-ൽ നടത്തിയ മാപ്പിങ് പ്രകാരം, ഗലാത്തിയ ബേ തീരത്തിന്റെ ഗണ്യമായ ഭാഗം കടലാക്രമണ ഭീഷണിയുള്ള പ്രദേശമാണെന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ. 2009 ഒക്ടോബർ മൂന്നിലെ ഓഫീസ് മെമ്മോറാണ്ടവും സെക്ടർ സ്പെസിഫിക് മാന്വലും അനുശാസിക്കുന്ന സമഗ്ര ഇ.ഐ.എ. എന്നത് 2019-ലെ ഐ.സി.ആർ.സെഡ്. വിജ്ഞാപനത്തിനു കീഴിലുള്ള നിബന്ധനകളിൽനിന്ന് സ്വതന്ത്രമായിത്തന്നെ നടപ്പാക്കേണ്ട ഒന്നാണ്
ഗുജറാത്ത് സർക്കാർ ഉന്നയിച്ച ‘റാപ്പിഡ് ഇ.ഐ.എ.’ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം നിരസിച്ചുകൊണ്ട്, 2015 മേയ് അഞ്ചിന് ലോക്‌സഭയിൽവെച്ച് അങ്ങയുടെ മുൻഗാമി പ്രകാശ് ജാവഡേക്കർ തുറമുഖപദ്ധതികൾക്ക് സമഗ്രമായ ഇ.ഐ.എ. അനിവാര്യമാണെന്ന കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
എഫ്.എ.ക്യു.വിൽ പരാമർശിച്ചിട്ടുള്ള എല്ലാ റിപ്പോർട്ടുകളും ഞാൻ വായിച്ചെങ്കിലും ‘സമഗ്രമായ ഇ.ഐ.എ. പഠന’വുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ,
• 2022 മാർച്ചിൽ സമർപ്പിച്ച അവസാന ഇ.ഐ.എ.റിപ്പോർട്ടുപ്രകാരം
i). 2020 ഡിസംബർ ഒന്നുമുതൽ 2021 ഫെബ്രുവരി 21 വരെയുള്ള, മൂന്നുമാസം നീണ്ടുനിന്ന ശീതകാലത്താണ് പരിസ്ഥിതിപഠനം നടന്നത്. ഒരു ഋതുമാത്രം നീണ്ടുനിന്ന ഇത്തരം ‘ദ്രുത ഇ.ഐ.എ. പഠനം’ പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്താൻ അപര്യാപ്തമാണെന്ന് നിങ്ങളുടെ മുൻഗാമിതന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്
ii). അന്തിമ ഇ.ഐ.എ. റിപ്പോർട്ടിന്റെ പേജ് സി 3-73 പ്രകാരം, പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും കുറിച്ചുള്ള ‘പെട്ടെന്നുള്ള’ പ്രാഥമിക സർവേ നടത്തിയത് 2020 ഡിസംബർ 14-നും 22-നും ഇടയിലാണ് (പരമാവധി 9 ദിവസം)
iii). ലെതർബാക്ക് ആമകളെക്കുറിച്ചുള്ള പ്രാഥമിക സർവേ നടത്തിയത് 2021 ഫെബ്രുവരി 12 മുതൽ 18 വരെയാണ് (പരമാവധി 7 ദിവസം)
iv). ഇടതൂർന്നതും കടന്നുചെല്ലാൻ പ്രയാസമുള്ളതുമായ വനങ്ങൾ ആയതിനാൽ, ഏകദേശം 45 കിലോമീറ്റർ ദൈർഘ്യമുള്ള ‘ക്യാമ്പ്‌ബെൽ - ഇന്ദിരാ പോയിന്റ് പാതയുടെ ഇരുവശങ്ങളിലും നാല് ദിവസത്തേക്ക് ഒരു ദ്രുത നിരീക്ഷണ സർവേ നടത്തിയെന്നും ജനവാസ മേഖലകളിലൊഴികെ ഇത് തീവ്രമായിരുന്നില്ല’ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
v). സ്ഥലനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഇതുവരെ വെളിപ്പെട്ട കാര്യങ്ങൾ അപൂർണമാണെന്നും മറഞ്ഞിരിക്കുന്നവ ഇതിലും മൂല്യവത്തായേക്കാമെന്നും ഇ.ഐ.എ. റിപ്പോർട്ടുതന്നെ സമ്മതിക്കുന്നു
• സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച ‘റിപ്പോർട്ട് ഓൺ ദി ഹോളിസ്റ്റിക് ഡിവലപ്‌മെന്റ് ഇൻ ഗ്രേറ്റ് നിക്കോബാർ ഐലൻഡ് ആൻഡ് കൺസർവേഷൻ ഓഫ് ഐലൻഡ് ഫോണൽ ഡൈവേഴ്‌സിറ്റി’ എന്ന റിപ്പോർട്ടിൽ പറയുന്നത് ഇത് 2021 ഫെബ്രുവരിമുതൽ മാർച്ചുവരെയുള്ള കാലയളവിൽ ശേഖരിച്ച അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നാണ്
• വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൽകിയ ‘ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ കടലാമകളുടെ പ്രജനനകേന്ദ്രങ്ങളുടെ പരിസ്ഥിതിലോലതയെക്കുറിച്ചുള്ള വിലയിരുത്തൽ’ എന്ന റിപ്പോർട്ടിൽ, ഇത് 2021 ഏപ്രിൽ 14 മുതൽ 19 വരെ നടത്തിയ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ‘റാപ്പിഡ് അസസ്‌മെന്റ് സ്റ്റഡി’ ആണെന്ന് വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതി നൽകുന്നതിന് ആധാരമാക്കിയ ഈ പഠനങ്ങൾ ഏതാനും ദിവസങ്ങളോ ആഴ്ചകളോമാത്രം നീണ്ടുനിന്ന വിവരശേഖരണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അങ്ങേയറ്റം അപൂർണവും അപര്യാപ്തവുമായ, ശാസ്ത്രലോകത്തെ അപഹസിക്കുന്ന ഈ റിപ്പോർട്ടുകൾ ഇ.ഐ.എ. പ്രക്രിയയെത്തന്നെ പരിഹാസ്യമാക്കുന്നു. എഫ്.എ.ക്യൂവിൽ അവകാശപ്പെടുന്ന ‘സമഗ്രമായ പഠനങ്ങളും വിശദമായ വിലയിരുത്തലുകളും ശക്തമായ ഇ.ഐ.എ, ഇ.എം.പി.’ എന്നിവ കണ്ടെത്താൻ ഞാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.
അനുമതിയിലെ നടപടിക്രമങ്ങളിൽ ‘ഉത്തരം ലഭിക്കാത്ത പോരായ്മകൾ’ ഉണ്ടെന്ന് നിരീക്ഷിക്കുകയും പരിസ്ഥിതി അനുമതി പുനഃപരിശോധിക്കുന്നതിനായി ഒരു ഉന്നതാധികാര സമിതി (എച്ച്.പി.സി.) രൂപവത്‌കരിക്കാൻ നിർദേശിക്കുകയും ചെയ്ത 2023 ഏപ്രിൽ മൂന്നിലെ എൻ.ജി.ടി. വിധിയും ഞാൻ വായിക്കുകയുണ്ടായി. എന്നാൽ, എൻ.ജി.ടി. ഉത്തരവുപ്രകാരം രൂപവത്‌കരിച്ച ഉന്നതാധികാരസമിതിയുടെ ചർച്ചകളും റിപ്പോർട്ടും രഹസ്യമാണെന്നാണ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 2026 ഫെബ്രുവരി 16-ലെ തുടർന്നുള്ള വിധിന്യായമാകട്ടെ, ഈ റിപ്പോർട്ട് കോടതി രേഖകളുടെ ഭാഗമാക്കാതെ റിപ്പോർട്ടുമായി ബന്ധപ്പെട്ട സമിതിയുടെ നിഗമനങ്ങളെമാത്രം ആധാരമാക്കിയുള്ളതാണ്
ഉന്നതാധികാരസമിതിയുടെ റിപ്പോർട്ട് രഹസ്യമാണെന്ന മന്ത്രാലയത്തിന്റെ വാദത്തിനുപിന്നിലെ യുക്തിയോ നിയമസാധുതയോ എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ സ്ഥിരമായി നൽകുന്ന സുതാര്യത, ഉത്തരവാദിത്വം എന്നീ ഉറപ്പുകൾക്ക് കടകവിരുദ്ധമാണിത്. യഥാർഥ പാരിസ്ഥിതികാനുമതി പ്രക്രിയ പൊതുമധ്യത്തിൽ ലഭ്യമായിരിക്കേ കോടതിനിർദേശപ്രകാരം നടന്ന പുനഃപരിശോധനയുടെ ഫലം രഹസ്യമാണെന്ന് വാദിക്കുന്നത് നിയമപരമാണോ? സുതാര്യമായ ഭരണനിർവഹണത്തിന്റെയും അറിവോടെയുള്ള പൊതുജനചർച്ചകളുടെയും താത്പര്യം മുൻനിർത്തി, ദയവായി ഈ റിപ്പോർട്ട് പരസ്യപ്പെടുത്തുക
ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ ജൈവവൈവിധ്യം ആഗോളതലത്തിൽത്തന്നെ സവിശേഷമാണെന്നും സമയാസമയങ്ങളിൽ പുതിയ കണ്ടെത്തലുകൾ അവിടെ നടന്നുകൊണ്ടിരിക്കുകയാണെന്നും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിൽ നടക്കാനിരിക്കുന്ന വികസനപദ്ധതിയിലൂടെ നശിപ്പിക്കപ്പെടുന്നത് ഈ അതുല്യമായ ആവാസവ്യവസ്ഥയാണ്. ‘പകരം വനവത്‌കരണം’ എന്ന വാദം തികച്ചും വ്യാജമാണെന്ന് താങ്കൾക്കും അറിയാവുന്നതാണ്. ഇത്തരം പാരിസ്ഥിതിക നാശങ്ങൾ വരുത്താതെത്തന്നെ രാജ്യത്തിന്റെ അത്യന്താപേക്ഷിതമായ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് സുരക്ഷാ വിദഗ്ധർതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ പദ്ധതി ഒരിക്കൽക്കൂടി പുനഃപരിശോധിക്കാൻ ഞാൻ താങ്കളോടഭ്യർഥിക്കുകയാണ്.
Content Highlights: Critique of the inadequate 'Rapid EIA' methodology used for the Great Nicobar Project., Requirement for multi-seasonal baseline studies as per official ministry manuals., Concerns regarding the secrecy of the High-Powered Committee report mandated by the NGT., Urgent call for transparency and the protection of unique island biodiversity., Evidence that national security needs can be met without irreversible ecological damage.
Published: 11 May 2026, 05:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented