കാലാവസ്ഥാ വ്യതിയാനം വിവിധ മേഖലകളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന കടുത്ത ചൂടും തണുപ്പും അടക്കമുള്ള പ്രതികൂലാവസ്ഥകൾ കുട്ടികളുടെ ഒന്നരവർഷത്തെ സ്കൂൾദിനങ്ങൾ വരെ നഷ്ടമാക്കിയേക്കാമെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്.

To advertise here,

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ പലതും കാലാവസ്ഥാ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരവധി പഠനദിവസങ്ങൾ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കുറഞ്ഞത് 75 ശതമാനം തീവ്ര-പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ സ്‌കൂള്‍ അടച്ചിട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

1969-നും 2012-നും ഇടയിൽ, 29 രാജ്യങ്ങളിലെ ജനസംഖ്യയും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങളും ബന്ധിപ്പിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്, വധിച്ച ചൂട് തെക്കുകിഴക്കന്‍ ഏഷ്യയിൽ വിദ്യാര്‍ഥികളുടെ പഠനമികവിനെ വലിയതോതിൽ ബാധിക്കുന്നുണ്ടെന്നാണ്. ഉയര്‍ന്ന താപനില ചൈനയില്‍ വിദ്യാര്‍ഥികളുടെ പരീക്ഷയിലെ മികവിനെ ബാധിച്ചു. വികസിത രാജ്യമായ അമേരിക്കയിലും ഉയര്‍ന്ന താപനില വിദ്യാര്‍ഥികളെ വയ്ക്കുന്നുണ്ട്. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ സ്‌കൂള്‍ ദിനങ്ങളെ ബാധിക്കുന്നതിനൊപ്പം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. 

2013-ലെ പ്രളയത്തില്‍ ജക്കാര്‍ത്തയില്‍ സ്‌കൂളുകള്‍ നശിച്ചതിനൊപ്പം പല സ്‌കൂളുകളും ക്യാംപുകളായിട്ടാണ് പ്രവര്‍ത്തിച്ചത്. പ്രളയത്തില്‍ സ്‌കൂളുകള്‍ തകര്‍ന്ന സംഭവത്തിനൊപ്പം കുട്ടികളുടെയും അധ്യാപകരുടെയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ കാലാവസ്ഥാ സംബന്ധമായ ഉയര്‍ന്ന ഭീഷണി നേരിടുന്നതായ 33 രാജ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

യുനെസ്‌കോയുടെ ഗ്ലോബല്‍ എജ്യുക്കേഷന്‍ മോണിറ്ററിങ് (ജിഇഎം) സംഘവും മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേറ്റിങ് ക്ലൈമറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ (എംഇസിസിഇ) പ്രൊജക്ടും കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസ്‌കാച്ച്‌വെന്നും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.