
സസ്യശാസ്ത്ര ലോകത്തിന് മൂന്ന് പുതിയ സസ്യങ്ങളെ കൂടി പരിചയപ്പെടുത്തി മലയാളി ഉള്‍പ്പെട്ട ഗവേഷകസംഘം. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അരുണാചല്‍ പ്രദേശ് റീജണല്‍ സെന്ററില്‍ സീനിയര്‍ പ്രിസര്‍വേഷന്‍ അസിസ്റ്റന്റും മലയാളിയുമായ അക്ഷത് ഷേണായ് ഉള്‍പ്പെട്ട സംഘമാണ് രണ്ട് ഇനങ്ങളിലായുള്ള മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന വടക്കു-കിഴക്കന്‍ ഹിമാലയ നിരകളിലെ വനപ്രദേശങ്ങളില്‍ 2022 മുതല്‍ പല തവണകളിലായി നടത്തിയ സര്‍വേകളാണ് പുതിയ സസ്യങ്ങളെ കണ്ടത്തുന്നതിന് വഴിയൊരുക്കിയത്. ഗാര്‍ഡന്‍ പ്ലാന്റുകളായി ഉപയോഗിക്കുന്ന വിഭാഗത്തിലുള്ളതാണ് ഈ സസ്യങ്ങള്‍ എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമെ ഇവയുടെ കൂടുതല്‍ സവിശേഷതകള്‍ കണ്ടെത്താന്‍ ആവുകയുള്ളൂ.
പുതിയതായി കണ്ടെത്തിയവയില്‍ രണ്ടു സസ്യങ്ങള്‍ ജെസ്നറിയേസിയേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ്. ഏസ്‌ക്കിനാന്‍ന്തസ് മവോയി, പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്നിങ്ങനെയാണ് ഈ സസ്യങ്ങള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്. പടര്‍ന്ന വള്ളികളില്‍ ചുവന്ന നിറത്തിലുള്ള പൂക്കളോടുകൂടി കാണപ്പെടുന്നതാണ് ഏസ്‌ക്കിനാന്‍തസ് മവോയി. എസ്‌കിനാന്തസ് ജനുസ്സില്‍പ്പെട്ട ചില സ്പീഷിസുകളെ ലിപ്സ്റ്റിക് സസ്യങ്ങള്‍ എന്നും വിളിക്കാറുണ്ട്. ദിബംഗ് വാലി ജില്ലയിലെ ഹുന്‍ലി പ്രദേശത്ത് നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. എ.എ. മാവോയുടെ ബഹുമാനാര്‍ഥമാണ് സസ്യത്തിന് മവോയി എന്ന വിളിപ്പേര് നല്‍കിയിട്ടുള്ളത്. അക്ഷതും ബി.എസ്.ഐയിലെ തന്നെ ശാസ്ത്രജ്ഞനായ മാനസ് രഞ്ജന്‍ ദേബ്ത, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബോട്ടണി മേധാവി ഡോ. സന്തോഷ് നമ്പി, റിസര്‍ച്ച് സ്‌കോളര്‍ ആയ എം.കെ. അഖില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിന് പിന്നില്‍.
പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സസ്യം വെസ്റ്റ് കമെങ് ജില്ലയിലെ മന്‍ഡ്ല എന്ന പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ചെറിയ നീല പൂക്കള്‍ ഉള്ള ഈ ചെടി സാധാരണയായി നനവുള്ള പാറകളുടെ മുകളില്‍ പറ്റിപ്പിടിച്ച് വളരുന്നവയാണ്. അക്ഷതിനുപുറമെ ബി.എസ്.ഐയിലെ ശാസ്ത്രജ്ഞ ഡോ. കൃഷ്ണ ചൗളു, പ്രോജക്ട് ഫെല്ലോ അജിത്ത് റെ എന്നിവര്‍ ആണ് പെട്രോകോസ്മിയ സസ്യം കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച അംഗങ്ങള്‍.
ഫ്രൈമേസിയേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സിര്‍ട്ടാന്‍ഡ്രോമോയിയ സുധാന്‍സൂയിയാണ് മൂന്നാമത്തെ സസ്യം. വെസ്റ്റ് കമെങ്ങ് ജില്ലയിലേ മുന്ന ക്യാമ്പിന് സമീപമാണ് ഇവ കണ്ടെത്തിയത്. കിഴക്കന്‍ ഹിമാലയ മേഖലയിലെ സസ്യ-വൈവിധ്യ പഠനങ്ങളിലും പരിസ്ഥിതി ശാസ്ത്രത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രഞന്‍ ഡോ. സുധാന്‍ശൂ ശേഖര്‍ ദാസിന്റെ പേരാണ് സസ്യത്തിനിട്ടിരിക്കുന്നത്. ഡോ. കൃഷ്ണ ചൗളു, റഷ്യയില്‍ നിന്നുള്ള മക്സിം നുറലേവ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
എറണാകുളം വരാപ്പുഴ സ്വദേശിയായ അക്ഷത് ഷേണായ് മൂന്ന് സസ്യങ്ങളെയും കണ്ടെത്തുന്ന സര്‍വേകളിലും അംഗമായിരുന്നു. ആലൂവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അക്ഷത്, ശേഷം രണ്ടുവര്‍ഷത്തോളം മല്യങ്കര എസ്.എന്‍.എം. കോളേജിലും ഒരു വര്‍ഷത്തോളം കേരള വനഗവേഷണ കേന്ദ്രത്തിലും താത്കാലികമായി ജോലി ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് റീജിയണല്‍ സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചത്. ധനലക്ഷ്മിയാണ് ഭാര്യ.
Content Highlights: botanical survey of india three new plant species from arunachal pradesh india akshat shenoy
Published: 17 Jul 2024, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented