ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി യൂറോപ്പ്. ജൂൺ 21 മുതൽ യൂറോപ്പിൽ അനിയന്ത്രിതമായി ചൂട് ഉയർന്ന സാഹചര്യത്തിൽ, ഇതുമൂലം 1,300-ലധികം ആളുകൾ മരിച്ചതായാണ് കണക്കുകൾ. ഏകദേശം 15 കോടി ജനങ്ങൾ നിലവിൽ ഉയർന്ന ചൂടിന്റെ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയായ 'സാന്റെ പബ്ലിക് ഫ്രാൻസ്' അറിയിച്ചു.
നഗരത്തിലെ വെന്തുരുകിയ ട്രാം ട്രാക്കിലൂടെയുള്ള ഗതാഗതവും ചുട്ടുപൊള്ളുന്ന റോഡിലൂടെ സഞ്ചരിക്കുന്ന കാൽനടക്കാരുടെ ചെരുപ്പുകളും വാഹനത്തിൻ്റെ ടയറുകളും ഉരുകിയൊട്ടുന്നതിൻ്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അന്തരീക്ഷ താപനിലയിൽ ചോക്ലേറ്റ് ഉരുകുന്നതും പാനിൽ മുട്ട പാചകം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഫ്രാൻസിൽ രണ്ടാഴ്ചക്കിടെ ഇരുനൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ 85 ശതമാനവും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മധ്യ യൂറോപ്പിലെ പല രാജ്യങ്ങളിലും താപനില റെക്കോർഡുകൾ ഭേദിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ 41.9 ഡിഗ്രി സെൽഷ്യസും ജർമനിയിലെ നൈസെമുൻഡെയിൽ 41.7 ഡിഗ്രി സെൽഷ്യസും പോളണ്ടിൽ 40.5 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഹംഗറിയിലും താപനില റെക്കോർഡ് നിലവാരത്തിലെത്തി. ബർലിനിൽ റോഡ് തണുപ്പിക്കാൻ പോലീസ് വാട്ടർ കാനനുകൾ ഉപയോഗിച്ചു.
യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ദുരിതം തുടരുകയാണ്. യുക്രൈനിലെ റിവ്നെ മേഖലയിൽ ചൂട് കാരണം വൈദ്യുതി ഗ്രിഡുകളിൽ സമ്മർദം കൂടിയതിനെത്തുടർന്ന് പവർ കട്ട് ഏർപ്പെടുത്തി. ജർമനിയിലെ ലെയ്പ്സിഗിൽ ചൂട് കാരണം ട്രാം ട്രാക്കുകൾ ഉരുകി ഗതാഗതം തടസ്സപ്പെട്ടു. ജർമനിയിലെ വനങ്ങളിൽ കാട്ടുതീ പടരുകയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ കാടുകളിൽ അവശേഷിക്കുന്നത് തീ അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്.
കഠിനമായ ചൂടിന് പിന്നാലെ ഉണ്ടായ മിന്നലിൽ സ്വീഡനിലെ അമ്യൂസ്‌മെന്റ് പാർക്കിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡെന്മാർക്കിൽ ഒരു ദിവസത്തിൽ പലയിടങ്ങളിലായി 1,100-ലധികം മിന്നലുകളാണ് ഉണ്ടായത്.
കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിസന്ധികൾക്കെല്ലാം കാരണമെന്നും ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകാലങ്ങളെ അപേക്ഷിച്ച് 200 മടങ്ങ് വർധിച്ചതായും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുന്നുവെന്ന് മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു.
Content Highlights: Europe is warming twice as fast as the global average., Over 150 million people are at risk from extreme heat., Infrastructure like tram tracks and public facilities are failing under record temperatures., France reports over 1,000 excess deaths since Wednesday., Energy grids in Ukraine are under severe strain due to high demand.
Published: 30 Jun 2026, 02:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented