2023-ല്‍ ആഗോളതലത്തില്‍ കാലാവസ്ഥാ സംബന്ധമായ ദുരിതങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യയിലെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യു.എം.ഒ) റിപ്പോര്‍ട്ട്. 'സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് ഇന്‍ ഏഷ്യ 2023' റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. സമുദ്രോപരിതലത്തിലെ താപനില പോലും റെക്കോഡിലെത്തിയ സംഭവങ്ങള്‍ക്കും ഏഷ്യ സാക്ഷിയായി. 2023-ല്‍ ഇതുമായി ബന്ധപ്പെട്ട 79 ദുരന്തങ്ങളാണ് ഏഷ്യയിലുണ്ടായത്.

To advertise here,

മിന്നല്‍പ്രളയം, വരള്‍ച്ച, ഉഷ്ണതരംഗം, കടുത്ത മഞ്ഞുവീഴ്ച പോലുള്ള സംഭവങ്ങളാണ്‌ പട്ടികയിൽ ഉൾപ്പെടുക. ഇത്തരത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ 80 ശതമാനത്തിലധികവും പ്രളയങ്ങളും കൊടുങ്കാറ്റുകളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,000-ത്തിലധികം മരണങ്ങളുമുണ്ടായി.

2023-ല്‍ ഏഷ്യയിലെ പല സ്ഥലങ്ങളും റെക്കോഡ് താപനില നേരിടേണ്ടതായും വന്നു. പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം വരള്‍ച്ചാസംഭവങ്ങള്‍, ഉഷ്ണതരംഗങ്ങള്‍ എന്നിവ നിരവധി തവണയുണ്ടായി. കാലാവസ്ഥാ മാറ്റം പല സംഭവങ്ങളുടെയും തീവ്രത കൂട്ടിയതായാണ് ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറല്‍ സെലസ്റ്റ് സോളോ പറയുന്നത്. ആഗോള ശരാശരിയെക്കാള്‍ വേഗത്തിലാണ് ഏഷ്യയില്‍ താപനില ഉയരുന്നത്. ഈ പ്രവണത 1961-1990 മുതലുളള കാലയളവില്‍ ഇരട്ടിയാവുകയും ചെയ്തു.